|

'വെശന്നിട്ടാ മൊതലാളി'; ബേസില്‍ ജോസഫിന്റെ 'പഴംതീറ്റ' ക്യാമറയില്‍ പകര്‍ത്തി ടോവിനോ; വൈറലായി ലൊക്കേഷന്‍ വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടൊവിനോ തോമസ് നായകനാകുന്ന മിന്നല്‍ മുരളി എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സിനിമയുടെ ഷൂട്ടിങ് വിവിധിടങ്ങളിലായി പുരോഗമിക്കുകയാണ്. ലോക്ക് ഡൗണിനെ തുടര്‍ന്ന് മുടങ്ങിയ ഷൂട്ടിങ്ങാണ് ഇപ്പോള്‍ വീണ്ടും ആരംഭിച്ചിരിക്കുന്നത്.

ഇതിനിടെ ചിത്രത്തിന്റെ ലൊക്കേഷന്‍ വിശേഷങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ലൊക്കേഷനില്‍ നിന്നുള്ള രസകരമായ ഒരു വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിലെ നായകനായ ടോവിനോ.

സംഗതി വേറൊന്നുമല്ല അര്‍ധരാത്രിയും നീളുന്ന ഷൂട്ടിങ്ങിനിടെ പഴംകഴിച്ചുകൊണ്ട് മൈക്കില്‍ നിര്‍ദേശങ്ങള്‍ കൊടുക്കുന്ന സംവിധായകന്‍ ബേസില്‍ ജോസഫിനെയാണ് ടോവിനോ തന്റെ മൊബൈലില്‍ പകര്‍ത്തിയത്. ജോണിച്ചേട്ടാ കത്തിച്ചോ എന്ന് മൈക്കിലൂടെ പറഞ്ഞ ശേഷം പഴം എടുത്തുകഴിക്കുന്ന ബേസിലാണ് വീഡിയോയില്‍.

‘വിശന്നിട്ടാണ് മൊതലാളി’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ടൊവിനോ പങ്കുവെച്ചത്. ടോവിനോയുടെ ക്യാമറ തന്നെ ഫോക്കസ് ചെയ്യുന്നു എന്നറിയുമ്പോള്‍ ബേസില്‍ ഒരു ചമ്മിയ ചിരി ചിരിക്കുന്നതും വീഡിയോയില്‍ കാണാം. ബേസിലിനൊപ്പം തന്നെ അപ്പുറത്തെ കസേരയിലിരുന്ന് ബ്രഡ് കഴിക്കുന്ന ചിത്രത്തിന്റെ മറ്റൊരു അണിയറപ്രവര്‍ത്തകനേയും ടോവിനോ തന്റെ മൊബൈില്‍ പകര്‍ത്തിയിട്ടുണ്ട്.

രസകരമായ കമന്റുകളാണ് ടൊവിനോയുടെ ഈ വീഡിയോയ്ക്ക് താഴെ വരുന്നത്. നടന്മാരായ ബാലുവര്‍ഗീസ് അടക്കമുള്ളവര്‍ വീഡിയോയ്ക്ക് കമന്റിട്ടുണ്ട്. കത്തിച്ചില്ലേല്‍ കത്തിക്കും, ഇതെന്തൊരു തീറ്റിയാണെന്റെ ചേട്ടാ, കത്തിക്കലിനിടയിലെ കുത്തിക്കേറ്റല്‍ എന്നിങ്ങനെയാണ് കമന്റുകള്‍. ‘കളിയാക്കല്ലേ ചേട്ടാ ഈ പ്രായത്തില്‍ നല്ല വിശപ്പാണ്’ എന്നായിരുന്നു ചില കമന്റുകള്‍ക്ക് ടോവിനോ നല്‍കിയ മറുപടി.

സോഫിയ പോള്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ടൊവിനോ എത്തുന്നത് തനി നാടന്‍ സൂപ്പര്‍ ഹീറോ ആയിട്ടാണ്. അസാധാരണ കഴിവുകളുള്ള മുരളി എന്ന കഥാപാത്രമായാണ് ടൊവിനോ സിനിമയില്‍ എത്തുന്നത്. 5 ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Tovino Share a Funny Location Video  Minnal Murali Set Basiljoseph