മലയാള സിനിമ എന്നെ വേണ്ടവിധത്തില്‍ ഉപയോഗിച്ചില്ലെന്ന് പ്രേക്ഷകര്‍ക്ക് തോന്നിയാല്‍ അത് എനിക്കുള്ള കോംപ്ലിമെന്റാണ്: ഉണ്ണി മുകുന്ദന്‍
Malayalam Cinema
മലയാള സിനിമ എന്നെ വേണ്ടവിധത്തില്‍ ഉപയോഗിച്ചില്ലെന്ന് പ്രേക്ഷകര്‍ക്ക് തോന്നിയാല്‍ അത് എനിക്കുള്ള കോംപ്ലിമെന്റാണ്: ഉണ്ണി മുകുന്ദന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 18th May 2021, 3:22 pm

മലയാള സിനിമ വേണ്ട വിധത്തില്‍ തന്നെ ഉപയോഗിച്ചില്ലെന്ന തോന്നല്‍ ഇല്ലെന്നും പ്രേക്ഷകര്‍ക്ക് അങ്ങനെ തോന്നിയെങ്കില്‍ അത് തനിക്കുള്ള കോംപ്ലിമെന്റാണെന്നും നടന്‍ ഉണ്ണി മുകുന്ദന്‍.

കിട്ടുന്ന കഥാപാത്രങ്ങള്‍ എല്ലാം നന്നായി ചെയ്യുക എന്നതാണ് ലക്ഷ്യമെന്നും ഇനിയും സമയം മുന്നില്‍ കിടക്കുന്നുണ്ടല്ലോയെന്നും ഉണ്ണി മുകുന്ദന്‍ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കാറ്റഗറൈസ് ചെയ്ത് സിനിമകള്‍ സെലക്ട് ചെയ്യുന്ന ആളല്ല ഞാന്‍. പ്രത്യേകതരം സിനിമകള്‍ തന്നെ വേണമെന്ന് നിര്‍ബന്ധവുമില്ല. ഏത് തരം സിനിമകളും ചെയ്യും.

ക്ലിന്റ് ചെയ്തിട്ടുണ്ട്. അതേസമയം കെ.എല്‍.10 പത്തും ചെയ്തു. ആക്ഷന്‍ കിട്ടിയപ്പോള്‍ ആക്ഷനും ചെയ്തു. അതുപോലെ ന്യൂജെന്‍ സിനിമ, മാസ് സിനിമ എന്ന വ്യത്യാസവുമില്ല.

ഏത് സിനിമയാണ് ആരാധകരെ തൃപ്തിപ്പെടുത്തുന്നത് അതാണ് എന്റെ കാഴ്ചപാടില്‍ നല്ല സിനിമ. ഇതില്‍ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ റൊമാന്റിക്കാവും തെരഞ്ഞെടുക്കുക, ഉണ്ണി മുകുന്ദന്‍ പറയുന്നു.

റൊമാന്റിക് സങ്കല്‍പ്പങ്ങള്‍ എങ്ങനെയാണെന്ന ചോദ്യത്തിന് ആ രീതിയില്‍ ചിന്തിച്ചിട്ടില്ലെന്നതാണ് സത്യം എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ മറുപടി. കാട് ഇഷ്ടമാണ്. പ്രകൃതിയുടെ മനോഹാരിതയും ശബ്ദവും. വീട്ടില്‍ പട്ടിക്കുട്ടികളും പ്രാവുകളുമുണ്ട്. ഇടയ്ക്ക് കിളികള്‍ വീട്ടില്‍ വന്നിരിക്കും. അതൊക്കെ കാണുമ്പോള്‍ സന്തോഷം തോന്നും. പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്ന സമയം കൂടുതല്‍ റൊമാന്റിക് ആണെന്ന് തോന്നാറുണ്ട്, ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

അഭിനയവും കവിതയും ഗാനാലാപനവും ഇപ്പോള്‍ നിര്‍മാണ രംഗത്തേക്കും ചുവടുവെച്ചു. എന്തൊക്കെയാണ് പുതിയ പ്രതീക്ഷകള്‍ എന്ന ചോദ്യത്തിന് പത്ത് വര്‍ഷമായി സിനിമയിലെന്നും ഈ കാലയളവിനുള്ളില്‍ ഇങ്ങനെയൊക്കെ ചെയ്യാന്‍ കഴിയുമെന്ന് വിചാരിച്ചതല്ലെന്നുമായിരുന്നു ഉണ്ണി മുകുന്ദന്റെ മറുപടി. എങ്കിലും ചെയ്യാന്‍ ആഗ്രഹിച്ചത് ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചാല്‍, ഇല്ല എന്നാണ് ഉത്തരമെന്നും ഉണ്ണി പറഞ്ഞു.

ഉണ്ണി മുകുന്ദന്‍ ഫിലിംസ് (യു.എം.എഫ്.) എന്ന ആശയം എന്നും മനസ്സിലുണ്ടായിരുന്നു. ഞാന്‍ ചെയ്യാന്‍ ആഗ്രഹിച്ച സിനിമകളും എനിക്കിഷ്ട മുള്ള സിനിമകളും യു.എം.എഫിലൂടെ പുറത്തുവരും. ഒപ്പം കഴിവുണ്ടായിട്ടും അവസരം ലഭിക്കാത്ത എഴുത്തുകാര്‍ക്കും സംവിധായകര്‍ക്കും ഒരുമിക്കാനുള്ള ഇടം കൂടിയാണ്, ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Unni Mukundan About His Films