| Monday, 5th September 2022, 12:35 pm

ഇതുവരെ ചെയ്തവയില്‍ കരിയര്‍ ബെസ്റ്റെന്ന് തോന്നിയ സിനിമ ഏതാണ്; മറുപടിയുമായി ടൊവിനോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തല്ലുമാലയുടെ വിജയാഘോഷത്തിലാണ് നടന്‍ ടൊവിനോ തോമസ്. വസീമെന്ന കഥാപാത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ച സ്വീകാര്യത വലുതായിരുന്നു. ചിത്രവും ചിത്രത്തിലെ ഗാനങ്ങളുടേയും തല്ലിന്റേയുമൊന്നും ഓളം ഇതുവരെ അവസാനിച്ചിട്ടില്ല.

കരിയറില്‍ ഹിറ്റുകളില്‍ നിന്ന് ഹിറ്റുകളിലേക്ക് നീങ്ങുകയാണ് ടൊവിനോ. ചെറുതും വലുതുമായ നിരവധി ചിത്രങ്ങളില്‍ ഒരേ സമയം ഭാഗമാകുമ്പോള്‍ സിനിമയെ കുറിച്ചുള്ള തന്റെ ചില കാഴ്ചപ്പാടുകള്‍ പങ്കുവെക്കുകയാണ് താരം.

ഒപ്പം ഇതുവരെ ചെയ്തവയില്‍ കരിയറില്‍ ബെസ്റ്റ് എന്ന് തോന്നിയ സിനിമ ഏതാണെന്ന ചോദ്യത്തിനും ടൊവിനോ മറുപടി നല്‍കുന്നുണ്ട്. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതുവരെ ചെയ്തവയില്‍ കരിയര്‍ ബെസ്റ്റെന്ന് തോന്നിയ സിനിമ ഏതാണെന്ന ചോദ്യത്തിന് വിജയിച്ചതും വിജയിക്കാത്തതും ആളുകള്‍ക്ക് ഇഷ്ടപ്പെട്ടതും ഇഷ്ടപ്പെടാത്തും ആയ എല്ലാ സിനിമകളും തനിക്ക് പ്രിയപ്പെട്ടതാണെന്നായിരുന്നു ടൊവിയുടെ മറുപടി.

‘ഓരോ സിനിമകള്‍ക്കും വേണ്ടി ഞാന്‍ കഴിവിന്റെ പരമാവധി പുറത്തെടുത്തിട്ടുണ്ട്. സിനിമ വിജയിക്കുന്നതും പരാജയപ്പെടുന്നതും പല കാരണങ്ങള്‍കൊണ്ടാണ്. സ്വന്തം മക്കളില്‍ ആരെയാണ് ഏറ്റവും ഇഷ്ടം എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഉണ്ടാകുന്ന അതേ ഡിലെമ തന്നെയാണ് ഈ ചോദ്യം കേള്‍ക്കുമ്പോഴും.

സിനിമകള്‍ക്കായി ഞാന്‍ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ‘കള’, ‘തല്ലുമാല’, ”മിന്നല്‍ മുരളി ഇതൊക്കെ ശാരീരിക അധ്വാനം വേണ്ടിവന്ന സിനിമകളാണ്. ‘മായാനദി’, ‘കാണെക്കാണെ’, ‘എന്നു നിന്റെ മൊയ്തീന്‍’, ‘ഗപ്പി’ ഈ സിനിമകളിലെ കഥാപാത്രങ്ങളാവാന്‍ മാനസികമായും ഏറെ അധ്വാനിക്കേണ്ടിവന്നു. കരിയര്‍ ബെസ്റ്റ് ഏതെന്ന് ചോദിച്ചാല്‍ അതിന് ഉത്തരം തരേണ്ടത് പ്രേക്ഷകരാണ്,’ ടൊവിനോ പറഞ്ഞു.

‘മിന്നല്‍ മുരളി’ രണ്ടാം ഭാഗം ഉടനേയുണ്ടോയെന്ന ചോദ്യത്തിന് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നായിരുന്നു താരത്തിന്റെ മറുപടി.’ ബേസില്‍, സോഫിയാ പോള്‍, അവരുടെ മകന്‍ കെവിന്‍ എന്നിവരുമായൊക്കെ സംസാരിച്ചു. അനൗണ്‍സ് ചെയ്യാനുള്ള പരുവത്തില്‍ ആയിട്ടില്ല. ചര്‍ച്ച ഫൈനലായാല്‍ ഷൂട്ടിങ് ഡേറ്റ് അനൗണ്‍സ് ചെയ്യും,’ ടൊവിനോ പറഞ്ഞു.

‘മിന്നല്‍ മുരളി’ മക്കളുടെയും സൂപ്പര്‍ഹീറോ ആണോ എന്ന ചോദ്യത്തിനും താരം മറുപടി നല്‍കുന്നുണ്ട്. ‘ എല്ലാ കുട്ടികള്‍ക്കും ചെറുപ്പത്തിലെങ്കിലും അപ്പനാവുമല്ലോ സൂപ്പര്‍ ഹീറോ. ചിലപ്പോള്‍ ചെറിയ കാര്യങ്ങള്‍ കൊണ്ടാകും നമ്മള്‍ ഹീറോ ആയി മാറുന്നത്. വലുതാകുമ്പോള്‍ അവര്‍ സത്യം മനസ്സിലാക്കും. ഹീറോ ചിലപ്പോ സീറോ ആകും. നല്ല പേരന്റിങ്ങിലൂടെ സൂപ്പര്‍ ഹീറോ ആകാം. അങ്ങനെ നല്ല അച്ഛനാകാനുള്ള ശ്രമം എന്റെ ഭാഗത്തുനിന്നുമുണ്ട്. എന്തെങ്കിലും പറഞ്ഞു കൊടുക്കുക എന്നതിനപ്പുറം ചെയ്തു കാണിച്ചുകൊടുക്കുക എന്ന രീതിയാണ് എന്റേത്. അങ്ങനെയാകുമ്പോള്‍ കാലങ്ങളോളം അവരുടെ മനസ്സില്‍ സൂപ്പര്‍ ഹീറോ ആയി നിലനില്‍ക്കാം, ടൊവിനോ പറഞ്ഞു.

Content Highlight: Actor Tovino Thomas About his Career Best Movie

We use cookies to give you the best possible experience. Learn more