| Saturday, 31st December 2022, 11:01 pm

വിശ്വാസികള്‍ക്ക് മാളികപ്പുറം കാണുമ്പോള്‍ രോമാഞ്ചം വരും; ഇതൊരു കൊമേഴ്ഷ്യല്‍ സിനിമയാണ്, അവാര്‍ഡ് പടമല്ല: ഉണ്ണി മുകുന്ദന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മാളികപ്പുറം കാണുന്ന വിശ്വാസികള്‍ക്ക് രോമാഞ്ചം വരുമെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. മാളികപ്പുറം, ശബരിമല എന്നിവയോടും താല്‍പര്യമുള്ള വ്യക്തികള്‍ക്കും വിശ്വാസികള്‍ക്കും സിനിമ കാണുമ്പോള്‍ രോമാഞ്ചം വരുെമന്നാണ് ഉണ്ണി മുകുന്ദന്‍ പറഞ്ഞത്. താന്‍ ചെയ്യുന്ന സിനിമകളെ താന്‍ തന്നെ സപ്പോര്‍ട്ട് ചെയ്യാറുണ്ടെന്നും ആര് എന്ത് പറഞ്ഞാലും  തനിക്ക് അത് വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു.

മാളികപ്പുറം അവാര്‍ഡ് സിനിമകള്‍ പോലെയല്ലെന്നും ഇപ്പോഴാണ് താന്‍ ഇഷ്ടപ്പെട്ട സിനിമകള്‍ ചെയ്യാന്‍ തുടങ്ങിയതെന്നും ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഉണ്ണി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”നല്ലൊരു സിനിമയാണ് മാളികപ്പുറം. ഞാന്‍ ചെയ്യുന്ന ഒരു സിനിമയെ ഞാന്‍ തന്നെ സപ്പോര്‍ട്ട് ചെയ്യും. അതുകൊണ്ട് ആര് എന്ത് പറഞ്ഞാലും എനിക്ക് അത് വിഷയമല്ല. ഞാന്‍ എന്റെ സമയം ഇന്‍വെസ്റ്റ്‌ ചെയ്ത സിനിമയാണ്. അതുകൊണ്ടാണ് ആ സിനിമ കാണാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നത്.

മാളികപ്പുറം കൊമേഴ്ഷ്യല്‍ സിനിമയാണ് അല്ലാതെ അവാര്‍ഡ് പടമാക്കാന്‍ എടുത്തത് അല്ല. അവാര്‍ഡ് സിനിമകളെ ഞാന്‍ മോശം പറയുകയല്ല. എന്നാലും ചില ടൈപ്പ് സിനിമകള്‍ ഉണ്ടാവില്ലെ, അത് പോലെ അല്ല.

മാളികപ്പുറം, ശബരിമല എന്നിവയോട് താല്‍പര്യമുള്ള വ്യക്തികള്‍ക്കും വിശ്വാസികള്‍ക്കും ഈ സിനിമ കാണുമ്പോള്‍ രോമാഞ്ചം വരും. പൊളിറ്റിക്കല്‍ കാര്യങ്ങളെക്കുറിച്ച് ഞാന്‍ ചിന്തിക്കാറില്ല. ഞാന്‍ ഇപ്പോഴാണ് എനിക്ക് ഇഷ്ടമുള്ള സിനിമകള്‍ ചെയ്തത്. ഞാന്‍ നോര്‍മല്‍ എല്ലാ ആള്‍ക്കാരെയും പോലെയല്ല,” ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

വിഷ്ണു ശശി ശങ്കറാണ് മാളികപ്പുറം സംവിധാനം ചെയ്തത്. ഉണ്ണി മുകുന്ദനെ കൂടാതെ ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, രമേഷ് പിഷാരടി, മനോജ് .കെ. ജയന്‍, ശ്രീപത് എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഡിസംബര്‍ 30നാണ് ചിത്രം തിയേറ്ററില്‍ എത്തിയത്.

content highlight: actor unni mukundan about malikppuram

We use cookies to give you the best possible experience. Learn more