| Saturday, 26th November 2022, 4:52 pm

അടുത്ത സിനിമയില്‍ ഞാന്‍ ഗന്ധര്‍വ്വനാണ്, ഒരു ഡയലോഗ് ഫാന്റസിയാണ് ചിത്രം: ഉണ്ണി മുകുന്ദന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അടുത്തതായി ചെയ്യാന്‍ പോകുന്ന സിനിമയില്‍ ഗന്ധര്‍വ്വനായിട്ടാണ് അഭിനയിക്കുന്നതെന്ന് ഉണ്ണി മുകുന്ദന്‍. ഗന്ധര്‍വ്വ ജൂനിയര്‍ എന്നാണ് ചിത്രത്തിന്റെ പേരെന്നും ഗന്ധര്‍വ്വന്‍ എന്ന ആശയത്തോട് തനിക്ക് ഭയങ്കര താല്‍പര്യവുമാണെന്ന് ഉണ്ണി പറഞ്ഞു. സിനിമ ഡാഡിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദന്‍ ഇക്കാര്യം പറഞ്ഞത്.

”ഞാന്‍ ഇനി ചെയ്യാന്‍ പോകുന്നത് ഗന്ധര്‍വ്വ ജൂനിയറാണ്. അതില്‍ ഒരുപാട് ഹ്യൂമര്‍ ഉണ്ട്. ഗന്ധര്‍വ്വന്‍ ഭൂമിയിലേക്ക് എത്തുന്ന കഥയാണ്. അതില്‍ ഞാന്‍ ഗന്ധര്‍വ്വനായിട്ടാണ് അഭിനയിക്കുന്നത്. അഞ്ച് വര്‍ഷം മുന്നേ ഒരു പയ്യന്‍ ഫാന്‍ എഡിറ്റ് പോലെ എനിക്ക് ഫോട്ടോ അയച്ചു തന്നിരുന്നു. അതില്‍ ഗന്ധര്‍വ്വനെ പോലെയാണ് എന്നെ വരച്ചത്.

അത് ഇഷ്ടപ്പെട്ടത് കൊണ്ട് ഞാന്‍ സൂക്ഷിച്ച് വെച്ചു. പിന്നെ കുറച്ച് പേരെന്നോട് പറഞ്ഞു ഇങ്ങനെത്തെ മൂവി ഉണ്ണി ചെയ്യണമെന്ന്. ഡയലോഗ് ഫാന്റസിയാണ് സിനിമ. എന്റെ കരിയറില്‍ തന്നെ കെ.എല്‍10 പത്ത്, ഒരു മുറൈ വന്ത് പാത്തായ ഇനി ചെയ്യാന്‍ പോകുന്ന സിനിമകളില്‍ എല്ലാം ഒരു ഫാന്റസി എലമെന്റ് ഉണ്ട്.

ഗന്ധര്‍വ്വന്‍ എന്ന കണ്‍സെപ്റ്റിനോട് എനിക്ക് ഭയങ്കര താല്‍പര്യം ഉണ്ടായിരുന്നു. ഒരു കാര്യമെന്താണെന്ന് വെച്ചാല്‍ ഇത്തരം കാര്യങ്ങള്‍ നമ്മള്‍ ചിന്തിച്ച് ചിന്തിച്ച് ലൈഫില്‍ സംഭവിക്കാറുണ്ട്. എന്റെ ലൈഫില്‍ സംഭവിച്ച പല കാര്യങ്ങളും അങ്ങനെ സംഭവിച്ചതാണ്.

അത്തരം കാര്യങ്ങളില്‍ എനിക്ക് വിശ്വാസമുണ്ട്. പക്ഷെ ആഗ്രഹിക്കുന്നതില്‍ സത്യസന്ധതയുണ്ടായിരിക്കണം. ഈ സിനിമയിലൂടെ ചെയ്യാന്‍ ആഗ്രഹിച്ച പല കാര്യങ്ങളും എന്റെ അടുത്ത് എത്തിക്കഴിഞ്ഞു,” ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

ഷെഫീക്കിന്റെ സന്തോഷമാണ് ഉണ്ണിയുടെ പുതിയ ചിത്രം. നവാഗതനായ അനൂപ് പന്തളമാണ് ഷെഫീക്കിന്റെ സന്തോഷം സംവിധാനം ചെയ്യുന്നത്. നവംബര്‍ 25ന് സിനിമ തിയേറ്ററില്‍ റിലീസ് ചെയ്തു. ബാല, ദിവ്യ പിള്ള, ആത്മീയ രാജന്‍, ഷഹീന്‍ സിദ്ദിഖ്, മിഥുന്‍ രമേശ്, സ്മിനു സിജോ എന്നിവരും മറ്റ് മുഖ്യവേഷങ്ങളിലുണ്ട്. മേപ്പടിയാന് ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മിക്കുന്ന ചിത്രമാണിത്.

content highlight: actor unni mukundan about gandharva junior movie

Latest Stories

We use cookies to give you the best possible experience. Learn more