കഥാപാത്രങ്ങളുടെ വലിപ്പച്ചെറുപ്പമൊന്നും തന്നെ ബാധിക്കാറില്ലെന്നും വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്ത സമയത്തും തന്നെ ഇഷ്ടപ്പെട്ട പ്രേക്ഷകര്‍ ഉണ്ടെന്നും നടന്‍ ഉണ്ണി മുകുന്ദന്‍. മോഹന്‍ലാല്‍- ജീത്തു ജോസ് കൂട്ടുകെട്ടില്‍ ഇറങ്ങിയ 12ത്ത് മാനില്‍ അഭിനയിക്കാന്‍ ചില കാരണങ്ങള്‍ ഉണ്ടായിരുന്നെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ലീഡ് റോളുകള്‍ കൂടുതലായി ചെയ്യണമെന്ന ആഗ്രഹം തീര്‍ച്ചയായുമുണ്ട്. ലീഡ് റോള്‍ ചെയ്യുമ്പോഴാണ് കൂടുതല്‍ പെര്‍ഫോം ചെയ്യാനുള്ള സ്‌പേസ് കിട്ടുന്നത്. കാരണം കഥ അങ്ങനെയാണ് സ്റ്റിച്ച് ചെയ്യപ്പെടുന്നത്. അത് സത്യമാണ്. പക്ഷേ നല്ല ടീമിനൊപ്പം സിനിമ ചെയ്യുമ്പോള്‍ നമുക്ക് പഠിക്കാന്‍ കുറേ കാര്യങ്ങളുണ്ടാകും.
ജീത്തു ജോസഫിനും മോഹന്‍ലാല്‍ സാറിനുമൊപ്പം ഞാന്‍ ആദ്യമായിട്ടാണ് വര്‍ക്ക് ചെയ്യുന്നത്. ലാല്‍ സാറിനൊപ്പം ഇത്രയും ഡയലോഗുള്ള മലയാളം സിനിമ ചെയ്യുന്നതെന്നും ആദ്യമാണ്. ഗസ്റ്റ് റോളുകള്‍ ചെയ്യുന്നത് എന്റെ സ്റ്റാര്‍ഡത്തെ ബാധിക്കുമോ എന്നൊന്നും ആലോചിച്ചിട്ടില്ല. ഞാന്‍ വില്ലനായി നിന്നപ്പോഴും ഒരു വിഭാഗം ആള്‍ക്കാര്‍ എന്നെ ഇഷ്ടപ്പെട്ടിട്ടുണ്ട്.
എന്താണ് നായകനായുള്ള സിനിമ ചെയ്യാത്തത് എന്ന് ആ സമയത്ത് ചോദിച്ചവരുണ്ട്. എന്നെ സംബന്ധിച്ച് അപ്പോഴൊന്നും ഇന്‍സെക്യൂരിറ്റി ഫീല്‍ ചെയ്തിട്ടില്ല. വില്ലനായിട്ട് ചെയ്താല്‍ എന്നെ ഇഷ്ടപ്പെടുന്നവര്‍ പിന്നെ നായകനായിട്ട് സ്വീകരിക്കില്ല എന്നൊന്നും ഇല്ല. അഞ്ച് വര്‍ഷം ഞാന്‍ വില്ലനായിട്ടാണ് അഭിനയിച്ചത്. ആറാമത്തെ വര്‍ഷമാണ് മേപ്പടിയാന്‍ വന്നത്. കൊവിഡ് കാരണം രണ്ട് വര്‍ഷം സിനിമയൊന്നും വന്നില്ല.
മേപ്പടിയാനില്‍ ഉണ്ണിയെ നായകനാക്കി സങ്കല്‍പ്പിക്കാന്‍ പറ്റില്ലെന്ന് ഒരു മൊമെന്റില്‍ പോലും തോന്നിയിട്ടില്ല. അങ്ങനത്തെ കോണ്‍ഫിഡന്‍സ് ഇല്ലായ്മയൊന്നും എനിക്കില്ല. ഞാന്‍ വില്ലനായിട്ട് അഭിനയിക്കുമ്പോള്‍ പോലും ഞാനാണ് ഹീറോ എന്ന് വിചാരിച്ചാണ് ടേക്ക് കൊടുക്കാറ്. സിനിമയെ കുറിച്ച് മാത്രമല്ല ജീവിതത്തെ കുറിച്ച് പോലുമുള്ള എന്റെ ആറ്റിറ്റിയൂഡ്. ഇതാണ്,’ ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
12ത്ത് മാന്റെ ഭാഗമാകാന്‍ ചില കാരണങ്ങള്‍ ഉണ്ടെന്നും അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞു. 12ത്ത് മാന്‍ ചെയ്തതിനുള്ള ഒരു കാരണം ഇങ്ങനെയൊരു ടീമിനൊപ്പം സിനിമ ചെയ്യുമ്പോള്‍ കുറേ പഠിക്കാന്‍പറ്റും എന്നതാണ്. ഞാനിപ്പോള്‍ ഒരു ലേണിങ് സ്‌പേസിലാണ്. പിന്നെ ഞാന്‍ നായകനായ സിനിമകള്‍ പിന്നാലെ വരുന്നുണ്ടല്ലോ.
നല്ല ടീമിനൊപ്പം നല്ല സിനിമ വേണ്ടെന്ന് വയ്ക്കില്ല. ലാല്‍ സാറിനൊപ്പം അഭിനയിക്കാന്‍ പിന്നെ രണ്ടാമത് ഒരു ആലോചനയുടെ ആവശ്യമില്ല. സത്യം പറഞ്ഞാല്‍ ഇതൊരു ഫാന്‍ ബോയ് മൊമെന്റില്‍ എടുത്ത തീരുമാനമാണ്. 10 വര്‍ഷത്തിന് ശേഷം ആദ്യമായിട്ടാണ് ആശീര്‍വാദ് സിനിമാസിനൊപ്പം അഭിനയിക്കുന്നത്. ആ ചിത്രത്തിന് നല്ല ഫീഡ് ബാക്ക് കിട്ടി. അഞ്ച് വര്‍ഷമൊക്ക കഴിയുമ്പോള്‍, നമ്മുടെ സിനിമകളുടേതായ തിരക്കില്‍ കുറേ സമയം പോകുമ്പോള്‍ ഇത്തരം സിനിമകള്‍ ചിലപ്പോള്‍ ചെയ്യാന്‍ പറ്റാതെ പോകും, ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
Content Highlight: Actor Unni Mukundan about 12th man movie and his decision to act that film