മായാനദിയില്‍ അഭിനയിക്കാന്‍ വന്നതും അതേ തൊപ്പി വെച്ചാണ്; മനപൂര്‍വം ഒരു ട്രെന്‍ഡ് ക്രിയേറ്റ് ചെയ്യുകയല്ല: ടൊവിനോ
Movie Day
മായാനദിയില്‍ അഭിനയിക്കാന്‍ വന്നതും അതേ തൊപ്പി വെച്ചാണ്; മനപൂര്‍വം ഒരു ട്രെന്‍ഡ് ക്രിയേറ്റ് ചെയ്യുകയല്ല: ടൊവിനോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 6th September 2022, 11:10 am

മലയാള സിനിമയില്‍ ഒരു ട്രെന്‍ഡ് സെറ്റിങ് കൊണ്ടുവന്ന നടനാണ് ടൊവിനോ തോമസ്. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ തല്ലുമാലയില്‍ പോലും ഒരു പ്രത്യേക ട്രെന്‍ഡ് ടൊവിയിലൂടെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞതാണ്.

മായാനദിയിലെ മാത്തന്റെ തൊപ്പിയും തല്ലുമാലയിലെ വസീമിന്റെ കുപ്പായങ്ങളും എല്ലാം അത്തരത്തില്‍ ഒരു ട്രെന്‍ഡ് തന്നെ ക്രിയേറ്റ് ചെയ്തിരുന്നു. ട്രെന്‍ഡ് സെറ്റിങ് മനപൂര്‍വം ചെയ്യുകയാണോ എന്ന ചോദ്യത്തിന് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ മറുപടി നല്‍കുകയാണ് ടൊവിനോ.

‘മായാനദിയില്‍ മാത്തന്‍ തലയില്‍ വച്ചിരിക്കുന്ന ആ കറുത്ത ലെതര്‍ തൊപ്പി പണ്ടെപ്പോഴോ ഞാന്‍ വാങ്ങി വച്ചിരുന്നതായിരുന്നു. ആ സിനിമയില്‍ അഭിനയിക്കാന്‍ അതേ തൊപ്പി വച്ചാണ് ഞാന്‍ പോയത്. തൊപ്പി വെക്കുന്ന സ്വഭാവം ഉണ്ടായിരുന്നു. പലര്‍ക്കുമുള്ള ശീലമാണ് അത്.

പക്ഷേ, മുടി ചീകാനുള്ള മടികൊണ്ടാണ് ഞാന്‍ തൊപ്പി വെക്കുന്നത്. അതുകൊണ്ട് തൊപ്പി വെച്ചാലെനിക്ക് കിരീടം വെക്കുന്ന സുഖം കിട്ടും. ‘മായാനദി’യില്‍ ആ തൊപ്പിയെ ഒരു കഥാപാത്രമായി ഉപയോഗിച്ചത് സംവിധായകന്റെയും എഴുത്തുകാരന്റെയും ക്യാമറാമാന്റെയുമൊക്കെ ബില്യന്‍സാണ്.

ആ സ്‌റ്റൈല്‍ പിന്നെ പലരും പിന്തുടര്‍ന്നു കണ്ടപ്പോള്‍ സന്തോഷം തോന്നി. അതൊരു ട്രെന്‍ഡാകാന്‍ വേണ്ടി ചെയ്തതല്ല. ക്യാരക്ടറിന് വേണ്ടി ചെയ്തു. ‘തല്ലുമാലയില്‍ വസീം സിനിമയുടെ മൊത്തത്തിലുള്ള കളര്‍ ടോണിന് അനുസരിച്ചാണ് വസ്ത്രം ധരിക്കുന്നത്. ആ സ്‌റ്റൈല്‍ ട്രെന്‍ഡാകുന്നതിലും സന്തോഷം,’ ടൊവിനോ പറഞ്ഞു.

സിനിമകളുടെ വിജയ ഫോര്‍മുലയെപ്പറ്റി എന്താണ് അഭിപ്രായമെന്ന ചോദ്യത്തിന്

ബ്ലോക്ക്ബസ്റ്ററുകള്‍ ഉണ്ടാക്കുന്നതിനേക്കാളേറെ വ്യത്യസ്തമായ സിനിമകള്‍ ചെയ്യാനാണ് താന്‍ ആഗ്രഹിക്കുന്നത് എന്നായിരുന്നു ടൊവിനോയുടെ മറുപടി.

