| Saturday, 6th March 2021, 10:42 am

'പിണറായി മലയാളികളുടെ സ്വന്തം ക്യാപ്റ്റന്‍'; മുഖ്യമന്ത്രിക്കെതിരായ കസ്റ്റംസ് സത്യവാങ്മൂലത്തിനെതിരെ പ്രതിഷേധവുമായി മുകേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: ഡോളര്‍കടത്തുകേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന കസ്റ്റംസ് കണ്ടെത്തലിനെതിരെ എം.എല്‍.എ മുകേഷിന്റെ നേതൃത്വത്തില്‍ പ്രതിഷേധം. ഇത് കള്ളക്കേസ് ആണെന്നും മുഖ്യമന്ത്രി മലയാളികളുടെ സ്വന്തം ക്യാപ്റ്റനാണെന്നുമാണ് മുകേഷ് പറഞ്ഞു.

മലയാളികളുടെ സ്വന്തംക്യാപ്റ്റനെതിരെ കള്ളക്കേസ് എടുക്കുവാനുള്ള കേന്ദ്ര ഏജന്‍സികളുടെ നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ട് സി.പി.ഐ.എം കൊല്ലം പോര്‍ട്ട് ലോക്കല്‍ നടത്തിയ പ്രകടനത്തില്‍ പങ്കെടുത്തുവെന്ന് മുകേഷ് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ വിശദീകരിച്ചു.

ഡോളര്‍ കടത്തുകേസില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി കഴിഞ്ഞ ദിവസമാണ് കസ്റ്റംസ് സത്യവാങ്മൂലം നല്‍കിയത്.

സ്വര്‍ണക്കടത്തില്‍ അന്വേഷണം നേരിടുന്ന യു.എ.ഇ കോണ്‍സുലര്‍ ജനറലുമായി അടുത്ത ബന്ധമാണ് മുഖ്യമന്ത്രിക്കുണ്ടായിരുന്നത്. അറബി അറിയാവുന്നവരായിരുന്നില്ല മുഖ്യമന്ത്രിയും സ്പീക്കറും. അതിനാല്‍ ഇവര്‍ക്കും കോണ്‍സുലര്‍ ജനറലിനുമിടയില്‍ മധ്യസ്ഥത വഹിച്ച് സംസാരിച്ചത് താനായിരുന്നുവെന്നും മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാരും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു എന്നും സ്വപ്ന പറഞ്ഞതായി കസ്റ്റംസിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.

ജയിലില്‍ വച്ച് സ്വപ്നയെ ചോദ്യം ചെയ്യുന്നതിനെ ചൊല്ലി ജയില്‍ വകുപ്പും കസ്റ്റംസ് തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നിലനില്‍ക്കുന്നുണ്ട്. ഈ ഹരജിയുടെ ഭാഗമായിട്ടാണ് കസ്റ്റംസ് ഇപ്പോള്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

കോണ്‍സുലര്‍ ജനറലിന്റെ സഹായത്തോടെ മുഖ്യമന്ത്രിയും സ്പീക്കറും ഡോളര്‍ കടത്തിയെന്ന് സ്വപ്നയുടെ മൊഴിയില്‍ പറയുന്നു. അനധികൃത പണമിടപാടുകളാണ് കോണ്‍സുലര്‍ ജനറലുമായി ഇവര്‍ നടത്തിയത്.

ഇടപാടുകളില്‍ ഉന്നതര്‍ കോടിക്കണക്കിന് രൂപ കമ്മിഷന്‍ കൈപ്പറ്റിയെന്നതടക്കമുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് സ്വപ്ന സുരേഷ് കോടതിയില്‍ നടത്തിയതെന്നും കസ്റ്റംസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Actor turned politician Mukesh protest against customs in Pinarayi vijayan

We use cookies to give you the best possible experience. Learn more