| Monday, 13th February 2023, 12:27 pm

'നിനക്ക് ഇതുവരെ ഉമ്മ നിര്‍ത്താറായില്ലേ എന്നാണ് ചിലരൊക്കെ ചോദിച്ചത്; അല്ലെങ്കിലും ഇതൊക്കെ ചെറുത്'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജിതിന്‍ ഐസക് സംവിധാനം ചെയ്ത് ഫെബ്രുവരി 10ന് തിയേറ്ററുകളിലെത്തിയ സിനിമയാണ് രേഖ. വിന്‍സി അലോഷ്യസ് നായികയായെത്തിയ സിനിമയില്‍ നായകനാകുന്നത് സോഷ്യല്‍ മീഡിയയിലൂടെ ജനശ്രദ്ധ നേടിയ ഉണ്ണി ലാലുവാണ്. തന്റെ പഴയ വീഡിയോസും സിനിമയുടെ ട്രെയിലറുമൊക്കെ കണ്ടിട്ട് തനിക്കൊരാള്‍ മെസേജ് അയച്ചതിനെ കുറിച്ച് പറയുകയാണ് ഉണ്ണി.

ഷോട്ട് വീഡിയോസുകളിലും വെബ് സീരീസുകളിലുമൊക്കെ റൊമാന്റിക് കഥാപാത്രമായിട്ടാണ് ഉണ്ണി എത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ രേഖയുടെ ട്രെയിലര്‍ കണ്ടപ്പോള്‍ ഇതുവരെ ഉമ്മ നിര്‍ത്താറായില്ലേ എന്നാണ് ഒരാള്‍ ചോദിച്ചതെന്നും ഉണ്ണി ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘എന്റെ പഴയ കുറേ വീഡിയോസും രേഖയുടെ ട്രെയിലറുമൊക്കെ കണ്ടിട്ട് എനിക്കൊരു മെസേജ് വന്നിരുന്നു. നിനക്ക് ഇതുവരെ ഉമ്മ നിര്‍ത്താറായില്ലേ എന്നാണ് ആ മെസേജില്‍ ചോദിച്ചത്. രാത്രിയില്‍ കാമുകിയുടെ വീട്ടില്‍ കയറുക, റൊമാന്‍സ് വര്‍ക്കൗട്ട് ചെയ്യുക പിന്നെ കട്ടിലിന്റെ അടിയിലൊക്കെ കയറിയിരിക്കുക തുടങ്ങിയതൊക്കെ ആണല്ലോ എന്റെ വീഡിയോയിലെ മെയിന്‍ പരിപാടി.

രേഖയില്‍ അങ്ങനെയൊന്നുമില്ല. അതായത് ഞാന്‍ പൊതുവെ ചെയ്യുന്ന സിനിമകള്‍ പോലെയല്ല ഇത്. എന്റെ കഥാപാത്രങ്ങളില്‍ ഏറ്റവും വ്യത്യസ്തമായതാണ് ഈ സിനിമയിലേത്. ഇവിടെയും റൊമാന്‍സൊക്കെ ചെയ്യുന്നുണ്ട്. അതൊന്നും ചെയ്യുന്നതില്‍ എനിക്കത്ര നാണമൊന്നും തോന്നിയിട്ടില്ല. അതൊക്കെ ചെറുത് എന്നാണ് എന്റെ മൈന്റ്.

പണ്ട് ഞാനൊരു സിനിമയില്‍ ചെറുതായിട്ട് തല കാണിച്ചിരുന്നു. കൂടുതലായിട്ടൊന്നുമില്ല, വെറുതെ തലകാണിച്ചിട്ട് പോകുന്നതാണ് കഥാപാത്രം. സിനിമയില്‍ അഭിനയിക്കാന്‍ പോവുകയാണെന്നും പറഞ്ഞാണ് നാട്ടില്‍ നിന്നും പോരുന്നത്. സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയപ്പോള്‍ വെറുതെ കൂട്ടുകാരോട് പറഞ്ഞതാണ്.

അവിടെ എത്തിയപ്പോഴാണ് മനസിലായത് പ്രതീക്ഷിച്ചതുപോലെ ഒന്നും റോള്‍ എനിക്ക് സിനിമയിലില്ലെന്ന്. ഷൂട്ട് കഴിഞ്ഞ് തിരിച്ച് നാട്ടില്‍ വരുമ്പോഴാണ് കാണുന്നത്, അവിടെ വലിയൊരു ഫ്‌ളക്‌സൊക്കെ വെച്ചിരിക്കുന്നു. കോട്ടുളിയില്‍ മെയിന്‍ റോഡിലാണ് അത് വെച്ചിരിക്കുന്നത്. അത് കണ്ട് ഞാന്‍ ശരിക്കും അയ്യോ എന്നുവെച്ചു പോയി,’ ഉണ്ണി ലാലു പറഞ്ഞു.

content highlight: actor unni lalu about his new movie rekha

We use cookies to give you the best possible experience. Learn more