മലയാളം ഇന്‍ഡസ്ട്രിയില്‍ നിന്നുമുള്ള ആളാണെന്ന് പറയുന്നതില്‍ തനിക്ക് വലിയ അഭിമാനമുണ്ടെന്ന് നടന്‍ ടൊവിനോ തോമസ്. മലയാള നടനായത് കാരണം മറ്റ് ഇന്‍ഡസ്ട്രിയില്‍ നിന്നും തനിക്ക് കിട്ടുന്ന ബഹുമാനം വലുതാണെന്നും മലയാള സിനിമയെ പ്രതിനിധീകരിച്ചുകൊണ്ട് സിനിമ ചെയ്യണമെന്നത് തന്നെയാണ് തന്റെ ആഗ്രഹമെന്നും ടൊവിനോ പറഞ്ഞു.
പാന്‍ ഇന്ത്യന്‍ സിനിമകള്‍ ചെയ്യുന്നതിലും നല്ലത് മലയാളം സിനിമകള്‍ ലോകം മൊത്തം ശ്രദ്ധിക്കപ്പെടുകയാണ് വേണ്ടതെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”ബേസിക്കലി മലയാളം ഇന്‍ഡസ്ട്രിയില്‍ നിന്നുമുള്ള ആളാണെന്ന് പറയുന്നതില്‍ എനിക്ക് ഭയങ്കര അഭിമാനമാണ് തോന്നാറുള്ളത്. കാരണം മറ്റ് ഭാഷകള്‍ നോക്കുവാണെങ്കില്‍ ഞാന്‍ തമിഴിലാണ് അഭിനയിച്ചിട്ടുള്ളത്.
നമുക്ക് കിട്ടുന്ന ബഹുമാനം നമ്മളുടെ കഴിവിന്റേതാവണമെന്നില്ല, ഇവിടെ നിന്നും മുമ്പ് അവിടെ പോയി അഭിനയിച്ച പലരുടെയും പെരുമാറ്റം കൊണ്ടും കഴിവ് കൊണ്ടും നമുക്ക് കിട്ടുന്നതാണ്. അത് വലിയ സന്തോഷം നല്‍കുന്ന കാര്യമാണ്.
എന്റെ കാര്യം പറയുകയാണെങ്കില്‍, മലയാളം സിനിമയെ പ്രതിനിധീകരിച്ചുകൊണ്ട് ഇവിടെ സിനിമകള്‍ ചെയ്യാനാണ് ഞാന്‍ നോക്കുന്നത്. മലയാളം സിനിമകളിലൂടെ ആളുകള്‍ നമ്മളെ തിരിച്ചറിയുകയും കാണുകയും ചെയ്യുന്നത് തന്നെയാണ് ഏറ്റവും അഭിമാനം തരുന്ന കാര്യം.
പാന്‍ ഇന്ത്യന്‍ സിനിമകള്‍ ചെയ്യുന്നതിലും നല്ലത് നമ്മുടെ സിനിമ ലോകം മൊത്തം ശ്രദ്ധിക്കപ്പെടുകയാണ് വേണ്ടത്. മലയാളം സിനിമകളില്‍ നല്ല പൊട്ടന്‍ഷ്യല്‍ ഉള്ള ആക്ടേര്‍സും ടെക്‌നീഷ്യന്‍സും ഉണ്ട്,” ടൊവിനോ തോമസ് പറഞ്ഞു.
content highlight: actor tovino thomas about malayalam industry