|

ഇങ്ങനെയൊരു സിനിമ ചിന്തിക്കാനും അത് എക്‌സിക്യൂട്ട് ചെയ്യിക്കാനും നമുക്ക് ഒരു രാജുവേട്ടനല്ലേ ഉള്ളൂ: ടൊവിനോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു വശത്ത് വിവാദങ്ങള്‍ ചൂടുപിടിക്കുമ്പോഴും മറുവശത്ത് ബോക്‌സ് ഓഫീസുകള്‍ റെക്കോര്‍ഡുകള്‍ തൂക്കിയെറിഞ്ഞ് മുന്നേറുകയാണ് മോഹന്‍ലാല്‍-പൃഥ്വിരാജ്-മുരളി ഗോപി കൂട്ടുകെട്ടിലെത്തിയ എമ്പുരാന്‍.

തന്റെ പ്രതീക്ഷയ്ക്കും എത്രയോ മുകളിലാണ് എമ്പുരാന്‍ വന്നിരിക്കുന്നതെന്ന് പറയുകയാണ് നടന്‍ ടൊവിനോ തോമസ്.

എമ്പുരാനെ പോലൊരു സിനിമ ചിന്തിക്കാനും അത് എക്‌സിക്യൂട്ട് ചെയ്യിക്കാനും നമുക്കൊരു രാജുവേട്ടന്‍ മാത്രമല്ലേ ഉള്ളൂ എന്നാണ് ടൊവിനോ പറയുന്നത്.
ചിത്രത്തില്‍ ജതിന്‍ രാംദാസ് എന്ന കഥാപാത്രമായെത്തി പ്രേക്ഷകരെ ഞെട്ടിപ്പിച്ചിട്ടുണ്ട് ടൊവിനോ.

‘ എമ്പുരാന്റെ ആദ്യ ഷോ തന്നെ കാണണമെന്ന് നേരത്തെ ഉറപ്പിച്ചതാണ്. അതും ലാലേട്ടനും പൃഥ്വിക്കുമൊപ്പം. ഇനിയൊന്ന് ഐ മാക്‌സില്‍ കൂടി കാണണം.

ഞാന്‍ വിചാരിച്ചതിനേക്കാളും എത്രയോ മുകളില്‍ എമ്പുരാന്‍ വന്നിട്ടുണ്ട്. ഇത്രയും വലിയൊരു സിനിമ ചിന്തിക്കാനും അത് എക്‌സിക്യൂട്ട് ചെയ്യിക്കാനും നമുക്ക് ഒരു രാജുവേട്ടനല്ലേ ഉള്ളൂ.

ഈയൊരു സിനിമയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷവും അഭിമാനവുമുണ്ട്. ഒരു മലയാള സിനിമ പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് എനിക്ക് ഭയങ്കര സന്തോഷവും അഭിമാനവും തരുന്ന ഒന്നാണ് അത്.

സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിട്ട് പോയപ്പോഴും സോഷ്യല്‍മീഡിയയിലുമൊക്കെ ഈ സിനിമയ്ക്ക് മേല്‍ ആളുകള്‍ അര്‍പ്പിച്ച ഒരു പ്രതീക്ഷ നേരില്‍ കണ്ടിരുന്നു. അത് വെറുതെ ഉണ്ടായ പ്രതീക്ഷയല്ല.

എല്ലാവരും കാത്തിരുന്ന സിനിമയാണ് എമ്പുരാന്‍. അത് അങ്ങനെ വെറുതെ ഉണ്ടായതല്ല. ട്രെയിലറും ടീസറും വന്ന ശേഷം ഈ സിനിമയിലുണ്ടായ വിശ്വാസവും ലൂസിഫറില്‍ ഉണ്ടായ വിശ്വാസവും ഒക്കെയാണ്.

ഇങ്ങനെയൊരു സിനിമ മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന ഒന്നാണെന്നതില്‍ സംശയമില്ല. മലയാള സിനിമയ്ക്ക് പുതിയ വാതായനങ്ങള്‍ തുറന്നിടുന്ന സിനിമയാകട്ടെ എമ്പുരാന്‍ എന്ന് ആഗ്രഹിക്കുകയാണ്.

പിന്നെ രാജുവേട്ടന്‍. രാജുവേട്ടനെ പറ്റി ഞാന്‍ എന്തുപറഞ്ഞാലും പൊക്കി പറയുകയാണെന്ന് എല്ലാവരും പറയാന്‍ സാധ്യതയുണ്ട്. പലപ്പോഴും ഞാനിത് പറഞ്ഞിട്ടുള്ളതാണ്.

എന്റെ കരിയറിലെ പല നിര്‍ണായക ഘട്ടങ്ങളിലും, വളരെ പ്രധാനപ്പെട്ട ഒരു ഘട്ടത്തിലുമൊക്കെ എന്റെ കൂടെ നിന്ന് എന്നെ സഹായിച്ചിട്ടുള്ള ആളാണ് രാജുവേട്ടന്‍.

സിനിമ എന്നത് നമുക്ക് ലിമിറ്റില്ലാതെ നമുക്ക് ചിന്തിക്കാന്‍ പറ്റുന്ന ഒന്നാണെന്നും സിനിമ എവിടെയെങ്കിലും ഒതുങ്ങി നില്‍ക്കുന്നതല്ലെന്നും വലുതായി ചിന്തിക്കണമെന്നും എനിക്ക് മനസിലാക്കി തന്നതും അതിനായി എന്നെ പ്രേരിപ്പിച്ചതും രാജുവേട്ടനാണ്.

ഇന്നും ഒരു പ്രതിസന്ധിയോ സംശയമോ വന്നാല്‍ ഞാന്‍ ആദ്യം വിളിക്കുക അദ്ദേഹത്തെയാണ്. ഇതുപോലൊരു സിനിമ മലയാളത്തിന്റെ അഭിമാനമായി കൊണ്ടുവരാന്‍ ഒരുപാട് ആളുകള്‍ക്ക് പറ്റില്ല.

രാജുവേട്ടന്‍ അത് ഹാന്‍ഡില്‍ ചെയ്തത് എങ്ങനെയാണെന്ന് എനിക്കറിയാം. അത് അള്‍ട്ടിമേറ്റ് കോണ്‍ഫിഡന്‍സാണ്. ഞാനത് അസൂയയോടെ നോക്കി നിന്നിട്ടുണ്ട്. അത് മാത്രം മതി ഒരു സിനിമ ചെയ്യാന്‍ എന്ന് നമുക്ക് തോന്നിപ്പോകും,’ ടൊവിനോ പറഞ്ഞു.

Content Highlight: Actor Tovino Thomas about Empuraan Success and Prithviraj Confidence