മലയാള സിനിമയിലെ ഇന്നത്തെ ഏറ്റവും തിരക്കേറിയ യുവതാരങ്ങളില്‍ ഒരാളാണ് ടൊവിനോ തോമസ്. സ്വന്തം കഴിവും പ്രയത്‌നവും കൊണ്ട് നേടിയെടുത്ത സ്റ്റാര്‍ഡം എന്ന് വേണമെങ്കില്‍ ടൊവിനോയുടെ കരിയറിനെ വിലയിരുത്താം.
സിനിമാ പാരമ്പര്യമോ ഗോഡ്ഫാദര്‍മാരോ ഒന്നുമില്ലാതെ വെള്ളിത്തിരയിലെത്തിയ ടൊവിനോ ഇന്ന് പാന്‍ ഇന്ത്യന്‍ താരമായി വളര്‍ന്നിരിക്കുകയാണ്. ബേസില്‍ ജോസഫിന്റെ സംവിധാനത്തിലൊരുങ്ങിയ മിന്നല്‍ മുരളിയെന്ന ചിത്രത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം ആഷിഖ് അബു സംവിധാനം ചെയ്യുന്ന നാരദന്‍ എന്ന ചിത്രത്തിലൂടെ മറ്റൊരു മികച്ച കഥാപാത്രവുമായി എത്തുകയാണ് ടൊവിനോ.
തിരക്കേറിയ തന്റെ കരിയറിനെ കുറിച്ചും വര്‍ക്ക് ഷെഡ്യൂളുകളെ കുറിച്ചും ഉറക്കം പോലും നഷ്ടപ്പെടുത്തിയുള്ള തന്റെ ഈ ഓട്ടം കണ്ട് അപ്പന്‍ തന്നോട് ചോദിച്ച ചോദ്യത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ടൊവിനോ.
‘പത്ത് പതിനൊന്ന് മണി വരെ കിടന്നുറങ്ങാന്‍ ആഗ്രഹമുള്ള ഒരാള്‍ തന്നെയാണ് ഞാന്‍. ചെറുപ്പത്തിലൊക്കെ വലിയ മടിയനായിട്ടുള്ള ആളായിരുന്നു. എനിക്ക് ഇഷ്ടമുള്ള കാര്യത്തിനല്ലാതെ ഞാന്‍ അനങ്ങില്ലായിരുന്നു. അങ്ങനെയുള്ള ഞാന്‍ ഇപ്പോള്‍ ഇങ്ങനെ പണിയെടുക്കുന്നത് കണ്ട് അഭിമാനിക്കുകയാണോ വിഷമിക്കുകയാണോ വേണ്ടത് എന്ന് അറിയാത്ത അവസ്ഥയിലാണ് എന്റെ വീട്ടുകാര്‍’ എന്നാണ് ടൊവിനോ പറയുന്നത്.
‘തിരക്കേറിയ വര്‍ക്ക് ഷെഡ്യൂളുകളും പ്രോമോഷന്‍ പരിപാടികളും കാരണം പലപ്പോഴും ഉറങ്ങാന്‍ കഴിയാറില്ല. രണ്ടോ മൂന്നോ മണിക്കൂറൂകള്‍ മാത്രമാണ് ചില ദിവസങ്ങളില്‍ എന്റെ ഉറക്കം. എന്റെ വര്‍ക്ക് ഷെഡ്യൂളുകള്‍ അറിഞ്ഞതുകൊണ്ടാവണം ഒരിക്കല്‍ അപ്പന്‍ എന്നോട് ചില കാര്യങ്ങള്‍ ചോദിച്ചു.’ നീ എന്തിനാ ഇത്രയും പണി എടുക്കുന്നത്, അതിന്റെ ആവശ്യമുണ്ടോ, നമുക്ക് അങ്ങനെ പെട്ടെന്ന് പൈസയുടെ ആവശ്യമൊന്നും ഇല്ലല്ലോ, നീ ഇങ്ങനെ ഒന്നിനു പിറകെ ഒന്നായി സിനിമയും പ്രൊമോഷനുമൊക്കെ ചെയ്ത് ഓടി നടക്കേണ്ട ആവശ്യമുണ്ടോ, എന്നായിരുന്നു അപ്പന്റെ ചോദ്യം.
‘ അപ്പാ ഞാന്‍ ഇങ്ങനെയൊക്കെ ചെയ്തതുകൊണ്ടാണ് അപ്പന്‍ സിനിമാ നടന്‍ അല്ലാഞ്ഞിട്ടും ഞാന്‍ ഇപ്പോള്‍ ഇവിടെ വരെയൊക്കെ എത്തി നില്‍ക്കുന്നതെന്ന് ഞാന്‍ മറുപടി നല്‍കി. ‘നിങ്ങളുടെയൊക്കെ ആശങ്ക എനിക്ക് മനസിലാകുന്നുണ്ട്. പക്ഷേ എന്നെ ആശ്രയിച്ചു നില്‍ക്കുന്ന ഒരുപാട് ആള്‍ക്കാരുണ്ട്. അവരോട് കൂടി ഞാന്‍ ആന്‍സറബിള്‍ ആണ്. ഞാന്‍ വര്‍ക്ക് ചെയ്യുന്ന ഓരോ ദിവസവും വേറെ കുറേ ആളുകള്‍ക്കും കൂടി ജോലി ഉണ്ട്. പിന്നെ എനിക്കൊപ്പം നില്‍ക്കുന്ന ആളുകളുണ്ട്. കുറെ നല്ല സിനിമ ചെയ്യാനുള്ള കൊതിയുണ്ട്’ ഇപ്പോള്‍ ഞാന്‍ ഇങ്ങനെ വര്‍ക്ക് ചെയ്യേണ്ട സമയമാണ്. നല്ല പ്രൊജക്ടുകള്‍ ഉണ്ട്. ഈ ജോലി എനിക്ക് സംതൃപ്തി തരുന്നുണ്ട്. എന്നെ മലയാള സിനിമയ്ക്ക് ആവശ്യമില്ലാത്ത സമയം വന്നാല്‍ റിട്ടയര്‍ ചെയ്ത് വീട്ടിലിരിക്കാം എന്നായിരുന്നു അപ്പനോട് പറഞ്ഞത്,’ ടൊവിനോ പറഞ്ഞു.
തന്റെ വീട്ടുകാര്‍ സിനിമയെ നോക്കിക്കാണുന്നതും താന്‍ സിനിമയെ നോക്കിക്കാണുന്നതും രണ്ട് രീതിയിലാണെന്നും ടൊവിനോ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
അവരെ സംബന്ധിച്ച് സിനിമയെന്നത് ഒരു എന്റര്‍ടൈന്‍മെന്റ് മീഡിയം മാത്രമാണെന്നും എന്നാല്‍ തന്നെ സംബന്ധിച്ച് സിനിമ ജീവിതമാര്‍ഗമാണെന്നുമായിരുന്നു ടൊവിനോ പറഞ്ഞത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ടൊവിനോ.
Content Highlight: Actor Tovino Thomas About His Busy Schedules and Cinema Life