മേപ്പടിയാന്‍ എന്ന ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ നിര്‍മിക്കുന്ന പുതിയ ചിത്രമാണ് ‘ഷഫീഖിന്റെ സന്തോഷം’.
ഉണ്ണിമുകുന്ദന്‍, മനോജ് കെ. ജയന്‍, ബാല, ദിവ്യ പിള്ള, ആത്മിയ രാജന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനൂപിന്റേത് തന്നെയാണ് തിരക്കഥയും.
ഷഫീഖിന്റെ സന്തോഷമെന്ന ചിത്രത്തെ കുറിച്ചും ഉയര്‍ന്നു വന്നേക്കാവുന്ന വിവാദങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ചിത്രത്തെ കുറിച്ചുള്ള തന്റെ പ്രതീക്ഷ ഉണ്ണി മുകുന്ദന്‍ പങ്കുവെക്കുന്നത്.
‘ഷഫീഖിന്റെ സന്തോഷം ഒരു റൊമാന്റിക് കോമഡിയാണ്. മേപ്പടിയാന്‍ പ്രൊഡ്യൂസ് ചെയ്ത ശേഷം എനിക്ക് ലഭിച്ചതെല്ലാം നല്ല ഫീഡ്ബാക്കുകളാണ്. ഒ.ടി.ടിയില്‍ വന്ന ശേഷം ഓരോ ദിവസവും അഭിപ്രായം വരുന്നുണ്ട്.
അതേസമയം മേപ്പടിയാനില്‍ ഹ്യൂമര്‍ ഇല്ലെന്നും കുറച്ചെങ്കിലും ഹ്യൂമര്‍ വേണമായിരുന്നു എന്നും ചിലര്‍ പറഞ്ഞിരുന്നു. അത് ജനുവിന്‍ കണ്‍സേണ്‍ ആയി തോന്നിയിരുന്നു. എന്നാല്‍ ഷഫീഖിന്റെ സന്തോഷത്തില്‍ ഇതെല്ലാം ഉണ്ട്. അതുപോലെ മേപ്പടിയാന്‍ കാസ്റ്റ് ആന്‍ഡ് ക്രൂവിലെ കുറേപ്പേര്‍ ഇതിലുണ്ട്.
ഷഫീഖിന്റെ സന്തോഷത്തിലേക്ക് എന്നെ എത്തിച്ചത് ആ കഥാപാത്രം തന്നെയാണ്. സോഫ്റ്റ് ആന്‍ഡ് ഗുഡ് പേഴ്‌സണ്‍ എന്ന് ഷഫീഖിനെ പറയാം. മേപ്പടിയാനിലെ ജയകൃഷ്ണന്‍ ഒരു പോയിന്റില്‍ പിന്നേയും സാഹചര്യങ്ങള്‍ കൊണ്ട് മാറുന്നുണ്ട്. ഷഫീഖ് ലവബിള്‍ ആയ കഥാപാത്രമാണ്. അങ്ങനെ ഒരു കഥാപാത്രം ചെയ്യണമെന്നുണ്ടായിരുന്നു.
എന്നെ സംബന്ധിച്ച് ഈ ചിത്രം ഒരു പുഞ്ചിരിയാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കാന്‍ പോകുന്നത്. ഫാമിലിക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള ചിത്രമാണ്. അതേസമയം യൂത്തിനും ഇഷ്ടപ്പെടും. എന്നെ സംബന്ധിച്ച് റിലേറ്റ് ചെയ്യാന് പറ്റുന്ന കഥാപാത്രമാണ്. ഞാന്‍ ഷഫീഖിനെപ്പോലെയാണെന്ന് പറയുന്നില്ല. എന്നാല്‍ എനിക്ക് റിലേറ്റ് ചെയ്യാന് പറ്റുന്ന കുറേ കാര്യങ്ങള്‍ ഷഫീഖിലുണ്ട്.
സിനിമയെ ഭയങ്കരമായി ക്രിട്ടിക്കലി അനലൈസ് ചെയ്യാന്‍ പോകുന്നവര്‍ ഈ സിനിമയെ എങ്ങനെ കാണുമെന്ന് അറിയില്ല. മേപ്പടിയാനില്‍ ഒരു ആംബുലന്‍സ് കണ്ടപ്പോള്‍ അതിനെ പൊളിറ്റിക്കലി വേറെ ലെവലില്‍ കൊണ്ടുപോയിട്ടുണ്ട്. അങ്ങനെ ആണെങ്കില്‍ ഇതില്‍ എന്തൊക്കെ കണ്ടുപിടിക്കുമെന്നാണ് എന്റെ ക്യൂരിയോസിറ്റി. ആ കാര്യത്തില്‍ ഞാന്‍ കൂടുതല്‍ എക്‌സൈറ്റഡാണ്. ഈ പടം വന്നുകഴിഞ്ഞാല്‍ ഞാന്‍ പോലും കാണാത്ത എന്ത് ആംഗിളാണ് അവര്‍ കാണുന്നതെന്ന് അറിയാന്‍ കാത്തിരിക്കുകയാണ്,’ ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
ഭയങ്കരമായി എഫേര്‍ട് എടുത്ത് ചെയ്ത സിംപിള്‍ സിനിമയായിരുന്നു മേപ്പടിയാന്‍. ഹ്യൂമറോ കോമഡിയോ ഇല്ലാതെ ഇമോഷന്‍സിലൂടെ വന്ന സിനിമ ആളുകള്‍ ഏറ്റെടുത്തു. ഭയങ്കര ചാലഞ്ചിങ് ആയിരുന്നു ആ ചിത്രം ഷൂട്ട് ചെയ്യാന്‍. അജു വര്‍ഗീസും സൈജുവും ഉണ്ടായിട്ടും തമാശയോ പൊട്ടിച്ചിരിയോ ഇല്ലാഞ്ഞിട്ടും പുതിയ സംവിധായകന്‍ ആയിട്ടും ആ ചിത്രം ആളുകള്‍ ഏറ്റെടുത്തു. മേപ്പടിയാന്‍ തന്നെ ആത്മവിശ്വാസമാണ് പുതിയ ചിത്രത്തിലേക്ക് തന്നെ എത്തിച്ചതെന്നും ഉണ്ണി മുകുന്ദന്‍ അഭിമുഖത്തില്‍ പറഞ്ഞു.
ഷഹീന്‍ സിദ്ധിക്ക്, മിഥുന്‍ രമേഷ്, സ്മിനു സിജോ, ബോബന്‍ സാമുവല്‍, ഹരീഷ് പേങ്ങന്‍, അസീസ് നെടുമങ്ങാട്, പൊള്ളാച്ചി രാജാ, ജോര്‍ഡി പൂഞ്ഞാര്‍ തുടങ്ങിയ താരങ്ങളും ഈ ചിത്രത്തിന്റെ താരനിരയില്‍ ഉണ്ട്.
Content Highlight: Actor Unni Mukundan About new movie Shafeekinte santhosham