നല്ല സിനിമകള്‍ വരാത്തതുകൊണ്ട് അഞ്ച് വര്‍ഷം നായകവേഷങ്ങള്‍ താന്‍ വേണ്ടെന്ന് വെച്ചിരുന്നു എന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. അപ്പോഴാണ് സഹനടനായും വില്ലനായും അഭിനയിച്ചതെന്നും നായകനാവുന്നത് നല്ല സിനിമകളിലല്ലെങ്കില്‍ വെറുതെ വില പോകുമെന്നും എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
‘ഇനി ഫാമിലി സിനിമ വേണ്ട ഉണ്ണി, ഇനി ആക്ഷന്‍ സിനിമ ചെയ്യെന്ന് എന്റെ ഏറ്റവും അടുത്ത സിനിമ സുഹൃത്തുക്കള്‍ തന്നെ പറഞ്ഞു. കുറെക്കാലം ആക്ഷന്‍ ചെയ്തപ്പോള്‍ ഫാമിലി സിനിമ ചെയ്യുന്നില്ലല്ലോ എന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. പക്ഷേ എല്ലാം ഞാന്‍ വളരെ പോസിറ്റീവ് സെന്‍സിലാണ് എടുക്കുന്നത്. ഒരു അഭിനേതാവ് എന്ന നിലയില്‍ എല്ലാം ചെയ്യാന്‍ പറ്റുന്നുണ്ടല്ലോ എന്നൊരു കോണ്‍ഫിഡന്‍സ് ഉണ്ടല്ലോ. സിനിമ വിജയിക്കുമ്പോള്‍ മാത്രമേ നമുക്ക് അതിനെ പറ്റി സംസാരിക്കാന്‍ പറ്റുകയുള്ളൂ.
അഞ്ച് വര്‍ഷത്തോളം നായകവേഷം വേണ്ടെന്ന് വെച്ചയാളാണ് ഞാന്‍. വില്ലനായും സഹനടനായും സിനിമകള്‍ ചെയ്യാന്‍ തുടങ്ങി. നായകനായി നല്ല സിനിമകള്‍ ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ ഉള്ള വില പോകുമെന്നല്ലാതെ അതില്‍ ഒരു കാര്യവുമില്ല. കൊവിഡ് എന്നെ സംബന്ധിച്ച് ഒരു റിലീഫ് ആയിരുന്നു. കരിയര്‍ ഒന്ന് അനലൈസ് ചെയ്യാന്‍ പറ്റി. ഏത് തരം സിനിമ ചെയ്യണമെന്ന് ഐഡിയ കിട്ടി.
അഞ്ഞൂറോളം സ്‌ക്രിപ്റ്റ് വായിച്ചിട്ടാണ് മേപ്പടിയാന്‍ ചെയ്യാന്‍ തീരുമാനിച്ചത്. പ്രേക്ഷകര്‍ക്ക് ഭയങ്കരമായി ഇഷ്ടപ്പെടുന്ന സിനിമ ആണത്. ക്രൈം പോലുമില്ലാതെ ഒരാളെ ത്രില്ലടിപ്പിക്കുക എന്നത് നിസാരമല്ല, ആ സ്‌ക്രീന്‍ പ്ലേ അത്രയും നല്ലതായതുകൊണ്ടാണ്. മേപ്പടിയാന്‍ ഒരു ത്രില്ലര്‍ സിനിമയാണെന്ന് എല്ലാവരും പറഞ്ഞു. പക്ഷേ ത്രില്ലര്‍ എന്ന് പറയുമ്പോള്‍ അതില്‍ ഏതെങ്കിലും തരത്തില്‍ ക്രൈം കാണും. ഒരു സാധാരണ വ്യക്തിയുടെ ജീവിതത്തില്‍ ഇത്രയും ത്രില്ലിങ് മൊമെന്റ്‌സ് ഉണ്ടെന്ന് ആ സിനിമ കണ്ടപ്പോഴാണ് തോന്നിയത്. ആദ്യ പ്രൊഡക്ഷനായി ആ സിനിമ ചെയ്യണമെന്ന് തോന്നി.
അതുപോലെ തന്നെ ഷെഫീക്കിന്റെ സന്തോഷം എല്ലാവരേയും സഹായിക്കാന്‍ വരുന്ന ഒരു യുവാവിന്റെ ജീവിതത്തില്‍ ഉണ്ടാവുന്ന അവസ്ഥയാണ്. മേപ്പടിയാനില്‍ ഹ്യൂമറിന് പ്രാധാന്യം കൊടുത്തില്ല എന്നൊരു നെഗറ്റീവ് വന്നിരുന്നു. സത്യം പറഞ്ഞാല്‍ ആ സിനിമക്ക് അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. ഷെഫീക്കിന്റെ സന്തോഷം ഹ്യൂമറില്‍ പൊതിഞ്ഞൊരു പാക്കാണ്,’ ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
അനൂപ് പന്തളം സംവിധാനം ചെയ്ത ഷെഫീക്കിന്റെ സന്തോഷമാണ് ഒടുവില്‍ റിലീസ് ചെയ്ത ഉണ്ണി മുകുന്ദന്റെ ചിത്രം. ബാല, മനോജ് കെ. ജയന്‍, സ്മിനു സിജോ, മിഥുന്‍ എന്നിവര്‍ അഭിനയിച്ച ചിത്രം ഉണ്ണി മുകുന്ദന്‍ പ്രൊഡക്ഷന്‍സ് തന്നെയാണ് നിര്‍മിച്ചത്.
Content Highlight: Actor Unni Mukundan said that he had given up leading roles for five years because good films were not coming