നടനാകണമെന്ന ആഗ്രഹത്തിന്റെ പേരില്‍ വലിയ കളിയാക്കലും കുറ്റപ്പെടുത്തലുകളും കേള്‍ക്കേണ്ടി വന്ന നടനാണ് ടൊവിനോ തോമസ്. സിനിമാ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാതെ ആഗ്രഹത്തിന്റെ മാത്രം ബലത്തില്‍ സിനിമയെന്ന സ്വപ്‌നത്തിന് പിറകെ സഞ്ചരിക്കുകയായിരുന്നു ടൊവിനോ.
അത്തരത്തില്‍ ഒരുകാലത്ത് തന്നെ കുറ്റപ്പെടുത്തിയവരൊക്കെ പിന്നീട് തന്റെ വിജയത്തില്‍ സന്തോഷിച്ചിട്ടുണ്ടെന്ന് പറയുകയാണ് ടൊവിനോ. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നടനാകണമെന്ന ആഗ്രഹത്തിന്റെ പേരില്‍ കൂട്ടുകാരോ ബന്ധുക്കളോ എപ്പോഴെങ്കിലും കളിയാക്കിയിരുന്നോ എന്ന ചോദ്യത്തിന് അതൊക്കെ പലപ്പോഴും ഉണ്ടായിട്ടുണ്ടെന്നും അതിന് അവരെ കുറ്റം പറയാനും പറ്റില്ലെന്നായിരുന്നു ടൊവിനോയുടെ മറുപടി.
‘സിനിമയില്‍ വരണമെന്ന് ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കലാപരമായി എടുത്തുപറയാന്‍ തക്ക കഴിവുകളൊന്നുമില്ല. ഒരുപാട് പേര്‍ എത്തിച്ചേരാന്‍ ആഗ്രഹിക്കുന്ന, അങ്ങനെ എല്ലാവര്‍ക്കും എത്തിച്ചേരാന്‍ പറ്റാത്ത മേഖലയാണ് സിനിമ. അതുകൊണ്ടൊക്കെയാകാം, സിനിമയാണ് സ്വപ്നം എന്നു പറഞ്ഞപ്പോള്‍ പലരും കളിയാക്കി.
ജോലി രാജിവെച്ചപ്പോള്‍ മണ്ടത്തരമാണെന്ന് പറഞ്ഞു. മക്കളുടെ താളത്തിനൊത്ത് തുള്ളുന്നു എന്നൊക്കെ പറഞ്ഞ് അപ്പനെ കുറ്റം പറഞ്ഞവരുണ്ട്. പക്ഷേ, അതേ ആളുകളൊക്കെത്തന്നെ പിന്നീട് എന്റെ വീടിന്റെ മുന്നില്‍ ഫോട്ടോ എടുക്കാനൊക്കെ വന്നു നിന്നിട്ടുണ്ട്.
വെറും ആഗ്രഹത്തിന്റെ മാത്രം ബലത്തില്‍ ഒരാളൊരു തീരുമാനം എടുക്കുമ്പോള്‍ അതില്‍ അയാള്‍ വിജയിക്കും എന്ന പ്രതീക്ഷ ആര്‍ക്കും ഉണ്ടായിരിക്കില്ല. കളിയാക്കലുകളുടെയും കുറ്റപ്പെടുത്തലുകളുടെയുമൊക്കെ കാരണം അതൊക്കെത്തന്നെയാവും,’ ടൊവിനോ പറഞ്ഞു.
ഇതുവരെ ചെയ്തവയില്‍ കരിയര്‍ ബെസ്റ്റ് എന്ന് സ്വയം തോന്നിപ്പിക്കുന്ന ചിത്രം ഏതാണെന്ന ചോദ്യത്തിന് വിജയിച്ചതും വിജയിക്കാത്തതും ആളുകള്‍ക്ക് ഇഷ്ടപ്പെട്ടതും ഇഷ്ടപ്പെടാത്തും ആയ എല്ലാ സിനിമകളും തനിക്ക് പ്രിയപ്പെട്ടതാണെന്നായിരുന്നു ടൊവിനോയുടെ മറുപടി.
ഓരോ സിനിമകള്‍ക്കും വേണ്ടി ഞാന്‍ കഴിവിന്റെ പരമാവധി പുറത്തെടുത്തിട്ടുണ്ട്. സിനിമ വിജയിക്കുന്നതും പരാജയപ്പെടുന്നതും പല കാരണങ്ങള്‍കൊണ്ടാണ്. സ്വന്തം മക്കളില്‍ ആരെയാണ് ഏറ്റവും ഇഷ്ടം എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഉണ്ടാകുന്ന അതേ ഡിലെമ തന്നെയാണ് ഈ ചോദ്യം കേള്‍ക്കുമ്പോഴും.
സിനിമകള്‍ക്കായി ഞാന്‍ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ‘കള’, ‘തല്ലുമാല’, ”മിന്നല്‍ മുരളി ഇതൊക്കെ ശാരീരിക അധ്വാനം വേണ്ടിവന്ന സിനിമകളാണ്. ‘മായാനദി’, ‘കാണെക്കാണെ’, ‘എന്നു നിന്റെ മൊയ്തീന്‍’, ‘ഗപ്പി’ ഈ സിനിമകളിലെ കഥാപാത്രങ്ങളാവാന്‍ മാനസികമായും ഏറെ അധ്വാനിക്കേണ്ടിവന്നു. കരിയര്‍ ബെസ്റ്റ് ഏതെന്ന് ചോദിച്ചാല്‍ അതിന് ഉത്തരം തരേണ്ടത് പ്രേക്ഷകരാണ്, ടൊവിനോ പറഞ്ഞു.
Content Highlight: Actor Tovino Thomas about his decision to choose movie career