| Tuesday, 13th December 2022, 8:10 pm

അയ്യപ്പനാണോ ഉണ്ണി മുകുന്ദന്‍? മാളികപ്പുറത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന മാളികപ്പുറം എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. എട്ട് വയസ്സുകാരി കല്യാണിക്ക് ശബരിമലയില്‍ പോയി അയ്യപ്പനെ കാണാനുള്ള ആഗ്രഹത്തിന് പിന്നാലെയാണ് ചിത്രത്തിന്റെ കഥ പോകുന്നത്.

ബാലതാരം ദേവനന്ദയാണ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അയ്യപ്പനായി ചിത്രത്തില്‍ കാണിക്കുന്നത് ഉണ്ണി മുകുന്ദനെയാണെന്നാണ് ട്രെയ്‌ലര്‍ കാണുമ്പോള്‍ തോന്നുന്നത്. കല്യാണിയെന്ന കുട്ടിയുടെ സൂപ്പര്‍ഹീറോയാണ് ചിത്രത്തില്‍ അയ്യപ്പന്‍.

മാളികപ്പുറം തനിക്ക് ഒരു സിനിമ മാത്രമല്ലെന്നും നിയോഗമായിട്ടാണ് കാണുന്നതെന്നുമാണ് ട്രെയ്‌ലറിനൊപ്പം ഫേസ്ബുക്കില്‍ കുറിച്ചത്. ‘മാളികപ്പുറം എനിക്ക് ഒരു സിനിമ മാത്രമല്ല ഒരു നിയോഗം കൂടിയാണ്.

ഈ മണ്ഡലകാലത്ത് തന്നെ ചിത്രം തിയേറ്ററില്‍ എത്തുന്നു എന്നത് ഒരു അനുഗ്രഹമായി കാണുന്നു. കോടിക്കണക്കിന് വരുന്ന അയ്യപ്പഭക്തര്‍ക്കുള്ള എന്റെ സമര്‍പ്പണമാണ് മാളികപ്പുറം.

എന്നെ സ്‌നേഹിക്കുന്ന എല്ലാവരും വാക്കുകള്‍കൊണ്ടുള്ള പിന്തുണയേക്കാളുപരി തിയേറ്ററില്‍ സിനിമകണ്ട് പ്രോത്സാഹിപ്പിക്കും എന്ന് വിശ്വസിക്കുന്നു,’ എന്നാണ് നടന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നാരായം, കുഞ്ഞിക്കൂനന്‍, മിസ്റ്റര്‍ ബട്‌ലര്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ശശിശങ്കറിന്റെ മകനാണ് വിഷ്ണു ശശിശങ്കര്‍.

ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വ്വഹിക്കുന്നത് വിഷ്ണുവാണ്. അഭിലാഷ് പിള്ളയുടേതാണ് രചന. പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അഭിലാഷ് പിള്ള ഒരുക്കുന്ന തിരക്കഥയാണിത്.

ഉണ്ണിമുകുന്ദനെ കൂടാതെ ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ശ്രീപഥ്, ദേവനന്ദ, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

പ്രിയാ വേണുവും നീറ്റ പിന്റോയുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണന്‍, സംഗീതം, പശ്ചാത്തല സംഗീതം രഞ്ജിന്‍ രാജ്, വരികള്‍ സന്തോഷ് വര്‍മ്മ.

CONTENT HIGHLIGHT: actor unni mukundan new movie malikappuram trailer out

We use cookies to give you the best possible experience. Learn more