| Tuesday, 22nd December 2020, 2:26 pm

ചെറുപ്പത്തില്‍ എനിക്കുണ്ടായ ആ വെല്ലുവിളിയെ മറികടക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചത് ഇതായിരുന്നു; ബോഡി ബില്‍ഡിങ്ങിനെ കുറിച്ച് ഉണ്ണി മുകുന്ദന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ ഉണ്ണിമുകുന്ദന്റെ ഫിറ്റ്‌നസിനോടുള്ള താത്പര്യം എല്ലാവര്‍ക്കും അറിയാം. മസില്‍മാനെന്ന വിളിപ്പേരടക്കം ചിലര്‍ ഉണ്ണി മുകുന്ദന് നല്‍കിയിട്ടുണ്ട്. ഏത് നേരവും ജിമ്മില്‍ കഴിയുന്ന താരമാണ് ഉണ്ണി മുകുന്ദനെന്നാണ് ചിലരുടെ പരാതി. ഉണ്ണിയുടെ ബോഡി ഫിറ്റ്‌നെസിനെ വിമര്‍ശിച്ചും അനുകൂലിച്ചും പല ഘട്ടത്തിലും ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.

എന്നാല്‍ താന്‍ എപ്പോഴും ജിമ്മിലാണെന്ന ഒരു ധാരണ ആളുകള്‍ക്കുണ്ടെന്നും അത് തെറ്റാണെന്നും പറയുകയാണ് താരം. സിനിമയില്‍ വരുന്നതിന് മുന്‍പ് തന്നെ ബോഡി ഫിറ്റ്‌നെസ് തനിക്കൊപ്പമുണ്ടായിരുന്നെന്നും ചെറുപ്പത്തില്‍ തനിക്കുണ്ടായ ഒരു വെല്ലുവിളിയെ മറികടക്കാന്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ബോഡി ഫിറ്റ്‌നെസ് തുടങ്ങിയതാണെന്നുമാണ് ഉണ്ണി മുകുന്ദന്‍ ദീപികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

‘ ചെറുപ്പത്തില്‍ എനിക്കുണ്ടായ ഒരു വെല്ലുവിളിയെ മറികടക്കാന്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ബോഡി ഫിറ്റ്‌നെസ് തുടങ്ങിയതാണ്. അതുപിന്നെ ജീവിതചര്യയായി മാറി. സിനിമകളില്‍ സംവിധായകര്‍ ആവശ്യപ്പെടുമ്പോള്‍ മാത്രമാണ് ബോഡി ഫിറ്റ്‌നെസ് കൂടുതല്‍ ശ്രദ്ധിക്കുന്നത്. സിനിമയ്ക്ക് വേണ്ടിയല്ല, എന്റെ ആരോഗ്യത്തിന് വേണ്ടിയുള്ളതാണ് ഫിറ്റ്‌നെസ്. സിനിമയ്ക്ക് വേണ്ടി ശരീരത്തെ എങ്ങനെയും മാറ്റിയെടുക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് ഞാന്‍’, ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയകളില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള കാരണവും ഉണ്ണി മുകുന്ദന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ‘ ഈ കാലത്ത് സോഷ്യല്‍മീഡിയകളോട് ബൈ പറഞ്ഞതാണ് മറ്റൊരു വിശേഷം. ആദ്യമൊക്കെ സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു. ലോക്ക് ഡൗണ്‍ മാറിയെങ്കിലും ഒട്ടും സജീവമാകാത്തത് സിനിമാ മേഖലയാണ്.

അതിനെ കുറിച്ചുള്ള നെഗറ്റീവ് വാര്‍ത്തകളും വിവാദങ്ങളും എന്നെ അസ്വസ്ഥപ്പെടുത്തുന്നതായി തോന്നി. അതുകൊണ്ടു തന്നെ വിവിധ മീഡിയകളിലുള്ള എന്റെ പേജുകള്‍ കൈകാര്യം ചെയ്യാന്‍ ഒരു ടീമിനെ ഇപ്പോള്‍ ഏല്‍പ്പിച്ചിരിക്കുകയാണ്. അവരാണ് ഫോട്ടോകളൊക്കെ പോസ്റ്റു ചെയ്യുന്നത്. നെഗറ്റീവായുള്ള കാര്യങ്ങളില്‍ നിന്ന് മാറി എനിക്ക് ഇഷ്ടമുള്ള കാര്യങ്ങളില്‍ മുഴുകാനാണ് ഞാനാഗ്രഹിക്കുന്നത്.’, ഉണ്ണി പറഞ്ഞു.

ബൈക്കും കാറും നന്നായി പരിപാലിക്കുന്ന ആളാണ് താനെന്നും ഇനിയുള്ള ആഗ്രഹം ബൈക്ക് റിപ്പയര്‍ ചെയ്യാന്‍ പഠിക്കണമെന്നാണെന്നും താരം പറുന്നു. ‘എല്ലാ മേഖലയും സജീവമായിക്കഴിയുമ്പോള്‍ മെക്കാനിക് വിദ്യകൂടി കുറച്ച് മനസിലാക്കണം. മുന്‍പൊക്കെ കയ്യിലും കാലിലും ഒരു പൊടിയോ അഴുക്കോ പറ്റുന്നത് ചിന്തിക്കാന്‍ കഴിയാത്ത ആളായിരുന്നു ഞാന്‍. ആ ഞാനാണ് ഇപ്പോള്‍ ഗ്രീസും ഓയിലുമൊക്കെ കയ്യിലാകുന്ന പണി പഠിക്കണമെന്ന് പറയുന്നത്. അതിനുകാരണം എന്നെ ഞാന്‍ കൂടുതല്‍ മനസിലാക്കുകയായിരുന്നു ഈ കാലത്ത്. എന്റെ നല്ലതും മോശവുമായ കാര്യങ്ങളെ കുറിച്ച് ഇപ്പോള്‍ ധാരണയുണ്ട്’, ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Unni Mukundan About his Childhood Problems

We use cookies to give you the best possible experience. Learn more