മായാനദിക്കും വൈറസിനും ശേഷം ടൊവിനോയും ആഷിഖ് അബുവും ഒന്നിക്കുന്ന ചിത്രമാണ് നാരദന്‍. ടൊവിനോയുടെ ഏറെ പ്രതീക്ഷയുടെ ചിത്രം കൂടിയാണ് ഇത്. സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദന്‍ ഒരുക്കിയിരിക്കുന്നത്.
നാരദന്‍ സെറ്റിലെ മറക്കാനാവാത്ത ഒരു അനുഭവം പങ്കുവെക്കുകയാണ് ടൊവിനോ തോമസ്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് നടന്ന ചില കാര്യങ്ങള്‍ താരം പങ്കുവെച്ചത്.
പതിനൊന്ന് ദിവസം ഒരു സ്റ്റുഡിയോയില്‍ പ്ലാന്‍ ചെയ്ത ഷൂട്ട് വെറും മൂന്ന് ദിവസം കൊണ്ട് തീര്‍ക്കാന്‍ പറ്റിയതിനെ കുറിച്ചാണ് ടൊവിനോ അഭിമുഖത്തില് പറഞ്ഞത്.
‘ ഒരു പത്ത് പതിനൊന്ന് ദിവസമൊക്കെയാണ് ഒരു സ്റ്റുഡിയോയ്ക്കകത്ത് ഞങ്ങള്‍ ഷൂട്ട് പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ അത് ഞങ്ങള്‍ക്ക് വെറും മൂന്ന് ദിവസം കൊണ്ട് തീര്‍ക്കാന്‍ പറ്റി. ചാനല്‍ചര്‍ച്ച സീനാണ് എടുക്കുന്നത്. ഫുള്‍ ഡേ ഷൂട്ടാണ് പ്ലാന്‍ ചെയ്തിരുന്നത്. അത്തരത്തിലുള്ള ഒന്ന് രണ്ട് ചര്‍ച്ചകള്‍ സിനിമയില്‍ വരുന്നുണ്ട്, അതില്‍ ഒരു ചര്‍ച്ച ഷൂട്ട് ചെയ്യുകയാണ്. ഒരുപാട് കട്ട്‌സ് ഒക്കെ പോകേണ്ടി വരുന്ന ഒരു സീനാണ്.
ഒന്നിലേറെ ക്യാമറകള്‍ ഉണ്ടെങ്കിലും അത് രണ്ടാമത്തെ ടേക്കില്‍ സിംഗിള്‍ ഷോട്ടില്‍ എനിക്ക് ചെയ്തുതീര്‍ക്കാന്‍ പറ്റി. എന്നെ സംബന്ധിച്ച് ഒരു കോണ്‍ഫിഡന്‍സ് ബൂസ്റ്ററായിട്ടുള്ള എക്‌സ്പീരിയന്‍സ് ആയിരുന്നു അത്. അതും ഒരു 10-12 മിനുട്ടുള്ള ചര്‍ച്ചയാണ്.
സിനിമയില്‍ വരുമ്പോള്‍ അത് ടി.വിയില്‍ കാണുന്നപോലെയൊക്കെയായിരിക്കും വരുന്നത്. സിംഗിള്‍ ഷോട്ടിലുള്ള ഒരു ടേക്കല്ലായിരുന്നു അത്. എന്നാല്‍ അതിനെ ട്രീറ്റ് ചെയ്തത് സിംഗിള്‍ ഷോട്ട് പോലെ ആയിരുന്നു.
കട്ട് ചെയ്ത് കട്ട് ചെയ്ത് ആ സീന്‍ എടുക്കാമെന്നായിരുന്നു വിചാരിച്ചത്. എനിക്ക് നല്ല പേടിയുള്ളതുകൊണ്ട് തന്നെ ഞാന്‍ മുഴുവന്‍ കുത്തിയിരുന്ന് പഠിച്ചിട്ടാണ് വന്നത്. നന്നായി പ്രിപ്പയര്‍ ചെയ്തിരുന്നു.
അത് രണ്ടാമത്തെ ടേക്കില്‍ ഓക്കെ ആയതോടെ ഞങ്ങള്‍ ഒരു ഫുള്‍ഡേ ഷൂട്ട് പ്ലാന്‍ ചെയ്ത സംഭവം അരമണിക്കൂറില്‍ തീര്‍ക്കാന്‍ പറ്റി. ടേക്ക് കഴിഞ്ഞപ്പോള്‍ അടിപൊളിയായെന്നും നന്നായെന്നും ടീം പറഞ്ഞപ്പോള്‍ ഭയങ്കര സന്തോഷം തോന്നി’, ടൊവിനോ പറയുന്നു.
സനല്‍കുമാര്‍ ശശിധരന്റെ വഴക്ക് എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ഇത്രയും സമയമൊക്കെ ഒരു കഥാപാത്രത്തെ കാരി ചെയ്ത് അഭിനയിക്കാന്‍ തനിക്ക് പറ്റുമെന്ന് താന്‍ തന്നെ തിരിച്ചറിഞ്ഞതെന്നും ടൊവിനോ പറയുന്നു.
നാരദനില്‍ വന്നപ്പോള്‍ കുറേ സമയം ലാഭിക്കാനും എന്നാല്‍ ആ ഫ്‌ളോ മിസാകാതെ തന്നെ കഥാപാത്രത്തെ കാരി ചെയ്യാന്‍ തനിക്ക് സാധിച്ചെന്നും ടൊവിനോ പറഞ്ഞു.
ഉണ്ണി. ആര്‍. ആണ് നാരദന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്.
കട്ട താടിയും മുടിയുമായി ഇന്റലക്ച്വല്‍, സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലുള്ള ടൊവിനോയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഡാര്‍ക്ക് ഷേഡിലുള്ള പോസ്റ്ററുകള്‍ ചിത്രത്തിന്റെ ദുരൂഹ സ്വഭാവം വര്‍ധിപ്പിക്കുന്നതാണ്. സിനിമ ഒരു പൊളിറ്റിക്കല്‍ ത്രില്ലറായിരിക്കും എന്നാണ് പുറത്തുവരുന്ന സൂചനകള്‍.
അന്ന ബെന്‍ ആണ് ചിത്രത്തിലെ നായിക. ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ജാഫര്‍ സാദിഖ് ആണ് ക്യാമറ, സൈജു ശ്രീധരനാണ് എഡിറ്റിംഗ്.
സംഗീത സംവിധാനം ഡി.ജെ ശേഖര്‍ മേനോനും ഒര്‍ജിനല്‍ സൗണ്ട് ട്രാക്ക് നേഹയും യാക്സണ്‍ പെരേരയുമാണ് ഒരുക്കിയിരിക്കുന്നത്. ആര്‍ട്ട് ഗോകുല്‍ ദാസ്.
വസ്ത്രാലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് റോണക്സ് സേവിയര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആബിദ് അബു -വസിം ഹൈദര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന, വിതരണം ഒ.പി.എം സിനിമാസ്, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.
Content Highlight: Actor Tovino Thomas Share Naradan Movie Shooting Incidents