അഭിനയത്തിനൊപ്പം ശരീര സംരക്ഷണത്തിനും ഫിറ്റ്‌നെസിനുമൊക്കെ വളരെയധികം പ്രാധാന്യം നല്‍കുന്ന നടനാണ് ടൊവിനോ. കരിയറിന്റെ തുടക്കം മുതല്‍ തന്നെ കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്കായി വലിയ രീതിയിലുള്ള എഫേര്‍ട്ടുകള്‍ അദ്ദേഹം എടുക്കാറുണ്ട്.
ശരീരത്തിന്റെ ഭാരം കൂട്ടാനും കുറയ്ക്കാനുമൊക്കെ ടൊവിനോ പലപ്പോഴും തയ്യാറായിട്ടുമുണ്ട്. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ തല്ലുമാലയ്ക്ക് വേണ്ടി ടൊവിനോ നടത്തിയ ഗെറ്റപ്പ് ചേഞ്ചും വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു.
വസ്ത്രധാരണത്തിലും സ്‌റ്റൈലിങ്ങിലും ശരീരസംരക്ഷണത്തിലുമെല്ലാം ഒരു മമ്മൂട്ടി ടച്ച് ഉണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ടൊവിനോയിപ്പോള്‍.
അങ്ങനെ കേള്‍ക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും എന്നാല്‍ താന്‍ അങ്ങനെ അല്ലെന്നുമാണ് ടൊവിനോ പറയുന്നത്.
‘ അങ്ങനെ കേള്‍ക്കുന്നതില്‍ സന്തോഷമുണ്ട്. മമ്മൂക്ക അത്ര ഊര്‍ജസ്വലനായി ഇക്കാര്യങ്ങളിലൊക്കെ ശ്രദ്ധിക്കുന്ന ആളാണ്. പക്ഷേ, ഞാന്‍ അങ്ങനെയല്ല. അത്യാവശ്യം മടിയൊക്കെയുള്ള ഉഴപ്പനാണ് ഞാന്‍. ഒറ്റയ്ക്കിരിക്കാനും വെറുതെ നേരം കളയാനും ഒക്കെ ഇഷ്ടമുള്ള ആള്‍,’ എന്നായിരുന്നു ടൊവിനോയുടെ മറുപടി.
പുതിയ സംവിധായകരില്‍ കൂടുതല്‍ വിശ്വാസമര്‍പ്പിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ടൊവിയുടെ മറുപടി ഇതായിരുന്നു. ‘പുതിയ കാര്യങ്ങള്‍ പരീക്ഷിച്ചറിയുക എന്നൊരു സന്തോഷവും സിനിമ തരുന്നുണ്ട്. എനിക്കൊപ്പം ജോലി ചെയ്തിട്ടുളളവരില്‍ ഭൂരിഭാഗവും പുതിയ സംവിധായകരാണ്. എന്നിട്ടും ഞാന്‍ സിനിമയില്‍ ഉണ്ടല്ലോ.
പുതുമ ആഗ്രഹിക്കുന്ന ആളായതു കൊണ്ടാവാം അങ്ങനെ സംഭവിക്കുന്നത്. എന്നു കരുതി പുതിയ സംവിധാകര്‍ക്കൊപ്പമേ പ്രവര്‍ത്തിക്കൂ എന്നൊരു നിലപാട് എനിക്കില്ല. ആഷിക്കേട്ടനും കമല്‍സാറും ഉള്‍പ്പെടെയുള്ള സംവിധായകരുടെ സിനിമകളുടെ ഭാഗമായിട്ടുണ്ട്. നമ്മളെ അത്ഭുതപ്പെടുത്തുന്ന എന്തെങ്കിലും സിനിമയില്‍ ഉണ്ടോ എന്നുള്ളതിനാണ് പ്രാധാന്യം കൊടുക്കുന്നത്. അല്ലാതെ പുതിയ സംവിധായകന്‍ പഴയ സംവിധായകന്‍ എന്നൊന്നുമുള്ള ചിന്തയില്ല,’ അദ്ദേഹം പറഞ്ഞു.
ഇതുവരെ ചെയ്തവയില്‍ കരിയര്‍ ബെസ്റ്റെന്ന് തോന്നിയ സിനിമ ഏതാണെന്ന ചോദ്യത്തിന് വിജയിച്ചതും വിജയിക്കാത്തതും ആളുകള്‍ക്ക് ഇഷ്ടപ്പെട്ടതും ഇഷ്ടപ്പെടാത്തും ആയ എല്ലാ സിനിമകളും തനിക്ക് പ്രിയപ്പെട്ടതാണെന്നായിരുന്നു ടൊവിയുടെ മറുപടി.
‘ഓരോ സിനിമകള്‍ക്കും വേണ്ടി ഞാന്‍ കഴിവിന്റെ പരമാവധി പുറത്തെടുത്തിട്ടുണ്ട്. സിനിമ വിജയിക്കുന്നതും പരാജയപ്പെടുന്നതും പല കാരണങ്ങള്‍കൊണ്ടാണ്. സ്വന്തം മക്കളില്‍ ആരെയാണ് ഏറ്റവും ഇഷ്ടം എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഉണ്ടാകുന്ന അതേ ഡിലെമ തന്നെയാണ് ഈ ചോദ്യം കേള്‍ക്കുമ്പോഴും.
സിനിമകള്‍ക്കായി ഞാന്‍ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ‘കള’, ‘തല്ലുമാല’, ”മിന്നല്‍ മുരളി ഇതൊക്കെ ശാരീരിക അധ്വാനം വേണ്ടിവന്ന സിനിമകളാണ്. ‘മായാനദി’, ‘കാണെക്കാണെ’, ‘എന്നു നിന്റെ മൊയ്തീന്‍’, ‘ഗപ്പി’ ഈ സിനിമകളിലെ കഥാപാത്രങ്ങളാവാന്‍ മാനസികമായും ഏറെ അധ്വാനിക്കേണ്ടിവന്നു. കരിയര്‍ ബെസ്റ്റ് ഏതെന്ന് ചോദിച്ചാല്‍ അതിന് ഉത്തരം തരേണ്ടത് പ്രേക്ഷകരാണ്,’ ടൊവിനോ പറഞ്ഞു.
Content Highlight: Actor Tovino Thomas about Mammootty Fitness and his own style