കൊച്ചി: ഭക്ഷ്യ കിറ്റ് നല്‍കിയത് കൊണ്ട് മാത്രം ജനങ്ങളെ സന്തോഷിപ്പിക്കാനാവില്ലെന്ന് നടന്‍ ടിനി ടോം. മനുഷ്യന്റെ മാനസികാരോഗ്യത്തിന് വിനോദവും ആവശ്യമാണെന്ന് ടിനി ടോം പറഞ്ഞു.
‘ജനങ്ങള്‍ക്ക് കിറ്റോ ഭക്ഷണമോ മാത്രമല്ല ആവശ്യം. കിറ്റുകൊണ്ട് അവര്‍ക്ക് വിശപ്പടങ്ങുമായിരിക്കും എന്നാല്‍ മനുഷ്യന്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നതും, അവന്റെ മാനസികാരോഗ്യത്തെ സംരക്ഷിക്കുന്നതും വിനോദമാണ്,’ ടിനി ടോം പറഞ്ഞു.
കൊവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്തെ സിനിമാ ചിത്രീകരണങ്ങള്‍ നേരത്തെ നിര്‍ത്തിവെച്ചിരുന്നു. പിന്നീട് കര്‍ശന മാനദണ്ഡങ്ങള്‍ പാലിച്ച് ഷൂട്ടിംഗിന് അനുമതി നല്‍കുകയായിരുന്നു.
ഇതോടെ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി കേരളത്തില്‍ ചിത്രീകരിക്കുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചിരുന്നു. ആഗസ്റ്റ് രണ്ടാം വാരത്തോടെ സിനിമയുടെ ചിത്രീകരണം കേരളത്തിലേക്ക് മാറ്റുമെന്ന് അദ്ദേഹം അറിയിച്ചു.
കേരളത്തിലെ കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ബ്രോ ഡാഡിയുടെ ചിത്രീകരണം ഹൈദരാബാദിലേക്ക് മാറ്റിയിരുന്നു. സിനിമാ ഷൂട്ടിങിന് കഴിഞ്ഞ ദിവസം അനുമതി നല്‍കിയതിന് പിന്നാലെയാണ് കേരളത്തില്‍ ചിത്രീകരിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
ജീത്തു ജോസഫ് ചിത്രം ട്വവല്‍ത് മാന്റെ ഷൂട്ടിങ് ആഗസ്റ്റ് അഞ്ചാം തിയതിയോടെ കേരളത്തില്‍ തുടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്. നിയന്ത്രണങ്ങള്‍ക്ക് വിധേയമായി സിനിമാ ചിത്രീകരണത്തിന് അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
സീരിയലുകള്‍ക്ക് അനുവാദം കൊടുത്തിട്ടും സിനിമകള്‍ക്ക് മാത്രം ചിത്രീകരണത്തിന് അനുമതി നല്‍കാതിരുന്നതിനെതിരെ ഫെഫ്ക രംഗത്തെത്തിയിരുന്നു.
ബ്രോ ഡാഡി ഉള്‍പ്പെടെ 7 പുതിയ ചിത്രങ്ങളുടെ ഷൂട്ടിങ് സംസ്ഥാനത്തിന് പുറത്തേക്ക് പോയതായി ചൂണ്ടിക്കാട്ടി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണന്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് സര്‍ക്കാര്‍ നടപടി.
സീരിയല്‍ ഷൂട്ടിങ് അനുവദിച്ചത് പോലെ കാറ്റഗറി എ, ബി പ്രദേശങ്ങളില്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടാകും സിനിമ ഷൂട്ടിങ്ങും അനുവദിക്കുക. ഒരു ഡോസെങ്കിലും വാക്സിന്‍ എടുത്തവര്‍ക്കു മാത്രമാകും സെറ്റില്‍ പ്രവേശനം.
കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിച്ച് ചിത്രീകരണത്തിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനാണ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെയും നീക്കം.