നല്ലൊരു പ്രഡ്യൂസറാവാന്‍ പറ്റിയ ആളല്ല താനെന്ന് നടന്‍ ടൊവിനോ തോമസ്. അഭിനയമാണ് താല്‍പര്യമെന്നും പ്രൊഡ്യൂസ് ചെയ്താല്‍ നഷ്ടം സംഭവിക്കാനാണ് സാധ്യതയെന്നും ടൊവിനോ പറഞ്ഞു. കാശിന്റെ കാര്യം വരുമ്പോള്‍ താന്‍ കുറച്ച് മോശമാണെന്നും അഭിനയിച്ച സിനിമകളില്‍ ശമ്പളം ചോദിച്ച് വാങ്ങുന്നതിന് പോലും ബുദ്ധിമുട്ടാണെന്നും ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ ടൊവിനോ പറഞ്ഞു.
‘ഒരു നല്ല പ്രൊഡ്യൂസറാവാന്‍ പറ്റിയ ആളല്ല ഞാന്‍. ഇപ്പോള്‍ ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്നതാണ് എനിക്ക് ഇഷ്ടമുള്ള ഏരിയ. പ്രൊഡക്ഷന്‍ ഇഷ്ടമുള്ള ആളുകളുമുണ്ട്. അവര്‍ക്ക് അത് വൃത്തിയായി ചെയ്യാന്‍ പറ്റുമായിരിക്കും. ഞാന്‍ എങ്ങനെ പ്രൊഡ്യൂസ് ചെയ്താലും നഷ്ടമേ വരാന്‍ സാധ്യതയുള്ളൂ. അതിന് പറ്റിയ ആളുകളെ വെച്ച് ചെയ്യണമെങ്കില്‍ ചെയ്യാം.
പ്രൊഡക്ഷന്‍ പാര്‍ട്ണറാവുമ്പോള്‍ ശമ്പളമില്ലാതെയാണ് വര്‍ക്ക് ചെയ്യുന്നത്. കളയിലും വഴക്കിലും ശമ്പളമില്ലായിരുന്നു. ഇതൊന്നും സാമ്പത്തിക നഷ്ടമുണ്ടായ സിനിമകളല്ല. അതിലെ ഇന്‍വെസ്റ്റ്‌മെന്റ് എന്റെ സമയവും എഫേര്‍ട്ടുമാണ്. എന്റെ പ്രൊഡക്ഷന്‍ പാര്‍ടണറായ ഒരാള്‍ക്കും നഷ്ടമുണ്ടായിട്ടില്ല. പിന്നെ ഇതുപോലെയുള്ള സിനിമകള്‍ പ്രൊഡ്യൂസ് ചെയ്യാന്‍ ആഗ്രഹമുണ്ട്. ഞാന്‍ പ്രൊഡ്യൂസ് ചെയ്താലേ നടക്കൂ എന്ന് തോന്നിയ സിനിമകളാണ് ചെയ്തിട്ടുള്ളത്.
ഇനി കൊമേഴ്ഷ്യല്‍ സിനിമകള്‍ ചെയ്യുകയാണെങ്കിലും അതിന് വേറെ ആള്‍ക്കാരെ വെച്ചേ ചെയ്യുകയുള്ളൂ. പൈസയുടെ കാര്യത്തില്‍ ഞാന്‍ മോശമാണ്. ശമ്പളം ചോദിച്ച് മേടിക്കുന്നതിന് പോലും എനിക്ക് ഭയങ്കര പ്രശ്‌നമാണ്. അതിന് പോലും ആളെ വെച്ചിരിക്കുകയാണ്. ലൗഡ് സ്പീക്കര്‍ സിനിമയില്‍ മമ്മൂക്ക കിഡ്‌നി കൊടുക്കാന്‍ വരുന്ന അവസ്ഥയാണ് എനിക്ക്. സുഹൃത്തിന് കിഡ്‌നി കൊടുത്തിട്ട് എങ്ങനെ പൈസ മേടിക്കും എന്ന അവസ്ഥ വരും,’ ടൊവിനോ പറഞ്ഞു.
അദൃശ്യജാലകങ്ങളാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ടൊവിനോ ചിത്രം. ഡോ. ബിജു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിമിഷ സജയനാണ് നായികയായെത്തുന്നത്. ഒരു കുപ്രസിദ്ധ പയ്യന് ശേഷം നിമിഷയും ടൊവിനോയും വീണ്ടും ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണ് അദൃശ്യ ജാലകങ്ങള്‍. ഇന്ദ്രന്‍സും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മൈത്രി മൂവി മേക്കേഴ്സ്, ടൊവിനോ തോമസ് പ്രൊഡക്ഷന്‍സ്, എല്ലാനാര്‍ ഫിലിംസ് കമ്പനികളുടെ ബാനറിലാണ് നിര്‍മാണം.
Content Highlight: Actor Tovino Thomas says he is not the right person to be a good producer