| Friday, 8th January 2021, 9:37 pm

സര്‍ക്കാരിന്റെ സാമൂഹിക സന്നദ്ധ സേന അംബാസിഡറായി ടോവിനോ തോമസ്; നന്ദി പറഞ്ഞ് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹിക സന്നദ്ധ സേനയുടെ ബ്രാന്‍ഡ് അംബാസിഡറായി ടോവിനോ തോമസിനെ തെരഞ്ഞെടുത്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് ബ്രാന്‍ഡ് അംബാസിഡര്‍ പ്രഖ്യാപനം നടത്തിയത്.

കൊവിഡ് കാലത്തും ആയിരക്കണക്കിനാളുകള്‍ ഈ നാടിനു വേണ്ടി അണിചേരുകയും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുകയും ചെയ്തു. അവരെ കൂട്ടിച്ചേര്‍ക്കുവാനും, കൂടുതല്‍ ആളുകള്‍ക്ക് സേവനസന്നദ്ധരായി മുന്നോട്ടു വരാനും പ്രവര്‍ത്തിക്കാനുമുള്ള ഒരു സംവിധാനം ഒരുക്കുവാനുമായാണ് സംസ്ഥാന സര്‍ക്കാര്‍ സാമൂഹിക സന്നദ്ധ സേന രൂപീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സന്നദ്ധ സേനയുടെ ബ്രാന്റ് അംബാസഡര്‍ ആകുവാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തതില്‍ ടൊവിനോയ്ക്ക് നന്ദി പറഞ്ഞ മുഖ്യമന്ത്രി കഴിഞ്ഞ പ്രളയ കാലത്ത് രക്ഷാപ്രവര്‍ത്തനങ്ങളില്‍ നിസ്വാര്‍ത്ഥമായി പങ്കു ചേര്‍ന്ന് സമൂഹത്തിനു മാതൃകയായി മാറിയ വ്യക്തികളിലൊരാളാന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം

പ്രകൃതിക്ഷോഭങ്ങളും മഹാമാരികളും തീര്‍ത്ത വെല്ലുവിളികള്‍ ലോകത്തിനു തന്നെ മാതൃകയാകുന്ന വിധത്തില്‍ മറികടന്ന ഒരു ജനതയാണ് നമ്മള്‍. ഒത്തൊരുമയോടെയും ദൃഢനിശ്ചയത്തോടെയും തങ്ങളുടെ സഹജീവികളുടെ നന്മയ്ക്കും സുരക്ഷയ്ക്കുമായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധമായി മുന്നോട്ടു വന്ന മനുഷ്യരാണ് ഈ ഘട്ടങ്ങളിലെല്ലാം നമ്മുടെ കാവലായി മാറിയത്.

ഈ കൊവിഡ് കാലത്തും ആയിരക്കണക്കിനാളുകള്‍ ഈ നാടിനു വേണ്ടി അണിചേരുകയും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുകയും ചെയ്തു. അവരെ കൂട്ടിച്ചേര്‍ക്കുവാനും, കൂടുതല്‍ ആളുകള്‍ക്ക് സേവനസന്നദ്ധരായി മുന്നോട്ടു വരാനും പ്രവര്‍ത്തിക്കാനുമുള്ള ഒരു സംവിധാനം ഒരുക്കുവാനുമായാണ് സംസ്ഥാന സര്‍ക്കാര്‍ സാമൂഹിക സന്നദ്ധ സേന രൂപീകരിച്ചത്.

ഭാവിയിലുണ്ടായേക്കാവുന്ന പ്രതിസന്ധി ഘട്ടങ്ങളെ മറികടക്കാന്‍ ഇത്തരമൊരു സന്നദ്ധ സേന നമുക്ക് വലിയ മുതല്‍ക്കൂട്ടായി മാറും. സാമൂഹിക സന്നദ്ധ സേനയിലേയ്ക്ക് ഇനിയും ഒരുപാട് യുവാക്കാള്‍ കടന്നു വരണമെന്നാണ് ആഗ്രഹിക്കുന്നത്. സാമൂഹ്യസേവനത്തിന്റെ ഈ മഹത് സന്ദേശം അവരിലേയ്ക്ക് പകരാനും, സന്നദ്ധ സേനയുടെ ഭാഗമാകാന്‍ അവരെ പ്രചോദിപ്പിക്കാനുമായി മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്ര നടന്മാരിലൊരാളായ ടൊവിനോ തോമസ് മുന്നോട്ടു വന്നിരിക്കുകയാണ്.

സന്നദ്ധ സേനയുടെ ബ്രാന്റ് അംബാസഡര്‍ ആകുവാനുള്ള ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുത്തതില്‍ നന്ദി പറയുന്നു. കഴിഞ്ഞ പ്രളയ കാലത്ത് രക്ഷാപ്രവര്‍ത്തനങ്ങളില്‍ നിസ്വാര്‍ത്ഥമായി പങ്കു ചേര്‍ന്ന് സമൂഹത്തിനു മാതൃകയായി മാറിയ വ്യക്തികളിലൊരാളാണ് ടൊവിനോ തോമസ്. അദ്ദേഹത്തിന്റെ സാന്നിദ്ധ്യം കൂടുതല്‍ ആളുകളിലേയ്ക്ക് സന്നദ്ധ സേനയുടെ സന്ദേശമെത്തികാന്‍ സഹായകരമാകും. സാമൂഹിക സന്നദ്ധ സേനയ്ക്കും ടൊവിനോ തോമസിനും ഹൃദയപൂര്‍വം ഭാവുകങ്ങള്‍ നേരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Actor Tovino Thomas as Government Social Volunteer Ambassador; CM Pinarayi vijayan thanked him

We use cookies to give you the best possible experience. Learn more