അന്ന് കാണിക്കുന്നതിനായിരുന്നു എതിര്, ഇന്ന് കാണിക്കാനാണ് എല്ലാവര്‍ക്കും താല്‍പര്യം; സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ചുള്ള ടിനി ടോമിന്റെ വാക്കുകള്‍ വിവാദത്തില്‍
സിജു വില്‍സണെ നായകനാക്കി വിനയന്‍ ഒരുക്കിയ പത്തൊമ്പതാം നൂറ്റാണ്ടിന് തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ പതിവ് ശൈലിയില്‍ നിന്ന് വിപരീതമായുള്ള ഒരു നെഗറ്റീവ് റോളാണ് ടിനി ടോം അവതരിപ്പിക്കുന്നത്.
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പ്രൊമോഷന്റെ ഭാഗമായി ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ വസ്ത്ര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചോദ്യത്തില്‍ പ്രതികരിക്കുകയാണ് താരം.
ഓരോരുത്തര്‍ അവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ഇടുന്നതിനെതിരെ പറയുന്നത് ഒരുതരം ഞരമ്പ് രോഗമാണെന്ന് പറഞ്ഞ താരം അതിനിടെ പറഞ്ഞ വിപരീത പ്രസ്താവനയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
അന്ന് വസ്ത്രം ധരിക്കാനുള്ള ഫ്രീഡത്തിനുവേണ്ടി സമരം ചെയ്തു ഇന്ന് ആ ഫ്രീഡത്തിനെ ചോദ്യം ചെയ്യുന്നു, ഇത് വൈരുധ്യമല്ലേ എന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ട് ‘അന്ന് കാണിക്കുന്നതിന് ആയിരുന്നു എതിര്, ഇന്ന് കാണിക്കാനാണ് എല്ലാവര്‍ക്കും താല്‍പര്യം’ എന്നാണ് ടിനി ടോം പറഞ്ഞത്.
മാറ് മറക്കാനുള്ള സമരത്തില്‍ നിന്ന് ഇന്ന് ഇഷ്ടമുള്ള ഒരു ഡ്രെസിട്ട് സോഷ്യല്‍ മീഡിയയില്‍ ഒരു ഫോട്ടോ ഇടുമ്പോള്‍ അതിന് താഴെ വരുന്ന നെഗറ്റീവ്, വെര്‍ബല്‍ അബ്യൂസ് കമന്റുകളില്‍ എത്തിനില്‍ക്കുമ്പോള്‍ നമ്മുടെ സൊസൈറ്റി എത്ര മാറി എന്ന ചോദ്യത്തില്‍ പ്രതികരിക്കുകയായിരുന്നു ടിനി ടോം.
‘ഒരാളുടെ വസ്ത്രം തീരുമാനിക്കുന്നത് അയാള്‍ തന്നെയാണ്. ഇപ്പോ ന്യൂഡ് ഫോട്ടോസ് ആണെങ്കില്‍ അത് നോക്കാതിരിക്കാമല്ലോ? എന്തിനാണ് ഒരാളെ കുത്തിനോവിക്കുന്നത്. ഓരോരുത്തരുടെ ഇഷ്ടമല്ലേ അവരുടെ വസ്ത്രധാരണ രീതി.
പബ്ലിക്കലി അങ്ങനെ പാടില്ല എന്നുള്ള നിയമങ്ങളുണ്ട്. ന്യൂഡ് ആയിട്ട് നടക്കാന്‍ പാടില്ല, അത് കേസാണ്. അത് വരെ പോകുമ്പോള്‍ നിയന്ത്രിക്കാന്‍ നമുക്ക് നിയമസംവിധാനം ഉണ്ട്. ഓരോരുത്തര്‍ അവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ഇടുന്നതിനെതിരെ പറയുന്നത് ഒരുതരം ഞരമ്പ് രോഗമാണ്.
പഴയ കാലഘട്ടത്തിലെ എല്ലാം ഇന്നുമുണ്ട്. നമ്മള്‍ മനുഷ്യന്‍മാരാണ് വേര്‍തിരിവുകള്‍ ഉണ്ടാക്കിയിരിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ നടന്നിരുന്ന കാര്യമാണ് സിനിമയിലുള്ളത്. ആ സിസ്റ്റമെല്ലാം ഇന്നും നിലനില്‍ക്കുന്നുണ്ട്. ഇതിനെതിരെ ഒരു ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ഉണ്ടെങ്കിലെ ശരിയാവൂ,’ ടിനി ടോം പറഞ്ഞു.
അതേസമയം, വിനയന്റെ ശക്തമായ തിരിച്ചുവരവ് അടയാളപ്പെടുത്തിയ സിനിമയില്‍ സിജു വില്‍സണ്‍ മികച്ച അഭിനയ പ്രകടനം കാഴ്ചവെക്കുന്നതായാണ് പ്രേക്ഷകര്‍ അഭിപ്രായം പറയുന്നത്.