സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ (സി.സി.എല്‍) നിന്ന് അമ്മയും മോഹന്‍ലാലും പിന്‍മാറിയെന്ന വിവാദത്തില്‍ പ്രതികരിച്ച് ടീമിലെ പ്രധാന അംഗമായ ഉണ്ണി മുകുന്ദന്‍. ഇതൊരു ഭീകരമായ സംഭവമായി തനിക്ക് തോന്നുന്നില്ലെന്നും കളിക്കുന്ന ആരും സ്‌പോര്‍ട് അത്‌ലറ്റ്‌സ് അല്ലെന്നും അദ്ദേഹം പറഞ്ഞു.
പരിക്ക് പറ്റാതെ തിരിച്ച് ലൊക്കേഷനിലേക്ക് എത്തുകയെന്ന മൈന്‍ഡ് സെറ്റിലാണ് എല്ലാവരും കളിക്കുന്നതെന്നും കളിയുടെ ഇടയില്‍ ചാടിപ്പിടിക്കാനൊക്കെ പറയുന്നുണ്ടെങ്കിലും പരിക്ക് പറ്റാതെ തിരിച്ചുപോകണമെന്നാണ് തങ്ങളുടെ ഉള്ളിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
”അതൊരു ഭീകരമായിട്ടുള്ള സംഭവമായിട്ട് എനിക്ക് തോന്നുന്നില്ല. ഇതില്‍ കളിക്കുന്ന ആരും സ്‌പോട്‌സ് അത്‌ലറ്റ്‌സ് ഒന്നുമല്ല. ഈ ഗെയിമിനോടുള്ള ഇഷ്ടം കൊണ്ടാണ് വരുന്നത്. എല്ലാവരും ഷൂട്ടിങ്ങിന്റെ തിരക്കുകളില്‍ നിന്നും വരുന്നവരാണ്. പരിക്ക് പറ്റാതെ തിരിച്ച് ലൊക്കേഷനിലേക്ക് പോകേണ്ട മൈന്‍ഡ് സെറ്റിലാണ് കളിക്കുന്നത്.
കളിക്കുന്നതിന് ഇടയില്‍ ചാടിപ്പിടിച്ചൂടെയൊന്നൊക്കെ പറയുമ്പോള്‍ നമ്മള്‍ തന്നെ പറയുന്നുണ്ട് ഷൂട്ടിങ്ങ് മുടങ്ങുമെന്ന്. ഇത്തരത്തില്‍ കുറേ കാര്യങ്ങള്‍ ആലോചിച്ചിട്ടാണ് ഈ ഗെയിം കളിക്കുന്നത്.
ക്രിക്കറ്റിനോടുള്ള ഇഷ്ടം കൊണ്ടാണ് ക്രിക്കറ്റും അഭിനയവും ഒന്നിച്ച് കൊണ്ടു പോകുന്നത്. ഇപ്പോള്‍ തന്നെ ടീമിലെ നന്നായി കളിക്കുന്ന പലതാരങ്ങളും ഷൂട്ടിങ്ങിലാണ്. അതില്‍ നിന്നും സമയം കണ്ടെത്തി വരിക എന്നത് വലിയ വെല്ലുവിളിയാണ്.
അത്തരത്തില്‍ പ്രാക്ടീസ് ഇല്ലാതെ പെട്ടെന്ന് കളത്തിലിറങ്ങുമ്പോള്‍ ഉള്ള പ്രതിസന്ധിയുണ്ട്. എന്നാലും കളിയോടുള്ള ഇഷ്ടത്തില്‍ എല്ലാവരും കളിക്കുന്നു, ജയിക്കാന്‍ തന്നെയാണ് കളിക്കുന്നത്,” ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
കേരള സ്‌ട്രൈക്കേഴ്‌സിന് വലിയൊരു ഫാന്‍ ബേസ് കേരളത്തിലുണ്ടെന്നും ആദ്യത്തെ രണ്ട് കളിതോറ്റപ്പോള്‍ തന്നെ അതിന്റെ ആഴം മനസിലായെന്നും അദ്ദേഹം പറഞ്ഞു.
”സി.സി.എല്ലില്‍ മത്സരിക്കുന്ന കേരള സ്‌ട്രൈക്കേഴ്‌സിന് വലിയൊരു ഫാന്‍ ബേസ് കേരളത്തിലുണ്ട്. ആദ്യത്തെ രണ്ട് കളി തോറ്റപ്പോള്‍ തന്നെ അതിന്റെ ഒരു വ്യാപ്തി മനസിലായി. തോറ്റപ്പോള്‍ ആരാധകരുടെ സങ്കടവും ദേഷ്യവും ഒക്കെ ഓണ്‍ലൈനില്‍ കാണുന്നുണ്ട്.
അടിസ്ഥാനപരമായി അത് ഈ ടീമിനോടുള്ള ഇഷ്ടമാണ്. ഞാന്‍ അടക്കം ഈ ടീമില്‍ വന്നു പോകുന്ന താരങ്ങളാണ്. ഞാന്‍ ഇപ്പോള്‍ ടീമിന്റെ പ്രശ്മായി മനസിലാക്കുന്നത് സി.സി.എല്ലിന്റെ പുതിയ ഫോര്‍മാറ്റാണ്.
മികച്ച കളിക്കാരെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ഇറക്കാന്‍ നമ്മുടെ ടീമിന് സാധിച്ചിട്ടില്ല. ഒരു വര്‍ഷം മുഴുവന്‍ പ്രാക്ടീസ് ചെയ്യുന്നര്‍ അല്ലല്ലോ താരങ്ങള്‍ അതിനാല്‍ അവരെ ചില സ്ഥലത്ത് തന്ത്രപരമായി ഇറക്കുമ്പോള്‍ അത് വിജയിക്കുന്നില്ല,” ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
content highlight: actor unni mukundan about ccl