മലയാള സിനിമാരംഗത്തെ നായകനിരയിലേക്കു വളരെ ചുരുങ്ങിയ കാലംകൊണ്ട് എത്തിയ താരമാണു ടൊവിനോ തോമസ്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും അനായാസമായ അഭിനയ ശൈലിയിലൂടെയും പ്രേക്ഷകരുടെ പ്രശംസയും പിന്തുണയും പിടിച്ചു പറ്റാന്‍ ടൊവിനോയ്ക്ക് സാധിച്ചിട്ടുണ്ട്. ഗോഡ്ഫാദര്‍മാരില്ലാതെ സിനിമാലോകത്ത് എത്തിയ ടൊവിനോ ഇന്നു പൃഥ്വിരാജിനും ദുല്‍ഖറിനും ഫഹദിനും നിവിന്‍ പോളിയ്ക്കുമൊപ്പം തന്റേതായ ഒരിടം നേടിയെടുത്തുകഴിഞ്ഞു.
മലയാള സിനിമയില്‍ ആരെയെങ്കിലും കോമ്പറ്റീറ്റര്‍ ആയി കാണുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയുമായി എത്തുകയാണ് താരം. ഫഹദോ പൃഥ്വിയോ ദുല്‍ഖറോ നിവിനോ ആരെയാണു കോമ്പറ്റീറ്റര്‍ ആയി കാണുന്നത് എന്ന ചോദ്യത്തോട് ടൊവിനോയുടെ മറുപടി ഇങ്ങനെയായിരുന്നു.
‘ എന്റെ ആഗ്രഹം ഒരു ഇന്റര്‍നാഷണല്‍ എക്‌സ്‌പോഷര്‍ ആണ്. അത് ഒരു സിനിമയിലല്ല. നിരന്തരമായിട്ട് ഇന്റര്‍നാഷണല്‍ എക്‌സ്‌പോഷര്‍ കിട്ടുന്ന രീതിയിലേക്കു ഞാന്‍ വളരണമെങ്കില്‍ ഞാന്‍ നില്‍ക്കുന്ന ഈ ഇന്‍ഡസ്ട്രി, അങ്ങനെ ഇന്റര്‍നാഷണലി ആളുകള്‍ നോക്കിക്കാണുന്ന, ഉറ്റുനോക്കുന്ന ഇന്‍ഡസ്ട്രി ആയി മാറണം. അങ്ങനെ നോക്കുമ്പോള്‍ എനിക്ക് ഇവരൊന്നും കോമ്പറ്റീറ്റേഴ്‌സ് അല്ല. ഇവരൊക്കെ എന്റെ ടീം അംഗങ്ങളാണ്.
അതായത് ഞങ്ങള്‍ എല്ലാവരും കൂടിയിട്ട് നല്ല സിനിമകള്‍ സൃഷ്ടിക്കുകയാണെങ്കില്‍ ഇവിടെ നല്ല സിനിമാ സംസ്‌ക്കാരം ഉണ്ടാകും. നല്ല സിനിമകള്‍ ഉണ്ടാകുമ്പോള്‍ വേള്‍ഡ് ക്ലാസ് ലെവലിലേക്ക് ഈ ഇന്‍ഡസ്ട്രി ഉയരും. ഇവിടെ അതിന് പറ്റിയ നടന്മാരുണ്ട്. ലോകത്തിലെ തന്നെ നല്ല നടന്മാര്‍ എന്ന് വിളിക്കപ്പെടുന്ന നടന്മാര്‍ മലയാളത്തിലുണ്ട്. നല്ല ക്രാഫ്റ്റുള്ള ഡയരക്ടര്‍മാരുണ്ട്. നല്ല ടെക്‌നീഷ്യന്‍മാര്‍ ഒരുപാടുണ്ട്. അപ്പോള്‍ നമ്മള്‍ എല്ലാവരും കൂടി വിചാരിച്ചുകഴിഞ്ഞാല്‍ മലയാള സിനിമ എന്നുപറയുന്നത് ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഒരു നല്ല ഇന്‍ഡസ്ട്രിയായി മാറാനുള്ള സാധ്യതയുണ്ട്.
ഒരുപക്ഷെ നമുക്ക് അവഞ്ചേഴ്‌സ് പോലത്തെ 2000 കോടിയുടെ സിനിമയൊന്നും ചെയ്യാന്‍ പറ്റില്ലായിരിക്കും. പക്ഷേ മലയാളം എന്നും നല്ല കണ്ടന്റുള്ള സിനിമകള്‍ എടുത്തിട്ടുള്ള ഇന്‍ഡ്‌സ്ട്രിയാണ്. അങ്ങനെയുള്ള സിനിമകള്‍ ഇപ്പോഴും സൃഷ്ടിക്കപ്പെടുന്നുണ്ട്. ഒരു ഇമോഷണല്‍ ഡ്രാമ ഇവിടേയും ഹോളിവുഡിലും ഒരുപോലെയേ ചെയ്യാന്‍ കഴിയുള്ളൂ. അതിനകത്ത് ഇപ്പോള്‍ രണ്ട് ബള്‍ബൊന്നും കൂടുതല്‍ ഇട്ടതുകൊണ്ട് കാര്യമില്ല. അത് ആക്ടേഴ്‌സിന്റെ പെര്‍ഫോമന്‍സും ഡയരക്ടേഴ്‌സിന്റെ ക്രാഫ്റ്റുമൊക്കെ ആശ്രയിച്ചാണ് ഇരിക്കുന്നത്. അങ്ങനെയുള്ള സിനിമകള്‍ വെച്ച് ഇന്റര്‍നാഷണലി ഏറ്റവും നല്ല സിനിമകള്‍ ഉണ്ടാകുന്ന ഒരു ഇന്‍ഡസ്ട്രിയായി മലയാള സിനിമ വളരുകയാണെങ്കില്‍ ഇവരൊക്കെ എന്റെ ടീം മേറ്റ്‌സാണ്. ഒരിക്കലും എന്റെ കോമ്പറ്റീറ്റേഴ്‌സ് അല്ല,’ ടൊവിനോ പറയുന്നു.