മമ്മൂട്ടിയേയും മോഹന്‍ലാലിനേയും ഇനിയും ആളുകള്‍ താരതമ്യം ചെയ്യരുതെന്നും ആ ഘട്ടമൊക്കെ അവര്‍ എന്നേ കഴിഞ്ഞതാണെന്ന് ആളുകള്‍ മനസിലാക്കണമെന്നും നടന്‍ ഉണ്ണി മുകുന്ദന്‍.
താരങ്ങളുടെ സിനിമകള്‍ ഇറങ്ങുമ്പോള്‍ പരസ്പരം ഡീഗ്രേഡിങ് നടത്തുന്നതും മോശം കമന്റുകളും റീവ്യൂകളും കൊടുക്കുന്നതും നല്ല രീതിയല്ലെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏത് അഭിമുഖത്തില്‍ പോയാലും മോഹന്‍ലാലാണോ മമ്മൂട്ടിയാണോ ഫേവറെറ്റ് എന്ന ചോദ്യം വരുന്നുണ്ട്. മമ്മൂക്കയാണെങ്കിലും ലാലേട്ടനാണെങ്കിലും ഒരു കംപാരിസണ്‍ ലെവല്‍ വിട്ട് വേറെ തലത്തിലേക്ക് പോയവരാണ്. ഫാന്‍ ഫൈറ്റും എനിക്ക് ഒട്ടും താത്പര്യമില്ല. ഒരു ലെജന്ററി ലെവലില്‍ നില്‍ക്കുന്ന ഇവരുടെ ഇനിയുള്ള സിനിമകളെല്ലാം നമ്മള്‍ ആഘോഷിക്കുകയാണ് വേണ്ടത്.
ആറാട്ട് വന്നപ്പോള്‍ അപ്പുറത്തുള്ളവര്‍ അതിനെ കൊച്ചാക്കുന്നു. മമ്മൂക്കയുടെ പടം വരുമ്പോള്‍ ഇവിടുന്ന് അങ്ങോട്ട് കൊച്ചാക്കുന്നു. ഇന്‍ഡസ്ട്രിക്കാണ് അതിന്റെ നഷ്ടം. ആദ്യ ഷോ കഴിഞ്ഞ ഉടന്‍ തന്നെ ഒരു ലോഡ് നെഗറ്റീവും ഒരു ലോഡ് പോസിറ്റീവും വരുന്നു. ഒരു റിവ്യൂ നോക്കി ഒരു സാധാരണക്കാരന് സിനിമ കാണാന്‍ പറ്റാത്ത അവസ്ഥ വരുന്നു.
ബേസിക്കലി ഇവരുടെ രണ്ട് പേരുടെ ഫാന്‍സും ഇവരുടെ ഏത് സിനിമ വന്നാലും അവരെ സപ്പോര്‍ട്ട് ചെയ്ത് ഇന്‍ഡസ്ട്രിയെ വലുതാക്കാനാണ് നോക്കേണ്ടത്. മറ്റു ഇന്‍ഡസ്ട്രികള്‍ അവരുടെ സിനിമകളെ പാന്‍ ഇന്ത്യന്‍ ലെവലില്‍ എത്തിക്കാന്‍ ശ്രമിക്കുന്നു. ഇവിടെ സിനിമകള്‍ ഇറങ്ങുമ്പോള്‍ തന്നെ ഡീഗ്രേഡ് ചെയ്യുന്നു.
മരക്കാര്‍ എന്ന സിനിമ ഇറങ്ങിയപ്പോള്‍ ചെറിയ ചെറിയ ക്ലിപ്പൊക്കെ ഇട്ടിട്ട് കളിയാക്കുക, മമ്മൂക്കയുടെ സിനിമ വന്നാല്‍ അതിനെ കളിയാക്കുക. ഈ ജനറേഷന്‍ അവരെ സെലിബ്രേറ്റ് ചെയ്യണം. ഇവരെ ഇനിയെന്ത് താരത്യമ്യം ചെയ്യാനാണ്. രണ്ട് പേരും സ്‌പേസില്‍ നില്‍ക്കുന്നവരാണ്. ഇത്രയും സിനിമകളിലൂടെ മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ചവരെ നമ്മള്‍ സെലിബ്രേറ്റ് ചെയ്യണം.
ആരാണ് നന്നായി അഭിനയിക്കുന്നത് ആരാണ് മോശം അഭിനയിക്കുന്നത് എന്ന് നോക്കിയിരിക്കുകയാണ്. ഇത് ചോദിക്കുന്നവര്‍ക്കും നാണമില്ല ഇതിനെ കുറിച്ച് കമന്റിടുന്നവര്‍ക്കും ബുദ്ധിയില്ല. സങ്കടം തോന്നും.
എന്നെപ്പോലെയുള്ള പുതിയ ഗ്രൂപ്പിലുള്ള നടന്‍മാരെ കുറിച്ചൊക്കെ കമന്റ് ചെയ്യാം. ഞങ്ങള്‍ വളര്‍ന്നുവരുന്നവരാണ്. ഹെല്‍ത്തി കോമ്പറ്റീഷനാണെന്ന് കരുതാം. എന്നാല്‍ നാഷണല്‍ അവാര്‍ഡുകളും പത്മശ്രീയും പത്മഭൂഷണും അടക്കമുള്ള എല്ലാ പുരസ്‌കാരങ്ങളും വാങ്ങി നില്‍ക്കുന്ന ഇവരെ ചുമ്മാതിരുന്ന് കളിയാക്കുക, സിനിമ ഇല്ലാതാക്കാന്‍ നോക്കുക ഇതെല്ലാം റോങ്ങാണ്.
ഞാന്‍ മോഹന്‍ലാല്‍ ഫാന്‍ മമ്മൂക്ക ഫാന്‍ എന്ന തരത്തില്‍ ചിന്തിക്കുന്നില്ല. രണ്ട് പേരും എന്നെ ഇന്‍സ്‌പെയര്‍ ചെയ്തിട്ടുണ്ട്. മലയാള ഭാഷ സംസാരിക്കുന്ന എല്ലാവരേയും ഇവര്‍ ഇന്‍സ്‌പെയര്‍ ചെയ്തിട്ടുണ്ടാകും, ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
Content Highlight: Actor Unni Mukundan about Mohanlal Mammootty Fan Fight