| Monday, 9th October 2023, 6:21 pm

ആ കാര്യത്തില്‍ മമ്മൂക്കയുടെയും ലാലേട്ടന്റെയും ഏഴയലത്ത് എത്തില്ല: ടൊവിനോ തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു വര്‍ഷം ഒരുപാട് സിനിമകളില്‍ അഭിനയിക്കുന്ന കാര്യത്തില്‍ താന്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഏഴയലത്തെത്തില്ലെന്ന് ടൊവിനോ തോമസ്. ഇക്കാലത്ത് ഇങ്ങനെ പടങ്ങള്‍ ഒരുമിച്ച് വരുന്നത് വലിയ കാര്യമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. രേഖ മേനോനുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ടൊവിനോ.

‘എണ്‍പതുകളിലാണ് ഒരാളുടെ ഒരുപാട് പടങ്ങള്‍ ഒരുമിച്ചിറങ്ങിയിട്ടുള്ളത്. 1986ല്‍ ലാലേട്ടന്റെ 36 സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. ഒരു ഓണത്തിന് മമ്മൂക്കയുടെ അഞ്ച് പടങ്ങള്‍ റിലീസായിട്ടുണ്ട്. അതൊക്കെ നോക്കുമ്പോള്‍ നമ്മളതിന്റെ ഏഴയലത്ത് എത്തില്ല. ഇക്കാലത്ത് ഇങ്ങനെ പടങ്ങള്‍ ഒരുമിച്ച് വരുന്നത് വലിയ കാര്യമാണ്. നമ്മള്‍ അവരുടെ പാത പിന്തുടരുകയാണ് ചെയ്യുന്നത്,’ ടൊവിനോ പറഞ്ഞു

2017-18ല്‍ തന്റെ എട്ടിലധികം സിനിമകള്‍ റിലീസായതിനെ പറ്റി ചോദിച്ചപ്പോഴാണ് ടൊവിനോ ഇത് പറഞ്ഞത്. ടൊവിനോയുടേതായി 2017ല്‍ മുന്ന് സിനിമകളും 2018ല്‍ ആറു സിനിമകളുമാണ് തിയേറ്റില്‍ എത്തിയത്.

സിനിമകള്‍ എല്ലാകാലത്തേക്കും ഇവിടെ അവശേഷിക്കുമെന്നും കുറേകാലം കഴിഞ്ഞ് കാണുമ്പോള്‍ ചിലത് കൂടുതല്‍ ആളുകള്‍ക്ക് ഇഷ്ടടപെടുമെന്നും താരം പറയുന്നു. ‘തല്ലുമാല’, ‘ഡിയര്‍ ഫ്രണ്ട്’, ‘മിന്നല്‍ മുരളി’, ‘മായാനദി’ എന്നീ സിനിമകളെ പറ്റിയും ടൊവിനോ സംസാരിച്ചു.

‘എനിക്ക് പലപ്പോഴും നല്ല പാട്ടുകളുടെ ഭാഗമാകാന്‍ കഴിയാറുണ്ട്. ഒരു സിനിമ പോലും തിയേറ്ററില്‍ പോയി കാണാത്തവര്‍ ആ പാട്ടുകള്‍ കേള്‍ക്കുന്നുമുണ്ട്. കഴിഞ്ഞ ദിവസം ഒരാള്‍ എന്റെയടുത്ത് വന്നു പറഞ്ഞു, അയാള്‍ തിയേറ്ററില്‍ പോയി സിനിമ കാണാറില്ല, പക്ഷേ എന്റെ പാട്ടുകള്‍ കേള്‍ക്കാറുണ്ടെന്ന്.

‘തല്ലുമാല’യില്‍ ശരീരത്തിന് വേദനയാകുന്ന അടിയും ഇടിയുമൊക്കെ കിട്ടിയിട്ടുണ്ട്. അതൊക്കെ ദിവസങ്ങള്‍ക്കുള്ളില്‍ മാറും. എന്നാല്‍ നമ്മള്‍ ചെയ്തു വെച്ച സിനിമകള്‍ എല്ലാകാലത്തേക്കും അവിടെ കാണും.

എനിക്ക് ‘ഡിയര്‍ ഫ്രണ്ട്’ ഒരുതരം സാറ്റിസ്ഫാക്ഷന്‍ തന്ന സിനിമയാണ്. ആ സിനിമ മാഞ്ഞുപോകില്ല. അത് അവിടെയുണ്ടാകും. ചിലപ്പോള്‍ കുറേകാലം കഴിഞ്ഞ് കാണുമ്പോള്‍ കൂടുതല്‍ ആളുകള്‍ക്ക് അത് ഇഷ്ടടപെടും.

‘മിന്നല്‍ മുരളി’യാണ് എനിക്ക് മറ്റൊരുതരത്തിലുള്ള വിസിബിലിറ്റി തന്നത്. വേറെയൊരു തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ഞാന്‍ സിനിമയില്‍ വരുന്നതിന് മുന്‍പ് ആഗ്രഹിച്ചതിനും എത്രയോ മുകളിലാണ് ആ സിനിമ. ‘മിന്നല്‍ മുരളി’ എന്റെ ഏറ്റവും വലിയ സിനിമയാണ്. ബഡ്ജറ്റ് കൊണ്ടല്ല വലുതെന്നു പറയുന്നത്. എന്റെ കരിയറിലെ വലിയ സിനിമയാണ്.

എനിക്ക് ഒരുപാട് സ്‌നേഹം ലഭിക്കാന്‍ കാരണമായ ഒരു സിനിമയാണ് ‘മായാനദി’. ഇപ്പോഴും ആ സിനിമ കണ്ട് എന്നെ മാത്തനെന്ന് വിളിക്കുന്നവരുണ്ട്. മാത്തന്‍ കുറെ ആളുകളുടെ പ്രതീകമാണ്. ഞാന്‍ ഒരിക്കലും വളരെ മെച്ചുവേര്‍ഡായി അല്ലെങ്കില്‍ സീരിയസായി സംസാരിക്കാന്‍ ഇഷ്ടടമുള്ള ആളല്ല. അതുകൊണ്ട് മാത്തനെ എനിക്ക് നന്നായി റിലേറ്റ് ചെയ്യാന്‍ പറ്റും,’ ടൊവിനോ പറഞ്ഞു

Content Highlight: Actor Tovino Thomas Talks About Mammootty And Mohanlal

We use cookies to give you the best possible experience. Learn more