| Saturday, 4th March 2023, 3:07 pm

വിചാരിക്കുന്നത് പോലെ റിസള്‍ട്ട് കിട്ടുന്നില്ല, പലരുടെയും കമന്റുകള്‍ കണ്ടിരുന്നു: ഉണ്ണി മുകുന്ദന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ തുടര്‍ച്ചയായി രണ്ട് കളികള്‍ കേരള സ്‌ട്രൈക്കേഴ്‌സ് പരാജയപ്പെട്ടതിന്റെ കാരണങ്ങള്‍ വ്യക്തമാക്കുകയാണ് നടനും ടീം മെമ്പറുമായ ഉണ്ണി മുകുന്ദന്‍. സാങ്കേതികമായ ചില പ്രശ്‌നങ്ങളാണ് ഇത്തരത്തില്‍ പരാജയപ്പെടാനുള്ള കാരണമെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.

കൃത്യമായി പരിശീലനം ഒന്നും ടീമിന് കിട്ടാത്തതും എല്ലാവര്‍ക്കും കൃത്യസമയത്ത് ഒരുമിച്ച് വരാന്‍ കഴിയാഞ്ഞതുമൊക്കെ പരാജയത്തിന്റെ കാരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈനില്‍ വരുന്ന വിമര്‍ശനങ്ങള്‍ കാണാറുണ്ടെന്നും അതൊക്കെ ടീമിനോടുള്ള ഇഷ്ടം കൊണ്ടാണെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവെ ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

‘കേരള സ്‌ട്രൈക്കേഴ്‌സിന് നല്ലൊരു ഫാന്‍ ബേസുണ്ട്. കഴിഞ്ഞ രണ്ട് കളികള്‍ പരാജയപ്പെട്ടപ്പോള്‍ അതിന്റെ സങ്കടവും ദേഷ്യവുമൊക്കെ നമ്മള്‍ ഓണ്‍ലൈനില്‍ കണ്ടതാണ്. അടിസ്ഥാനപരമായി അത് ടീമിനോടുള്ള ഇഷ്ടമാണ്. നമ്മള്‍ വിചാരിക്കുന്നത് പോലെ റിസള്‍ട്ട് കിട്ടുന്നില്ലെന്നതാണ് പ്രശ്‌നം.

സി.സി.എല്‍ മുമ്പോട്ട് വെച്ച പുതിയ കളി മാര്‍ഗങ്ങളില്‍ കൃത്യമായ ചില രീതികള്‍ ആവശ്യമാണ്. വിചാരിച്ചത് പോലെ എല്ലാ താരങ്ങളെയും കൃത്യസമയത്ത് കൊണ്ടുവരാനൊന്നും സാധിച്ചില്ല. ഞാനടക്കമുള്ള താരങ്ങളുടെയും അവസ്ഥ അതുതന്നെയാണ്. ഒരു വര്‍ഷം മുഴുവനും പരിശീലനം നേടിയിടിട്ടൊന്നുമല്ലല്ലോ നമ്മളാരും കളിക്കുന്നത്.

അതുകൊണ്ട് സ്ട്രാറ്റജിക്കലി ചില കാര്യങ്ങള്‍ ചെയ്യേണ്ടി വന്നപ്പോള്‍ അതൊന്നും വര്‍ക്കായില്ല. ബാറ്റിങ് ഓര്‍ഡറിലൊക്കെ മാറ്റം വരുത്തേണ്ടി വന്നിട്ടുണ്ട്. അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നോ എന്ന കമന്റൊക്കെ ഓണ്‍ലൈനിലൂടെ പലരും പറഞ്ഞിരുന്നു.

നമുക്കും ഈ കാര്യങ്ങളൊക്കെ അറിയാം. പക്ഷെ റൂള്‍സ് വെച്ചിട്ടാണല്ലോ മുമ്പോട്ട് പോകുന്നത്. അതുപോലെ തന്നെ മാക്‌സിമം നടന്മാരെ ഇതില്‍ ഉള്‍പ്പെടുത്തണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. ഒരുപാട് വെല്ലുവിളികള്‍ ഞങ്ങള്‍ക്ക് മുമ്പിലുണ്ട്. ഇതൊന്നും തോറ്റതിനുള്ള എക്‌സ്‌ക്യൂസായിട്ടല്ല പറയുന്നത്,’ ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

content highlight: actor unni mikundan about kerala strikers

We use cookies to give you the best possible experience. Learn more