Entertainment news
ബാലയുടെ ആരോപണങ്ങള്‍ തള്ളി ഉണ്ണി മുകുന്ദന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Dec 09, 01:11 pm
Friday, 9th December 2022, 6:41 pm

നടന്‍ ബാലയുടെ ആരോപണങ്ങളെല്ലാം തളളി ഉണ്ണി മുകുന്ദന്‍. ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് പ്രതിഫലം നല്‍കിട്ടുണ്ടെന്നും ബാലയ്ക്ക് പ്രതിഫലമായി രണ്ട് ലക്ഷം രൂപ നല്‍കിയിട്ടുണ്ടെന്നും ഉണ്ണി മുകുന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

20 ദിവസമാണ് ചിത്രത്തില്‍ ബാല അഭിനയിച്ചതെന്നും ബാലയ്ക്ക് ഡബ്ബിങ് പൂര്‍ത്തിയാക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായിരുന്നുവെന്നും ഉണ്ണി മുകുന്ദന്‍ അറിയിച്ചു. പണം നല്‍കിയതിന്റെ രേഖകള്‍ അദ്ദേഹം മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു. ഛായാഗ്രാഹകന് മാത്രം ഏഴുലക്ഷം രൂപ പ്രതിഫലം നല്‍കിയ കാര്യവും നടന്‍ വ്യക്തമാക്കി.

നേരത്തെ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് മംഗളത്തും ബാലക്കെതിരെ രംഗത്ത് വന്നിരുന്നു. ഉണ്ണി മുകുന്ദന്‍ പ്രൊഡ്യൂസ് ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ തനിക്ക് പണം വേണ്ടെന്നാണ് ബാല പറഞ്ഞതെന്നും എന്നിട്ടും അക്കൗണ്ടിലേക്ക് രണ്ടുലക്ഷം രൂപ ഇട്ടുകൊടുത്തിട്ടുണ്ടെന്നും വിനോദ് മംഗളത്ത് പറഞ്ഞിരുന്നു. ഇതിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റ് തന്റെ പക്കലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം തനിക്കും സിനിമയുടെ സംവിധായകന്‍ അനൂപ് പന്തളത്തിനും ക്യാമറമാനും മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും പ്രതിഫലം നല്‍കാതെ ഉണ്ണി മുകുന്ദന്‍ വഞ്ചിച്ചുവെന്നാണ് ബാല ആരോപിച്ചിരുന്നത്. സിനിമയിലെ സ്ത്രീ അഭിനേതാക്കള്‍ക്ക് മാത്രമാണ് കാശ് നല്‍കിയതെന്നും ഉണ്ണി മുകുന്ദനെതിരെ ബാല ഉന്നയിച്ചിരുന്നു.

നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്ത ഷെഫീക്കിന്റെ സന്തോഷം നവംബര്‍ 25നാണ് റിലീസ് ചെയ്തത്. ദിവ്യ പിള്ള, ആത്മീയ രാജന്‍, ഷഹീന്‍ സിദ്ദിഖ്, മിഥുന്‍ രമേശ്, സ്മിനു സിജോ, മനോജ് കെ. ജയന്‍ എന്നിവരായിരുന്നു മറ്റ് മുഖ്യ വേഷങ്ങള്‍ അവതരിപ്പിച്ചത്.

content highlight: actor Unni Mukundan denied Bala’s allegations