സിനിമയുടെ കളക്ഷന്‍ റെക്കോര്‍ഡുകളെ കുറിച്ചും കലാമൂല്യത്തെ കുറിച്ചുമൊക്കെയുള്ള നിലപാട് പറഞ്ഞ് നടന്‍ ടൊവിനോ തോമസ്.
ബ്ലോക്ക്ബസ്റ്ററുകള്‍ ഉണ്ടാക്കുന്നതിനേക്കാളും വ്യത്യസ്തമായ സിനിമകള്‍ ചെയ്യാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു ടൊവിനോ പറഞ്ഞത്. തന്നെ സംബന്ധിച്ച് സിനിമ ഹ്രസ്വകാലത്തേക്കുള്ള ഏര്‍പ്പാടല്ലെന്നും താന്‍ ചെയ്ത കഥാപാത്രങ്ങള്‍ തന്റെ കാലശേഷവും നിലനില്‍ക്കുമെന്നും ടൊവിനോ പറയുന്നു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
കാലങ്ങള്‍ക്കപ്പുറം സിനിമയുടെ കളക്ഷന്‍ റെക്കോഡുകളല്ല, കലാമൂല്യമാണ് ചര്‍ച്ചചെയ്യപ്പെടുക. എല്ലാം ഒരേപോലെ ശ്രദ്ധിക്കപ്പെടണം എന്ന് വാശിപിടിക്കുന്നതില്‍ കാര്യമില്ല. ചെറുപ്പക്കാരും കുടുംബപ്രേക്ഷകരുമാണ് രണ്ട് പ്രധാന ഘടകങ്ങള്‍.
ഈ രണ്ടു വിഭാഗത്തെയും ഒരുമിച്ച് തൃപ്തിപ്പെടുത്തുക അത്ര എളുപ്പമല്ല. ഇവരെക്കൂടാതെ വളരെ ഗൗരവമായി സിനിമയെ കാണുന്നവരുമുണ്ട്. അവരെയും കണക്കിലെടുക്കണം. തിയേറ്ററില്‍ വിജയിക്കാത്ത സിനിമകള്‍ക്ക് ഒ. ടി. ടിയില്‍ പ്രേക്ഷകരെ കിട്ടുന്നുണ്ട്. എവിടെയായാലും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടണമെന്നേ എനിക്ക് ആഗ്രഹമുള്ളൂ.
തിയേറ്ററില്‍ ഓടി നിര്‍മാതാവിന് പൈസ കിട്ടിയാല്‍ സന്തോഷം. ഇതെല്ലാം മനസ്സിലാക്കി വേണം സിനിമ ചെയ്യാന്‍. ”തല്ലുമാല വലിയ ബഡ്ജറ്റ് സിനിമയാണ്. ‘ഡിയര്‍ ഫ്രണ്ട് അങ്ങനെയൊരു സിനിമ ആയിരുന്നില്ല. വളരെ ചെലവ് ചുരുക്കിയാണ് ആ പടം ചെയ്തത്. പ്രതിഫലവും കുറവാണ് വാങ്ങിയത്. സിനിമ തിയേറ്ററില്‍ ശ്രദ്ധിക്കപ്പെടാതെ പോയതുകൊണ്ട് നിര്‍മാതാവിന് നഷ്ടം വന്നിട്ടില്ല. അര്‍ഹിക്കുന്ന അംഗീകാരം ആ സിനിമയ്ക്ക് ഒ.ടി.ടിയില്‍ കിട്ടി. സിനിമയുടെ ബിസിനസ്സിനേക്കാള്‍ അതിലെ കലയാണ് എന്നെ ആകര്‍ഷിക്കുന്നത്’, ടൊവിനോ പറഞ്ഞു.
തല്ലുമാലയിലെ വസീമിന്റെ ഒരു ചെറിയ അംശം ടൊവിനോയുടെ വ്യക്തിത്വത്തില്‍ ഉണ്ടോ എന്ന ചോദ്യത്തിന് വസീമിന്റെ അംശം ഉണ്ടോ എന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും ഉണ്ടെന്നായിരുന്നു ടൊവിയുടെ മറുപടി. ഞാന്‍ ചെയ്ത നല്ലവരും നല്ലവരല്ലാത്തതുമായ സകല കഥാപാത്രങ്ങളുടേയും അംശം എന്റെ ഉള്ളില്‍ ഉണ്ട്. ക്യാമറയ്ക്ക് മുന്‍പില്‍ ആ ആത്മാംശത്തെ കുറച്ചൊന്ന് പൊലിപ്പിച്ചെടുക്കുമെന്ന് മാത്രം, ടൊവിനോ പറഞ്ഞു.
കലിപ്പന്‍ കഥാപാത്രങ്ങളുടെ സ്വഭാവം ടൊവിനോയുടെ വ്യക്തിത്വത്തിലേക്ക് പകരുന്നതായി തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് പല സിനിമകളില്‍ പല സ്വഭാവമാകും കഥാപാത്രങ്ങള്‍ക്കെന്നും അതനുസരിച്ച് തന്റെ വ്യക്തിത്വത്തില്‍ മാറ്റം വരുത്താറില്ലെന്നുമായിരുന്നു ടൊവിനോയുടെ മറുപടി.
കഥാപാത്രം സ്‌ക്രീനില്‍. ജീവിതത്തില്‍ ഞാനെപ്പോഴും ഞാനായിരിക്കും. നമ്മളും നമ്മള്‍ ആയിത്തീരേണ്ട ആളും. അതിനിടയിലുള്ള പരിപാടിയാണ് അഭിനയം. ആളുകളെ നിരീക്ഷിക്കും, സംസാരിക്കും. യാത്രയ്ക്കിടയിലും ദിവസേനയും ഒക്കെ കാണുന്ന മനുഷ്യര്‍. അവരുടെ ഇരിപ്പും നടപ്പുമൊക്കെ ശ്രദ്ധിക്കും. അതിനൊക്കെയുള്ള സമയം എനിക്കുണ്ട്. എന്നെ ഞാനൊരു സെലിബ്രിറ്റിയായി കണക്കാക്കിയിട്ടില്ല. സാധാരണ ജീവിതം പിന്തുടരുന്ന ആളാണ് ഞാന്‍, ടൊവിനോ പറഞ്ഞു.
Content Highlight: Actor Tovino Thomas About Dear Friend Movie and Thallumala