| Monday, 4th April 2022, 2:50 pm

കശ്മീരിലെ ആ ആരാധകന്‍ എന്നെ കണ്ട് അടുത്തെത്തി; മുഖത്ത് നോക്കിയ ശേഷം ഒറ്റച്ചോദ്യമാണ്; രസകരമായ അനുഭവം പറഞ്ഞ് ടൊവിനോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിന്നല്‍ മുരളി എന്ന ചിത്രത്തിന് ശേഷം പാന്‍ ഇന്ത്യന്‍ താരമായി മാറിയ വ്യക്തിയാണ് നടന്‍ ടൊവിനോ തോമസ്. മലയാളികള്‍ മാത്രമല്ലേ കേരളത്തിനും ഇന്ത്യയ്ക്കും പുറത്തുള്ളവര്‍ വരെ മിന്നല്‍ മുരളിയുടെ ഫാനായി. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ ഇന്ത്യന്‍ സിനിമയിലെ പ്രഭഗ്ഭരായ പല അഭിനേതാക്കളും സംവിധായകരുമെല്ലാം ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തുകയും ചെയ്തിരുന്നു.

മലയാളത്തിന് പുറത്ത് ടൊവിനോയ്ക്ക് നിരവധി ആരാധകരേയും മിന്നല്‍ മുരളി സമ്മാനിച്ചിരുന്നു. അത്തരത്തില്‍ മിന്നല്‍ മുരളി റിലീസിന് മുന്‍പ് കശ്മീരില്‍ വെച്ചുണ്ടായ രസകരമായ ഒരു ഫാന്‍ മൊമന്റിനെ കുറിച്ച് സംസാരിക്കുകയാണ് ടൊവിനോ

നോണ്‍ മല്ലു ഫാന്‍സ് തിരിച്ചറിഞ്ഞു തുടങ്ങിയ എന്തെങ്കിലും സംഭവം ഓര്‍ക്കുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ടൊവിനോയുടെ മറുപടി.

മിന്നലിന്റെ ട്രെയിലര്‍ പല ഭാഷയില്‍ ഇറങ്ങി പലരും ഷെയര്‍ ചെയ്യുകയും വൈറലാവുകയും ചെയ്ത സമയമാണ്. മിന്നലിന്റെ റിലീസിന് കുറച്ചുനാള്‍ മുന്‍പ്. പ്രൊമോഷന്‍സൊക്കെ വലിയ രീതിയില്‍ നടക്കുന്ന സമയം കൂടിയായിരുന്നു.

ഞാന്‍ ഫാമിലിയുമൊത്ത് കശ്മീര്‍ വരെ പോയിരുന്നു. അവിടെ മഞ്ഞില്‍ ഡ്രൈവ് ചെയ്യുന്ന ബൈക്ക് പോലുള്ള ഒരു വണ്ടിയുണ്ടല്ലോ. അതിനകത്ത് കയറി പോകാനായിട്ട് തുടങ്ങിയപ്പോഴേക്ക് എന്നെ അകലെ നിന്നും കണ്ടിട്ട് ഒരാള്‍ ചിരിച്ച് ഇങ്ങനെ വരുന്നുണ്ട്. എനിക്കാണെങ്കില്‍ ഭയങ്കര സന്തോഷം.

‘പച്ചാളം ഇവിടെ വരെ എത്തിയിരിക്കുന്ന നമ്മുടെ ഖ്യാതി എന്നൊക്കെ ഞാന്‍ വൈഫിന്റെ അടുത്ത് പറഞ്ഞ് ഇരിക്കുമ്പോഴേക്കും ഇയാള്‍ എന്റെ അടുത്തെത്തി. എന്നെ നോക്കി നിന്ന ശേഷം നിങ്ങള്‍ നീരജ് ചോപ്രയല്ലേ എന്ന് എന്നോട് ചോദിച്ചു. അല്ല എന്ന് പറഞ്ഞു(ചിരി). ആ സമയത്ത് ഞാന് കുറച്ചുകൂടി മെലിഞ്ഞ് ഇരിക്കുയാണ്. ഏതാണ്ട് നീരജിനെപ്പോലെയാണ് താടി. തല്ലുമാല സിനിമയ്ക്ക് വേണ്ടി മുടിയൊക്കെ വളര്‍ത്തിയിരുന്നു.

പിന്നെ ഞാന്‍ നമ്മുടെ നാട്ടില്‍ ഒരു കുഞ്ഞ് സെലിബ്രറ്റി ആണല്ലോ വേറൊരു നാട്ടില്‍ ചെല്ലുമ്പോള്‍ മറ്റൊരു സെലിബ്രറ്റിയായി നമ്മളെ തെറ്റിദ്ധരിക്കുക എന്ന് പറഞ്ഞപ്പോള്‍ രസം തോന്നി, ടൊവിനോ പറ്ഞ്ഞു.

വാശിയുടെ പോസ്റ്റര്‍ മഹേഷ് ബാബു, തൃഷ, അഭിഷേക് ബച്ചന്‍, സാമന്ത തുടങ്ങിയവര്‍ പങ്കുവെച്ചതായി കണ്ടല്ലോ ഇവരില്‍ ആരുമായിട്ടാണ് ഏറ്റവും സൗഹൃദം എന്ന ചോദ്യത്തിന് സത്യം പറഞ്ഞാല്‍ ഇവരില്‍ ആരുമായും തനിക്ക് നേരിട്ട് സൗഹൃദമില്ലെന്നായിരുന്നു ടൊവിനോയുടെ മറുപടി.

ഞാന്‍ ഇവരുടെയൊക്കെ സിനിമകള്‍ കാണുകയും അഭിപ്രായം അറിയിക്കുകയും ചെയ്യാറുണ്ട്. അല്ലാതെ അവരുമായി കമ്പനിയൊന്നുമില്ല. അഭിഷേക് ബച്ചനാണെങ്കില്‍ എന്റെ സുഹൃത്തിന്റെ സുഹൃത്താണ്. മിന്നല്‍ മുരളിയുടെ ആദ്യ ടീസറും അദ്ദേഹം പങ്കുവെച്ചിരുന്നു.

പക്ഷേ നമുക്ക് ഏറ്റവും കൂടുതല്‍ പ്രൊമോഷന്‍ നേടിത്തന്നത് കെ.ആര്‍.കെ ആണ്. പുള്ളി അഭിഷേക് ബച്ചന്‍ ഷെയര്‍ ചെയ്ത വാശിയുടെ പോസ്റ്റിന്റെ താഴെ പോയി എന്തോ ചൊറിഞ്ഞു. അഭിഷേക് അപ്പോള്‍ തന്നെ ഒരു മറുപടിയും കൊടുത്തു. അത് വാര്‍ത്തയായി കെ.ആര്‍.കെക്ക് പണി കിട്ടിയ വാര്‍ത്തയാണെങ്കിലും അതിന്റെ അടിയിലൊക്കെ വാശിയുടെ പോസ്റ്ററും ഉണ്ടായിരുന്നു. അപ്പോള്‍ ശരിക്കും മിഠായിയും കേക്കും വാങ്ങി കൊടുക്കേണ്ടത് കെ.ആര്‍.കെയ്ക്ക് ആണ്, ടൊവിനോ പറഞ്ഞു.

Content Highlight: Actor Tovino Thomas Shara a Funny Fan Moment

Latest Stories

We use cookies to give you the best possible experience. Learn more