സിനിമ ഹ്രസ്വകാലത്തേക്കുള്ള ഏര്‍പ്പാടല്ല. ഞാന്‍ ചെയ്ത കഥാപാത്രങ്ങള്‍ എന്റെ കാലശേഷവും നിലനില്‍ക്കും. കാലങ്ങള്‍ക്കപ്പുറം സിനിമയുടെ കളക്ഷന്‍ റെക്കോഡുകളല്ല, കലാമൂല്യമാണ് ചര്‍ച്ചചെയ്യപ്പെടുക. എല്ലാം ഒരേപോലെ ശ്രദ്ധിക്കപ്പെടണം എന്ന് വാശിപിടിക്കുന്നതില്‍ കാര്യമില്ല.

ചെറുപ്പക്കാരും കുടുംബപ്രേക്ഷകരുമാണ് രണ്ട് പ്രധാന ഘടകങ്ങള്‍. ഈ രണ്ടു വിഭാഗത്തെയും ഒരുമിച്ച് തൃപ്തിപ്പെടുത്തുക അത്ര എളുപ്പമല്ല. ഇവരെക്കൂടാതെ വളരെ ഗൗരവമായി സിനിമയെ കാണുന്നവരുമുണ്ട്. അവരെയും കണക്കിലെടുക്കണം. തിയേറ്ററില്‍ വിജയിക്കാത്ത സിനിമകള്‍ക്ക് ഒ. ടി. ടിയില്‍ പ്രേക്ഷകരെ കിട്ടുന്നുണ്ട്.

എവിടെയായാലും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടണമെന്നേ എനിക്ക് ആഗ്രഹമുള്ളൂ. തിയേറ്ററില്‍ ഓടി നിര്‍മാതാവിന് പൈസ കിട്ടിയാല്‍ സന്തോഷം. ഇതെല്ലാം മനസ്സിലാക്കി വേണം സിനിമ ചെയ്യാന്‍.

”തല്ലുമാല വലിയ ബഡ്ജറ്റ് സിനിമയാണ്. ‘ഡിയര്‍ ഫ്രണ്ട് അങ്ങനെയൊരു സിനിമ ആയിരുന്നില്ല. വളരെ ചെലവ് ചുരുക്കിയാണ് ആ പടം ചെയ്തത്. പ്രതിഫലവും കുറവാണ് വാങ്ങിയത്. സിനിമ തിയേറ്ററില്‍ ശ്രദ്ധിക്കപ്പെടാതെ പോയതുകൊണ്ട് നിര്‍മാതാവിന് നഷ്ടം വന്നിട്ടില്ല. അര്‍ഹിക്കുന്ന അംഗീകാരം ആ സിനിമയ്ക്ക് ഒ.ടി.ടിയില്‍ കിട്ടി. സിനിമയുടെ ബിസിനസ്സിനേക്കാള്‍ അതിലെ കലയാണ് എന്നെ ആകര്‍ഷിക്കുന്നത്.

സിനിമയിലേക്കെത്തും മുന്‍പ് സിനിമ കണ്ടുനടന്ന ഒരു കാലമുണ്ടായിരുന്നു. പലതരം സിനിമകള്‍ കണ്ടാസ്വദിച്ചിട്ടുണ്ട്. ഇമോഷണല്‍ ഡ്രാമകള്‍, ഹൊറര്‍ സിനിമകള്‍, തമാശപ്പടങ്ങള്‍… മണിച്ചിത്രത്താഴ്’ പോലെ ആസ്വദിച്ചുകണ്ട ഒരുപാടൊരുപാട് സിനിമകള്‍.

അതൊക്കെ കണ്ടപ്പോഴുണ്ടായ എക്‌സൈറ്റ്‌മെന്റ് എന്നെ തേടിയെത്തുന്ന സിനിമകളിലും തേടാറുണ്ട്. എന്റെ കുടുംബവും സിനിമയെ ഇഷ്ടപ്പെടുന്നവരാണ്. ഞങ്ങളൊക്കെ കുട്ടികളായിരുന്ന കാലത്ത് വി. സി.ആറിലായിരുന്നു സിനിമ കാണല്‍. എല്ലാ വെള്ളിയാഴ്ചയും രണ്ട് കാസറ്റുകള്‍ വീതം വീട്ടില്‍ എത്തും. പിന്നെ ഡി.ഡി മലയാളത്തില്‍ വരുന്ന സിനിമകള്‍. ഹിന്ദിയും മലയാളവുമൊക്കെ ധാരാളം കണ്ട് രസിച്ചിരുന്ന കാലമായിരുന്നു അത്, ടൊവിനോ പറഞ്ഞു.

Content Highlight: Actor Tovino Thomas about Mayanadhi movie and Thallumala and a trend