വിനുമോഹനും ഭാമയും ഒരുമിച്ച് അഭിനയിച്ച ചിത്രമാണ് നിവേദ്യം. ലോഹിത ദാസ് സംവിധാനം ചെയ്ത ചിത്രം 2007ലാണ് റിലീസ് ചെയ്തത്. ചിത്രത്തില്‍ വിനുവിന് പകരം താന്‍ ആയിരുന്നു അഭിനയിക്കേണ്ടിയിരുന്നതെന്ന് പറയുകയാണ് ഉണ്ണി മുകുന്ദന്‍.
ലോഹിത ദാസ് സിനിമ ചെയ്യാനായി വിളിച്ചപ്പോള്‍ സിനിമയില്‍ അഭിനയിക്കണോ വേണ്ടയോ എന്ന ഡൗട്ട് അടിച്ച് നില്‍ക്കുന്ന സമയമായിരുന്നുവെന്നും താന്‍ ഒട്ടും സീരിയസ് അല്ലാതെ നടക്കുമ്പോഴും അദ്ദേഹം കൂടെ നിര്‍ത്തിയിരുന്നുവെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദന്‍ ഇക്കാര്യം പറഞ്ഞത്.
‘ലോഹി സാര്‍ എന്നോട് കഥയൊന്നും പറഞ്ഞിരുന്നില്ല. ഭീഷ്മര്‍ എന്ന പേരില്‍ ഒരു സിനിമ ചെയ്യണം എന്ന് അദ്ദേഹത്തിന് ഉണ്ടായിരുന്നു. എന്നാല്‍ അതില്‍ ഞാന്‍ ആയിരുന്നില്ല പ്രധാന കഥാപാത്രം. മമ്മൂക്കയോ ലാലേട്ടനോ ചെയ്യണം എന്നായിരുന്നു. ഒരു കഥാപാത്രം എനിക്ക് ഉണ്ടായിരുന്നു.
നിവേദ്യം എന്ന സിനിമ ഞാന്‍ ചെയ്യേണ്ടിയതായിരുന്നു. അന്ന് ഞാന്‍ സിനിമയില്‍ അഭിനയിക്കണോ വേണ്ടയോ എന്ന് ഡൗട്ട് അടിച്ച് നടക്കുന്ന കാലമായിരുന്നു. അന്ന് എന്നോട് ലോഹിസാര്‍ കാണിച്ച മര്യാദ എന്താണെന്ന് വെച്ചാല്‍ ഞാന്‍ ഒട്ടും സീരിയസ് അല്ലാതെ നടക്കുമ്പോഴും എന്നെ കൂടെ നിര്‍ത്തി.
എനിക്ക് സമയം തന്നു. പിന്നീട് നീ ഇതില്‍ അഭിനയിക്ക് നീ മുന്നോട്ട് പോകുമെന്ന് പറഞ്ഞിരുന്നു. എന്നെക്കുറിച്ച് അദ്ദേഹത്തിന് ഒരു കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നു. ആ കോണ്‍ഫിഡന്‍സിന്റെ പുറത്താണ് ഞാന്‍ മുന്നോട്ട് പോയത്. എന്നോട് വളരെ മാന്യമായിട്ടാണ് ലോഹി സാര്‍ പെരുമാറിയത്,’ ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
അനൂപ് സംവിധാനം ചെയ്ത് ഈ മാസം 25ന് തിയേറ്ററിലെത്തുന്ന ഷെഫീക്കിന്റെ സന്തോഷമാണ് ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ചിത്രം. ആത്മീയ രാജന്‍, ദിവ്യ പിള്ളൈ, ബാല എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്.
content highlight: actor unni mukundan about director lohitha das and nivedhyam movie