ശരീരം പരിപാലിക്കുന്നത് അപരാധമായി കാണുന്നവരും ഇന്‍ഡസ്ട്രിയിലുണ്ട്; ഉണ്ണി മുകുന്ദന്‍ പറയുന്നു
Malayalam Cinema
ശരീരം പരിപാലിക്കുന്നത് അപരാധമായി കാണുന്നവരും ഇന്‍ഡസ്ട്രിയിലുണ്ട്; ഉണ്ണി മുകുന്ദന്‍ പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 22nd May 2021, 3:12 pm

കരിയറിലെ ഓരോ കഥാപാത്രത്തിനുവേണ്ടിയും ശരീരത്തെ മാറ്റിയെടുത്തിട്ടുണ്ടെന്നും പക്ഷെ എപ്പോഴും മസില്‍മാനായാണ് ആളുകള്‍ തന്നെ കാണുന്നതെന്നും നടന്‍ ഉണ്ണി മുകുന്ദന്‍. അതെല്ലാം കഥാപാത്രം ആവശ്യപ്പെട്ടിട്ടായിരുന്നെന്നും ഉണ്ണി മുകുന്ദന്‍ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വിക്രമാദിത്യനിലെ മസിലളിയന്‍, മസിലില്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ അയാളെ എന്ത് വിളിക്കും? അവിടെ മസില്‍ കഥാപാത്രത്തിന്റെ ആവശ്യമായിരുന്നു. അതുപോലെ മാമാങ്കത്തിലെ ചന്ദ്രോത്ത് പണിക്കര്‍ യോദ്ധാവാണ്.

ജീവിതത്തില്‍ നമ്മള്‍ യോദ്ധാക്കന്‍മാരെ കണ്ടിട്ടില്ല. എന്നാല്‍ അവരെപ്പറ്റി വായിച്ചിട്ടുണ്ട്. ചിത്രങ്ങളും കണ്ടിട്ടുണ്ട്. ഏകദേശം അങ്ങനെയൊക്കെ ആയിത്തീരണമെന്ന് വിചാരിച്ചിട്ടാണ് ശരീരത്തെ മാറ്റിയത്.

മാസ്റ്റര്‍പീസിലെ ജോണ്‍ തെക്കനും മിഖായേലിലെ മാര്‍ക്കോ ജൂനിയറും അങ്ങനെതന്നെ. അതുകൊണ്ടായിരിക്കും ആളുകള്‍ മസിലിനെ കുറിച്ച് അധികം സംസാരിക്കുന്നത്.

മസിലുകളുള്ള കഥാപാത്രങ്ങള്‍ മാത്രമേ ഞാന്‍ ചെയ്യുകയുള്ളൂ എന്ന തെറ്റിദ്ധാരണയും ഉണ്ടെന്നു തോന്നുന്നു. ജിമ്മില്‍ പോകുന്നതും ശരീരം പരിപാലിക്കുന്നതും അപരാധമായി കാണുന്നവരും ഇന്‍ഡസ്ട്രിയിലുണ്ട്. മസിലിനെ ചുറ്റിപ്പറ്റിയാണ് എപ്പോഴും അവരുടെ സംസാരം, ഉണ്ണി മുകുന്ദന്‍ പറയുന്നു.

വിക്രമാദിത്യന് ശേഷമായിരുന്നു കെ.എല്‍.10 പത്ത്. അതിലെ കഥാപാത്രത്തിന് മസിലുണ്ടായിരുന്നില്ല. ആ സിനിമയ്ക്കായി മലപ്പുറം ഭാഷ പഠിച്ചു. അതുപോലെ മേപ്പടിയാന് വേണ്ടി തടി കൂട്ടേണ്ടി വന്നു. അതിനായി ഡയറ്റ് ഉപേക്ഷിച്ചു, ഉണ്ണി മുകുന്ദന്‍ പറയുന്നു.

കാറ്റഗറൈസ് ചെയ്ത് സിനിമകള്‍ സെലക്ട് ചെയ്യുന്ന ആളല്ല താനെന്നും പ്രത്യേകതരം സിനിമകള്‍ തന്നെ വേണമെന്ന് നിര്‍ബന്ധവുമില്ലെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.

ഏത് തരം സിനിമകളും ചെയ്യും. ക്ലിന്റ് ചെയ്തിട്ടുണ്ട്. അതേസമയം കെ.എല്‍ 10 പത്തും ചെയ്തു. ആക്ഷന്‍ കിട്ടിയപ്പോള്‍ ആക്ഷനും ചെയ്തു. അതുപോലെ ന്യൂജെന്‍ സിനിമ, മാസ് സിനിമ എന്ന വ്യത്യാസവുമില്ല.

ഏത് സിനിമയാണ് ആരാധകരെ തൃപ്തിപ്പെടുത്തുന്നത് അതാണ് എന്റെ കാഴ്ചപാടില്‍ നല്ല സിനിമ. ഇതില്‍ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ റൊമാന്റിക്കാവും തിരഞ്ഞെടുക്കുക, ഉണ്ണി മുകുന്ദന്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Unni Mukundan About His Characters