| Thursday, 29th December 2022, 5:45 pm

എന്റെ ഉള്ളില്‍ കുടികൊള്ളുന്ന ഈശ്വര ചൈതന്യത്തിനുള്ള ആദരമാണിത്; നിങ്ങള്‍ക്ക് അത് പിന്നീടെപ്പോഴെങ്കിലും മനസിലാകും: ഉണ്ണി മുകുന്ദന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഉണ്ണി മുകുന്ദന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന മാളികപ്പുറം നാളെ തിയേറ്ററുകളില്‍ എത്തുകയാണ്. ചിത്രം തിയേറ്ററിലേക്ക് അടുക്കുമ്പോള്‍ തനിക്കുള്ള ആകാംക്ഷ പങ്കുവെച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍.

തനിക്ക് മാളികപ്പുറം വെറും സിനിമയല്ലെന്നും അതിന്റെ കാരണം പറയാനാവില്ലെന്നുമാണ് ഉണ്ണി മുകുന്ദന്‍ പങ്കുവെച്ച കുറിപ്പിലുള്ളത്. ഈ ചിത്രത്തിന് താന്‍ നിയോഗിക്കപ്പെട്ടതാണെന്നും ചിത്രത്തെക്കുറിച്ച് കുറിക്കുമ്പോള്‍ താന്‍ ആകാംക്ഷയുടെ പരകോടിയിലാണെന്നുമാണ് താരം കുറിച്ചത്.

മനോഹരമായ ഒരു ചിത്രമാകും മാളികപ്പുറമെന്നും അയ്യപ്പസ്വാമിയുടെ ഭക്തര്‍ ഓരോരുത്തര്‍ക്കും രോമാഞ്ചം പകരുന്ന സിനിമയായിരിക്കും ഇതെന്ന് താന്‍ ഗ്യാരന്റിയാണെന്നും നടന്‍ കുറിച്ചു. സോഷ്യല്‍മീഡിയ പേജിലൂടെയാണ് ഈ കുറിപ്പ് ഉണ്ണി മുകുന്ദന്‍ പങ്കുവെച്ചത്.

” നമസ്‌കാരം, മാളികപ്പുറം നാളെ തിയേറ്ററുകളിലെത്തുന്ന കാര്യം ഏവരും അറിഞ്ഞിരിക്കുമല്ലോ. ചിത്രം റിലീസിനോടടുക്കുമ്പോള്‍, എന്റെ ആകാംക്ഷ എത്രത്തോളം ഉണ്ടെന്ന് മറച്ചുപിടിക്കുന്നില്ല. ചിത്രം നിങ്ങള്‍ക്കരികിലേക്കെത്താന്‍ ഇനി അധികനേരമില്ല.

ഒരു കാര്യം നേരിട്ട് പറയാം. എനിക്കിത് വെറുമൊരു സിനിമയായിരുന്നില്ല. അതിന്റെ കാരണമെന്തെന്ന് പറയാനുമാവില്ല. അക്കാരണം പിന്നീടെപ്പോഴെങ്കിലും നിങ്ങള്‍ തന്നെ കണ്ടെത്തുമായിരിക്കും. അതൊരു വിഷയമല്ല. ഈ ചിത്രത്തിനായി നിയോഗിക്കപ്പെട്ടതില്‍ ഞാന്‍ അത്യന്തം വിനയാന്വിതനാണ്. ഈ വാക്കുകള്‍ കുറിക്കുമ്പോള്‍ ഞാന്‍ ആകാംക്ഷയുടെ പരകോടിയിലെത്തിയിരിക്കുന്നു.

ഈ സ്വപ്നസാക്ഷാത്കാരത്തിനു വഴിയൊരുക്കിയ നിര്‍മാതാക്കളായ ആന്റോ ചേട്ടനോടും വേണു ചേട്ടനോടും എന്റെ സഹപ്രവര്‍ത്തകരോടും ഞാന്‍ നന്ദി അറിയിക്കുന്നു. ഈ സ്വപ്നത്തിനു കൂട്ടായതിന് നന്ദി. എന്നെപ്പോലെ തന്നെ പലര്‍ക്കും ഇതേ ആകാംക്ഷ ഉണ്ടെന്നറിയാം. അതിനും ഞാന്‍ കടപ്പെട്ടിരിക്കുന്നു. പക്ഷെ നിങ്ങള്‍ എത്രത്തോളം പ്രതീക്ഷ കാത്തുസൂക്ഷിക്കുന്നു എന്നെനിക്കറിയില്ല.

ഒരു കാര്യത്തില്‍ ഉറപ്പ് പറയാം. മനോഹരമായ ഒരു ചിത്രമാകുമിത്. സിനിമയുടെ ഭാഗമായ കുട്ടികളുടെ പ്രകടനം അഭിനന്ദനീയമാണ്. അയ്യപ്പസ്വാമിയുടെ ഭക്തര്‍ ഓരോരുത്തര്‍ക്കും രോമാഞ്ചം പകരുന്ന സിനിമയായിരിക്കും ഇതെന്ന് ഞാന്‍ ഗ്യാരന്റി.

ഞങ്ങള്‍ക്കൊപ്പവും, ഞങ്ങള്‍ക്കുള്ളിലും കുടികൊള്ളുന്ന ഈശ്വര ചൈതന്യത്തിനുള്ള ആദരമാണ് ഈ ചിത്രം. എന്റെ പക്കലുണ്ടായിരുന്ന റിസോഴ്‌സുകള്‍ ഉപയോഗിച്ച് ഏറ്റവും മികച്ചത് കൊണ്ടുവരാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. സൂപ്പര്‍ഹീറോ വരികയായി. സ്വാമി ശരണം, അയ്യപ്പ ശരണം” എന്നാണ് ഉണ്ണി മുകുന്ദന്റെ കുറിപ്പിലൂടെ ഉണ്ണി മുകുന്ദന്‍ പറഞ്ഞത്.

content highlight: actor unni mukundan about malikappuram

We use cookies to give you the best possible experience. Learn more