ഇന്‍സള്‍ട്ടിങ് എല്ലാ കാലത്തും ഉണ്ടായിട്ടുണ്ടെന്നും അതെല്ലാം തനിക്ക് വേറൊരു തരത്തില്‍ ഊര്‍ജം നല്‍കിയിട്ടുണ്ടെന്നും നടന്‍ ടൊവിനോ തോമസ്. സിനിമയില്‍ വന്ന ശേഷം കഥ കേട്ടിട്ട് നോ പറഞ്ഞതിന്റെ പേരില്‍ തെറിവിളി കേട്ട അനുഭവമൊക്കെയുണ്ടെന്നും ടൊവിനോ പറയുന്നു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ടൊവിനോ.
‘എനിക്ക് ഒട്ടും ഇഷ്ടപ്പെടാത്ത ഒരു കഥ കേട്ടിട്ട് നോ പറഞ്ഞതിന്റെ പേരില്‍ എന്നെ തെറി വിളിച്ച് പോയ ആള്‍ക്കാരൊക്കെയുണ്ട്. എനിക്ക് ഇഷ്ടപ്പെട്ട ഒരു കഥയാണെങ്കില്‍, വിജയിക്കാന്‍ സാധ്യതയുള്ള ഒരു സിനിമയുടെ കഥയാണെങ്കില്‍ ഞാന്‍ എന്തിന് നോ പറയണം.
ആ ഒരു ലോജിക്ക് പോലും ചിന്തിക്കാതെ നീയൊക്കെ കാരണമാണ് മലയാള സിനിമ രക്ഷപ്പെടാതെ പോകുന്നത് എന്ന് പറഞ്ഞു. മലയാള സിനിമ രക്ഷപ്പെട്ടിട്ടല്ലേ ഇരിക്കുന്നത് എന്ന് ഞാന്‍ തിരിച്ച് ചോദിച്ചു. അങ്ങനത്തെ നിരവധി കാര്യങ്ങള്‍ നടക്കുന്നുണ്ട്.
എനിക്ക് ഒരു കഥ കേട്ടിട്ട് അത് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഞാന്‍ പരമാവധി ഷുഗര്‍കോട്ട് ചെയ്തിട്ടേ അത് പറയുകയുള്ളൂ. അതുപോലും എടുക്കാന്‍ പറ്റാത്ത ആള്‍ക്കാരുണ്ട്.
പിന്നെ ഈ പൂവംപഴം ഉരിച്ചു തിന്നുന്ന പോലത്തെ പരിപാടിയല്ല സിനിമ. ഫൈറ്റ് സ്വീകന്‍സുകളും കാര്യങ്ങളുമൊക്കെ ചെയ്യുന്ന നടന്മാരെ സംബന്ധിച്ച് അതൊക്കെ വലിയ സ്‌ട്രെയിന്‍ തന്നെയാണ്. പിന്നെ മെന്റല്‍ സ്‌ട്രെയിന്‍ ഉണ്ട്. ചിലപ്പോഴെങ്കിലും ഒരു കഥാപാത്രം നമ്മളെ പല രീതിയില്‍ ബാധിക്കാറുണ്ട്. ഒരു പുസ്തകം വായിച്ചാല്‍ പോലും എനിക്ക് ചില കഥാപാത്രങ്ങള്‍ ഹോണ്ട് ചെയ്യും. ഒരു കഥാപാത്രം നമ്മളെ വിഷമിപ്പിക്കും,’ ടൊവിനോ പറഞ്ഞു.
മുന്‍പുണ്ടായ ദുരനുഭവങ്ങള്‍ കരിയറില്‍ വിജയിച്ച ശേഷവും ഓര്‍ത്തുവെച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് എല്ലാം ഓര്‍ത്തുവെച്ചിട്ടുണ്ടെന്നും ഒന്നുപോലും മറന്നിട്ടില്ലെന്നുമായിരുന്നു ടൊവിനോയുടെ മറുപടി.
ഇത് ആര്‍ക്കുള്ള മുന്നറിയിപ്പാണെന്ന ചോദ്യത്തിന് ഇതൊന്നും ആര്‍ക്കുമുള്ള മുന്നറിയിപ്പല്ലെന്നായിരുന്നു താരത്തിന്റെ മറുപടി.
ഞാന്‍ ആരെയെങ്കിലും ദ്രോഹിച്ചിട്ടുണ്ടെങ്കില്‍ അയാള്‍ എന്റെയടുത്ത് നന്നായി പെരുമാറുമ്പോഴായിരിക്കും മനസില്‍ നിന്ന് അത് പോകുക. മധുര പ്രതികാരം എന്നൊക്കെ പറയില്ലേ. എന്നെ അത്തരത്തില്‍ വിഷമിപ്പിച്ചവരോടൊക്കെ ഞാന്‍ വളരെ മാന്യമായിട്ടേ ഇപ്പോള്‍ പെരുമാറാറുള്ളൂ.
ഇപ്പോള്‍ ഞാന്‍ നില്‍ക്കുന്നത് അവരേക്കാള്‍ ബെറ്റര്‍ അവസ്ഥയിലാണെങ്കില്‍ പിന്നെ എന്ത് പ്രതികാരം. ഞാന്‍ മാന്യമായി പെരുമാറുമ്പോള്‍ അവരായിട്ട് ഇങ്ങോട്ട് പറഞ്ഞിട്ടുണ്ട് പണ്ട് അങ്ങനെ ചെയ്തതില്‍ സോറി എന്ന്. അതൊക്കെ വിട്ടുകള എന്ന് ഞാന്‍ പറയും. അതിനേക്കാള്‍ വലിയ പ്രതികാരമൊന്നും ചെയ്യാനില്ല (ചിരി), ടൊവിനോ പറഞ്ഞു.
Content Highlight: Actor Tovino Thomas about the struggles and challenges he faced