ഒ.ടി.ടി റിലീസിന് പിന്നാലെ രോഹിത് വി.എസ് സംവിധാനം ചെയ്ത കള ഒരിക്കല്‍ കൂടി ചര്‍ച്ചകളില്‍ നിറഞ്ഞിരിക്കുകയാണ്. ചിത്രത്തിന്റെ കഥയും സംവിധാനവും കഥാപാത്രങ്ങളും രാഷ്ട്രീയവുമെല്ലാം വലിയ ചര്‍ച്ചയാവുകയാണ്.
ടൊവിനോ തോമസ് അവതരിപ്പിച്ച ഷാജി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന രീതിയെ കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ട്രെയ്‌ലറിലും ചിത്രത്തിന്റെ തുടക്കത്തിലും നായകന്‍ എന്ന നിലയില്‍ നില്‍ക്കുന്ന ഷാജി പതിയെ അതില്‍ നിന്നും മാറുന്നതും അയാളുടെ യഥാര്‍ത്ഥ രൂപം പുറത്തുകൊണ്ടുവരുന്നതും ചിത്രത്തിലെ ഏറ്റവും അഭിനന്ദിക്കപ്പെടുന്ന ഘടകങ്ങളാണ്.
ഇപ്പോള്‍ ഷാജിയെ കുറിച്ചുള്ള തന്റെ അനുഭവവും കാഴ്ചപ്പാടുകളും പങ്കുവെക്കുകയാണ് ടൊവിനോ. ആ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ മുംബൈ പൊലീസിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തെയാണ് ഓര്‍മ്മ വന്നിരുന്നതെന്ന് ടൊവിനോ പറയുന്നു. സിനിമാ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം.
‘മുംബൈ പൊലീസിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തിനുണ്ടാകുന്ന മാറ്റമാണ് കളയില്‍ ഷാജിയെ ചെയ്യുമ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത്. ആ ചിത്രത്തില്‍ പൃഥ്വിരാജ് ആ കഥാപാത്രത്തെ ചെയ്തത് എല്ലാവര്‍ക്കും പ്രചോദനമായി.
ഞാന്‍ എപ്പോഴും ആരാധനയോടെ നോക്കുന്ന വ്യക്തിയാണ് പൃഥ്വിരാജ്. ശരിക്കും അത്ഭുതം തോന്നുന്ന ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം തന്റെ കരിയറില്‍ ചെയ്തിട്ടുണ്ട്. നിങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെങ്കില്‍ ഒരിക്കലും ഇന്‍സെക്യുര്‍ ആയി ഫീല്‍ ചെയ്യേണ്ടതില്ലെന്ന് അദ്ദേഹമാണ് എന്നെ പഠിപ്പിച്ചത്.
ഇത് പൃഥ്വിരാജിന്റെ മാത്രം കാര്യമല്ല. നമ്മുടെ സൂപ്പര്‍സ്റ്റാറുകള്‍ വരെ വ്യത്യസ്തങ്ങളായ റോളുകള്‍ ചെയ്തിട്ടുണ്ട്. അവരെല്ലാവരും എനിക്ക് പ്രചോദനമാകാറുണ്ട്. ഹീറോ ആയി നിങ്ങള്‍ക്ക് ഇത്രയൊക്കെ കാലമേ അഭിനയിക്കാനാകൂ,’ ടൊവിനോ പറഞ്ഞു.
മനുഷ്യനും പ്രകൃതിയും അടിച്ചമര്‍ത്തപ്പെടുന്നവരും വേട്ടക്കാരനുമെല്ലാമാണ് കളയുടെ പ്രമേയമാകുന്നത്. ടൊവിനോ തോമസ്, മൂര്‍, ലാല്‍, ദിവ്യാ പിള്ള, എന്നിവര്‍ക്കൊപ്പം ബാസിഗര്‍ എന്ന പേരുള്ള നായയും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്.
യദു പുഷ്പാകരനും രോഹിത് വിഎസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത്. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്. എഡിറ്റിംഗ് ലിവിങ്സ്റ്റണ്‍ മാത്യു. ശബ്ദ സംവിധാനം ഡോണ്‍ വിന്‍സന്റ്. അഡ്വഞ്ചര്‍ കമ്പനിയുടെ ബാനറില്‍ സിജു മാത്യു, നാവിസ് സേവ്യര്‍ എന്നിവരാണ് നിര്‍മ്മാണം. ടൊവിനോയും രോഹിത്തും അഖില്‍ ജോര്‍ജും സഹനിര്‍മ്മാതാക്കളാണ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlight: Actor Tovino Thomas about Kala movie, character Shaji and Mumbai Police, and Prithviraj