| Monday, 30th January 2023, 9:27 pm

മമ്മൂക്കയുടെ ആ സെറ്റില്‍ വെച്ച് ഞാന്‍ കരഞ്ഞുപോയി, എനിക്കത് ചെയ്യാന്‍ കഴിയുന്നില്ലായിരുന്നു: ഉണ്ണി മുകുന്ദന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി നായകനായെത്തിയ മാസ്റ്റര്‍പീസ് എന്ന സിനിമയിലാണ് ഉണ്ണി മുകുന്ദന്‍ ആദ്യമായി വില്ലനായി അഭിനയിക്കുന്നത്. ഷൂട്ടിന്റെ ആദ്യ ദിവസങ്ങളില്‍ തനിക്ക് വില്ലനായി അഭിനയിക്കുന്ന കാര്യം സങ്കല്‍പ്പിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ലെന്നും തന്റെ കണ്ണ് വരെ നിറഞ്ഞിരുന്നുവെന്നും നടന്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

വില്ലനായി അഭിനയിക്കാമെന്നത് താന്‍ സ്വയമെടുത്ത തീരുമാനമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. വില്ലനായി അഭിനയിക്കുക എന്നതിനപ്പുറത്തേക്ക് മമ്മൂട്ടിയുടെ വില്ലനായി അഭിനയിക്കുക എന്നതാണ് തന്നെ കൂടുതല്‍ അലട്ടിയ കാര്യമെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. മനോരമ ന്യൂസിലെ നേരേ ചൊവ്വേ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഉണ്ണി മുകുന്ദന്‍.

‘ഒരു സമയത്ത് ഞാനെടുത്ത തീരുമാനമായിരുന്നു അത്. മോശപ്പെട്ട സിനിമകളില്‍ അഭിനയിക്കുന്നതിലും എന്തുകൊണ്ടും നല്ലതാണ്, നല്ല സിനിമകളില്‍ വില്ലനായി അഭിനയിക്കുന്നത്. ആദ്യമായി ഞാന്‍ മമ്മൂക്കയുടെ കൂടെയാണ് വില്ലനായി അഭിനയിച്ചത്. ശരിക്കും മാസറ്റര്‍പീസ് സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് ഞാന്‍ ഭയങ്കര വിഷമത്തിലായിരുന്നു. ബാങ്ക്‌കോക്ക് സമ്മര്‍ എന്ന സിനിമയില്‍ ഞാന്‍ വില്ലനായിട്ട് തന്നെയാണ് അഭിനയിച്ചത്.

പിന്നെ പല സിനിമകളിലും നായകനായി അഭിനയിച്ചിരുന്നു. എന്നാല്‍ മാസ്റ്റര്‍പീസില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് നല്ല വിഷമമുണ്ടായിരുന്നു. സിനിമയുടെ ഷൂട്ടിങ്ങൊക്കെ ആരംഭിച്ചു. വില്ലന്‍ നടന്നുവരുന്ന സീന്‍ ഷൂട്ട് ചെയ്തപ്പോള്‍ ഷോള്‍ഡറൊക്കെ താഴ്ത്തി സാധാരണ നടക്കുന്ന രീതിയില്‍ നിന്നും വ്യത്യസ്തമായാണ് ഞാന്‍ നടന്നത്.

അത് കണ്ടപ്പോള്‍ ഡയറക്ടര്‍ കട്ട് പറഞ്ഞു. ഉടനെ എന്നെ സിനിമയുടെ തിക്കഥാകൃത്ത് ഉദയേട്ടന്‍ സൈഡിലേക്ക് കൊണ്ടുപോയി. എന്ത് പറ്റിയെന്ന് ഉദയേട്ടന്‍ എന്നോട് ചോദിച്ചു. അപ്പോഴേക്കും എന്റെ കണ്ണൊക്കെ നിറഞ്ഞു. എനിക്ക് എന്നെയൊരു വില്ലനായി സങ്കല്‍പിക്കാന്‍ പോലും കഴിയുന്നില്ലെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. സിനിമയാണെങ്കില്‍ തുടങ്ങുകയും ചെയ്തു. അല്ലെങ്കില്‍ തന്നെ മമ്മൂക്കയുടെ മുമ്പില്‍ ഒരു വില്ലനായി ഞാന്‍ എങ്ങനെ നില്‍ക്കാനാണ്.

ഇങ്ങനെ എന്തൊക്കെയോ പ്രശ്‌നം അവിടെ നടക്കുന്നുണ്ടെന്ന് മമ്മൂക്ക അറിഞ്ഞു. ഉടനെ എനിക്ക് ജോര്‍ജേട്ടന്റെ ഫോണ്‍ വന്നു. നീ അതൊന്നും മനസില്‍ വെക്കേണ്ട വിട്ടേക്കാന്‍ അദ്ദേഹം പറഞ്ഞു. അപ്പോള്‍ ഉദയേട്ടന്‍ പറഞ്ഞു നീ ഹീറോയാടാ, നടക്കുമ്പോള്‍ ഒരു ബി.ജി.എമ്മൊക്കയിട്ട് നടന്ന് നോക്കാന്‍. പിന്നീട് ആ സിനിമയില്‍ മുഴുവന്‍ എന്റെ മനസില്‍ ജോണ്‍ തെക്കന്‍ ഒരു ഭയങ്കരമായ ഹീറോയായിരുന്നു,’

content highlight: actor unni mikundan about masterpeace movie

We use cookies to give you the best possible experience. Learn more