കാശ് കൊടുത്ത് സിനിമ കാണുന്നവന് വിമര്‍ശിക്കാനുള്ള അവകാശമുണ്ട്; പക്ഷേ വാക്കുകള്‍ കുറച്ച് കൂടി പക്വമാവണം: ഉണ്ണി മുകുന്ദന്‍
Movie Day
കാശ് കൊടുത്ത് സിനിമ കാണുന്നവന് വിമര്‍ശിക്കാനുള്ള അവകാശമുണ്ട്; പക്ഷേ വാക്കുകള്‍ കുറച്ച് കൂടി പക്വമാവണം: ഉണ്ണി മുകുന്ദന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 21st November 2022, 2:02 pm

സിനിമ കാണുന്ന പ്രേക്ഷകര്‍ക്ക് നൂറ് ശതമാനം ആ സിനിമയെ വിമര്‍ശിക്കാനുള്ള അവകാശമുണ്ടെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. സിനിമയെ കുറിച്ച് പഠിച്ചിട്ടേ സിനിമയെ വിമര്‍ശിക്കാവൂ എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന്റെ പശ്ചാത്തലം എന്താണെന്ന് തനിക്ക് അറിയില്ലെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

ഞാന്‍ ഫിലിം സ്‌കൂളില്‍ പോയി സിനിമ പഠിച്ചു വന്ന് ആളല്ല. അതുകൊണ്ട് സിനിമയില്‍ അഭിനയിക്കാന്‍ പാടില്ലെന്ന് എന്നോട് ആരും പറഞ്ഞിട്ടില്ല. സിനിമ കണ്ട് കണ്ട് കണ്ട് സിനിമയിലേക്ക് എത്തിയ ആളായതുകൊണ്ട് തന്നെ നിരന്തരമായി സിനിമ കാണുന്നവര്‍ക്ക് അത്തരത്തിലുള്ള സെന്‍സ് വരുമെന്ന് തന്നെയാണ് എന്റെ വിശ്വാസം.

ഒരാള്‍ അവരുടെ സമയമോ പൈസയോ മുടക്കിയിട്ടുണ്ടെങ്കില്‍ അയാള്‍ക്ക് സിനിമയെ കുറിച്ച് പറയാന്‍ എല്ലാ തരത്തിലുള്ള അവകാശങ്ങളും ഉണ്ട്. നമ്മള്‍ ഒരു കടയില്‍ നിന്ന് ഒരു പ്രൊഡക്ട് വാങ്ങിയാല്‍ അത് കൊള്ളില്ലെങ്കില്‍ കൊള്ളില്ല ചേട്ടാ എന്ന് പറയില്ലേ. തീര്‍ച്ചയായും അത് പറയാം. പക്ഷേ ഒരുകാര്യമേയുള്ളൂ. പറയുന്ന രീതി ഒന്ന് മെച്ചപ്പെടുത്താം.

ഒരാളെ വേദനിപ്പിക്കാത്ത രീതിയില്‍ ഒരു കാര്യം വേണമെങ്കില്‍ നമുക്ക് പറയാം. ഒരു കാര്യം നമുക്ക് പത്ത് വിധത്തില്‍ പറയാം. നമ്മള്‍ പറയുന്ന രീതിയില്‍ പ്രശ്‌നമുണ്ടെന്നാണ് തോന്നുന്നത്. ക്രിട്ടിസിസം പറയുമ്പോള്‍ ആ വ്യക്തിയുടെ വാക്കുകളായിരിക്കും നമ്മളെ മുറിപ്പെടുത്തുന്നത്. കണ്ടന്റിനെ കുറിച്ച് മോശം പറഞ്ഞു എന്നതായിരിക്കില്ല പറയുന്ന രീതിയാവും വേദനിപ്പിക്കുക.

ഇവനൊക്കെ എന്തിനാടാ ഇത് ചെയ്യുന്നത് എന്ന് ചോദിക്കുമ്പോള്‍ ആ സമയത്ത് നമ്മള്‍ വേദനിക്കാം. 1000 പോസിറ്റീവ് കമന്റുകള്‍ മിസ്സ് ചെയ്താവാം നമ്മള്‍ ആ കമന്റ് ശ്രദ്ധിക്കുന്നത്. അപ്പോള്‍ അത് എക്‌സ്‌പ്ലെയ്ന്‍ ചെയ്യാന്‍ സ്വാഭാവികമായും ഒരു ത്വര വരും. നീയാരാടാ ഇത് പറയാന്‍ എന്ന ചോദ്യം വരുന്നത് അപ്പോഴാണ്. പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ വീട്ടിലിരുന്ന് റിവ്യൂ അടിക്കുകയല്ലേ എന്ന് പറഞ്ഞ് പോകും. അതില്‍ തെറ്റൊന്നുമില്ല.

ക്രിട്ടിസിസം അല്ല പ്രശ്‌നം. കണ്‍സ്ട്രക്ടീവ് ക്രിട്ടിസിസത്തിലൂടെയേ നമുക്ക് വളരാന്‍ കഴിയുകയുള്ളൂ. ഒരു ആര്‍ടിസ്റ്റിന്റെ മനോവീര്യം തകര്‍ക്കുന്ന രീതിയില്‍ പറയേണ്ട കാര്യമില്ല. അതുകൊണ്ട് തന്നെ ഉപയോഗിക്കുന്ന വാക്കുകള്‍ കുറച്ച് കൂടി പക്വമാവുക. എന്നെ സംബന്ധിച്ച് ആരെങ്കിലും മോശം പറഞ്ഞാല്‍ ഞാന്‍ ഈ പണി നിര്‍ത്താനൊന്നും പോകുന്നില്ല. റിവ്യൂ നല്ലതാണ്. സിനിമ കണ്ടിട്ട് ആരും ഒന്നും പറയാതെ ഇറങ്ങിപ്പോയാല്‍ അതും ശരിയാവില്ലല്ലോ.

സിനിമയിലൂടെയല്ലല്ലോ ലോകം പഠിക്കുന്നത്. സിനിമയിലൂടെയല്ല ലോകം നന്നാവുന്നതും. ഇന്ന് കുട്ടികള്‍ കഞ്ചാവ് വലിക്കുന്നത് സിനിമയില്‍ നടന്മാര്‍ കഞ്ചാവ് വലിക്കുന്നതുകൊണ്ടല്ല. സിനിമയ്ക്ക് നല്ല മെസ്സേജ് കൊണ്ടുപോകാനുള്ള പവര്‍ ഉണ്ട് ഇല്ലെന്നല്ല. എന്നാല്‍ ഇന്ന് എല്ലാം ചോയ്‌സാണ്, ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

Content Highlight: Actor Unni Mukundan About Movie Reviews and realated Issues