ആടുജീവിതം ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു; രാജു ഏട്ടന് ലോക്ക് ഡൗണ്‍ സമയത്ത് സംഭവിച്ചത് ദൗര്‍ഭാഗ്യകരം: ടൊവിനോ തോമസ്
Entertainment news
ആടുജീവിതം ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു; രാജു ഏട്ടന് ലോക്ക് ഡൗണ്‍ സമയത്ത് സംഭവിച്ചത് ദൗര്‍ഭാഗ്യകരം: ടൊവിനോ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 22nd April 2023, 5:25 pm

നീലവെളിച്ചം പോലെ തനിക്ക് ചെയ്യാന്‍ ആഗ്രഹം തോന്നിയ രചനകളാണ് ഖസാക്കിന്റെ ഇതിഹാസവും ആടുജീവിതവുമെന്ന് നടന്‍ ടൊവിനോ തോമസ്. ശരാശരി ഒരു ആക്ടര്‍ സിനിമക്ക് വേണ്ടി എടുക്കുന്ന എഫേര്‍ട്ടിനേക്കാള്‍ കൂടുതല്‍ എഫേര്‍ട്ടാണ് ആടുജീവിതത്തിന് വേണ്ടി പൃഥ്വിരാജ് എടുത്തതെന്നും ടൊവിനോ പറഞ്ഞു.

ഇടയില്‍ ലോക് ഡൗണ്‍ വന്ന് പൃഥ്വിരാജിന് വെയ്റ്റ് കുറച്ച അവസ്ഥ തുടരേണ്ടി വന്നെന്ന് അറിഞ്ഞപ്പോള്‍ തനിക്ക് വലിയ വിഷമം തോന്നിയെന്നും അങ്ങനെയൊരു അനുഭവം ഉണ്ടായത് ദൗര്‍ഭാഗ്യകരമായി പോയെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.

”ബഷീറിന്റെ നീലവെളിച്ചം പോലെ എനിക്ക് ചെയ്യാന്‍ അത്രയും ആഗ്രഹമുള്ള ഒരു രചനയാണ് ഖസാക്കിന്റെ ഇതിഹാസം. ഖസാക്കിന്റെ ഇതിഹാസം പോലെ ആ സമയത്ത് ഭയങ്കര ഇഷ്ടമായ ഒന്നാണ് ആടുജീവിതം.

ഒട്ടും എളുപ്പമായിട്ടുള്ള കാര്യമല്ല എന്നാലും വലിയ കൊതി തോന്നുണ്ട്. രാജു ഏട്ടന്‍ അതിന് വേണ്ടി എടുത്ത എഫേര്‍ട്ട് ഒക്കെ നമ്മള്‍ കണ്ടതാണ്. ശരാശരി ഒരു ആക്ടര്‍ സിനിമക്ക് വേണ്ടി എടുക്കുന്ന എഫേര്‍ട്ടിനേക്കാള്‍ കൂടുതല്‍ എഫേര്‍ട്ട് അദ്ദേഹം എടുത്തിട്ടുണ്ട്.

ആ സമയത്താണ് കൊറോണ വന്നത്. പുള്ളിക്ക് ആ വെയ്റ്റ് പിന്നെയും തുടര്‍ന്ന് ചെയ്യേണ്ടി വന്നു. അതായത് ലോക്ക് ഡൗണ്‍ വന്നതുകൊണ്ട് സിനിമയുടെ ഷൂട്ടിന് വേണ്ടി ചെയ്തതെല്ലാം വീണ്ടും തുടര്‍ന്ന് പോകേണ്ടി വന്നു. അത്രയും ചെറിയ സമയം കൊണ്ട് ആ സിനിമയില്‍ കാണുന്നതുപോലെ വെയ്റ്റ് കുറക്കുക എന്ന പറയുന്നത് വലിയ എഫേര്‍ട്ട് വേണ്ട കാര്യമാണ്.

നമ്മള്‍ കാണുന്ന സുന്ദരനും സുമുഖനുമായ രാജു ചേട്ടനില്‍ നിന്നും അങ്ങനെയൊരു രൂപത്തിലേക്ക് മാറുക എന്ന് പറയുന്നത് ചെറിയ കാര്യമല്ല. വലിയ കാര്യമാണ് അത്. അതിന്റെ കൂടെ ലോക്ക് ഡൗണും കാര്യങ്ങളുമായി അത് നീണ്ടു പോവുകയും ചെയ്തപ്പോള്‍ പേഴ്‌സണലി എനിക്ക് വലിയ വിഷമം തോന്നിയിരുന്നു.

ഒരു ആക്ടര്‍ ഇത്രയും ഡെഡിക്കേറ്റഡായി കമ്മിറ്റഡായിട്ട് എഫേര്‍ട്ട് എടുത്തിട്ട് ഇങ്ങനെയൊരു അനുഭവം ഉണ്ടായത് എത്ര ദൗര്‍ഭാഗ്യകരമാണ് .

ആ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ലോക്ഡൗണ്‍ തീരുന്നത് വരെ ബിരിയാണി വാങ്ങിച്ച് കഴിക്കാമെന്നായിരിക്കും എന്റെ ആദ്യത്തെ ചിന്ത. രാജു ഏട്ടനായതുകൊണ്ട് മെയിന്റേന്‍ ചെയ്ത് പോയി. ട്രെയ്‌ലര്‍ കണ്ടപ്പോള്‍ മലയാളി പ്രേക്ഷകന്‍ എന്ന നിലയില്‍ എനിക്ക് ഭയങ്കര അഭിമാനം തോന്നി,” ടൊവിനോ തോമസ് പറഞ്ഞു.

content highlight: actor tovino thomas about prithviraj sukumaran