രോഹിത് വി.എസ്. സംവിധാനം ചെയ്ത കള ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ചിത്രത്തെ കുറിച്ചു വന്ന വിവിധ വിമര്‍ശനങ്ങളോട് പ്രതികരിക്കുകയാണ് നടന്‍ ടൊവിനോ തോമസ് ഇപ്പോള്‍.
ടൊവിനോയുടെ ഷാജിയും സുമേഷ് മൂറിന്റെ കഥാപാത്രവും തമ്മില്‍ ഓരോ തവണയും വലിയ സംഘട്ടനങ്ങള്‍ നടന്ന ശേഷവും ഇരുവരും വലിയ പ്രശ്‌നമൊന്നുമില്ലാതെ വീണ്ടും പരസ്പരം പോരടിക്കുന്നത് എങ്ങനെയാണെന്ന് ചോദ്യമുയര്‍ന്നിരുന്നു.
ഈ മനുഷ്യന്മാര്‍ക്കെന്താ ക്ഷീണിക്കില്ലേ, മരണത്തല്ല് നടത്തിയിട്ടും ഇവര്‍ രണ്ടു പേരും വലിയ കുഴപ്പമൊന്നുമില്ലാതെ പിന്നെയും വരുന്നതെങ്ങനെ എന്നിങ്ങനെയെല്ലാം സോഷ്യല്‍ മീഡിയ കമന്റുകളും വന്നിരുന്നു. സിനിമാ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ഈ ചോദ്യങ്ങളോട് ടൊവിനോ പ്രതികരിച്ചത്.
അതിഭീകര സംഘട്ടനങ്ങള്‍ക്ക് ശേഷം പിന്നെയും തല്ലുണ്ടാക്കാന്‍ കഥാപാത്രങ്ങള്‍ക്ക് സ്റ്റാമിനയുണ്ടാകുന്നതെങ്ങനെ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നാണ് ടൊവിനോ പറഞ്ഞത്.
‘ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ, ഇത്തരം കാര്യങ്ങള്‍ വിദേശ സിനിമകളില്‍ കാണുമ്പോള്‍ എല്ലാവരും അംഗീകരിക്കാറുണ്ടല്ലോ. ഉദാഹരണത്തിന്, ദ റെയ്ഡ് പോലുള്ള സിനിമകളൊക്കെ. മലയാളത്തില്‍ ഇത് അംഗീകരിക്കാന്‍ മാത്രം എന്തിനാണ് മടിക്കുന്നത്.
ഇതെല്ലാം സിനിമ നല്‍കുന്ന സ്വാതന്ത്ര്യമാണ്. കള 100 ശതമാനം റിയല്‍ ആയി പിടിച്ചിരുന്നില്ലെങ്കില്‍ രണ്ട് മണിക്കൂറൊന്നും പടം കാണില്ല, അഞ്ച് മിനിറ്റില്‍ ഈ രണ്ട് കഥാപാത്രങ്ങളും മരിച്ചു കിടന്നേനെ,’ ടൊവിനോ പറഞ്ഞു.
സിനിമയിലെ ഇന്റിമേറ്റ് സീനുകളെ കുറിച്ചുവന്ന വിമര്‍ശനങ്ങളോടും ടൊവിനോ അഭിമുഖത്തില്‍ പ്രതികരിച്ചു. ഷാജിയും ഭാര്യയും തമ്മിലുള്ള ചുംബനരംഗങ്ങള്‍ക്കെതിരെ ചിലര്‍ രംഗത്തെത്തിയിരുന്നു. കേരളത്തില്‍ കാണാന്‍ പറ്റാത്ത സിനിമയാണെന്നും കുടുംബവുമായി ഈ ചിത്രം എങ്ങനെ കാണുമെന്നും പലരും ചോദിച്ചു.
ടൊവിനോക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളും പല സോഷ്യല്‍ മീഡിയ പോസ്റ്റുകളിലും കമന്റുകളിലും നിറഞ്ഞുനിന്നിരുന്നു. അഭിനയിക്കാനറിയാത്തതു കൊണ്ടാണ് ചുംബനരംഗങ്ങള്‍ ചെയ്ത് സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ നോക്കുന്നതെന്നും അധിക്ഷേപങ്ങള്‍ വന്നിരുന്നു.
‘ഞാന്‍ ഇത്തരത്തിലുള്ള ചില പോസ്റ്റുകള്‍ കണ്ടിരുന്നു. സിനിമ ഗംഭീരമാണ്, പക്ഷേ അവര്‍ക്ക് പ്രണയ രംഗങ്ങള്‍ ഒഴിവാക്കാമായിരുന്നു അത്തരം രംഗങ്ങള്‍ ഒരു കുടുംബത്തോടൊപ്പം കാണാന്‍ പ്രയാസമാണ് എന്നൊക്കെയുള്ള തരത്തില്‍. പക്ഷേ ഒരു ‘എ’ സര്‍ട്ടിഫൈഡ് സിനിമയില്‍, 45 മിനിറ്റ് അടിയും ഇടിയും കാണാം, അത് കുഴപ്പമില്ല, പക്ഷേ രണ്ട് മിനിറ്റ് പ്രണയ രംഗം കാണാന്‍ സാധിക്കില്ല, ഇതിലെ യുക്തി എവിടെ?,’ എന്നായിരുന്നു ടൊവിനോയുടെ പ്രതികരണം.
ഒ.ടി.ടിയില്‍ റിലീസ് ചെയ്തതിന് പിന്നാലെയാണ് കള വീണ്ടും ചര്‍ച്ചകളില്‍ നിറഞ്ഞത്. മനുഷ്യനും പ്രകൃതിയും അടിച്ചമര്‍ത്തപ്പെടുന്നവരും വേട്ടക്കാരനുമെല്ലാമാണ് കളയുടെ പ്രമേയമാകുന്നത്. ടൊവിനോ തോമസ്, മൂര്‍, ലാല്‍, ദിവ്യാ പിള്ള, എന്നിവര്‍ക്കൊപ്പം ബാസിഗര്‍ എന്ന പേരുള്ള നായയും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്.
യദു പുഷ്പാകരനും രോഹിത് വിഎസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത്. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്. എഡിറ്റിംഗ് ലിവിങ്സ്റ്റണ്‍ മാത്യു. ശബ്ദ സംവിധാനം ഡോണ്‍ വിന്‍സന്റ്. അഡ്വഞ്ചര്‍ കമ്പനിയുടെ ബാനറില്‍ സിജു മാത്യു, നാവിസ് സേവ്യര്‍ എന്നിവരാണ് നിര്‍മ്മാണം. ടൊവിനോയും രോഹിത്തും അഖില്‍ ജോര്‍ജും സഹനിര്‍മ്മാതാക്കളാണ്.