| Friday, 30th September 2022, 11:51 am

ശരീരം വിറ്റ് മതിയായി, ഇനി മുഖം കാണിക്കണം ഇക്കാ; മമ്മൂട്ടിയുടെ ഡ്യൂപ്പ് വേഷങ്ങള്‍ നിര്‍ത്തിയതിനെ കുറിച്ച് ടിനി ടോം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിരവധി സിനിമകളില്‍ മമ്മൂട്ടിയുടെ ഡ്യൂപ്പ് വേഷങ്ങള്‍ ചെയത് നടനാണ് ടിനി ടോം. മിമിക്രിയില്‍ സജീവമായിരിക്കുന്ന സമയത്ത് തന്നെയാണ് മമ്മൂട്ടിയ്ക്ക് വേണ്ടി ഡ്യൂപ്പായി ടിനി ടോം എത്തിയത്. മമ്മൂട്ടി തന്നെയായിരുന്നു ഡ്യൂപ്പ് ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ച് തന്നെ വിളിച്ചതെന്നും എന്നാല്‍ ഒരു ഘട്ടമെത്തിയപ്പോള്‍ അത് നിര്‍ത്തണമെന്ന് തനിക്ക് തോന്നിയെന്നുമാണ് ടിനി ടോം പറയുന്നത്.

ഈ പട്ടണത്തില്‍ ഭൂതം, അണ്ണന്‍ തമ്പി, പാലേരി മാണിക്യം തുടങ്ങിയ ചിത്രങ്ങളില്‍ ആണ് ടിനി ടോം മമ്മൂട്ടിയുടെ ഡ്യൂപ്പായി എത്തിയത്.

‘ മമ്മൂക്കയുടെ ഡ്യൂപ്പ് ആയി വരിക എന്ന് പറയുന്നത് എനിക്ക് വലിയൊരു മെഡല്‍ കിട്ടുന്ന പോലെയായിരുന്നു. മമ്മൂക്ക തന്നെയാണ് എന്നെ വിളിക്കുന്നത്. എന്റെ ശരീരവുമായി സാമ്യമുള്ള ആരെങ്കിലും ഉണ്ടോ എന്നാണ് ചോദിച്ചത്. ഇന്നയാള്‍ ഉണ്ട് എന്ന് ഞാന്‍ പറഞ്ഞു. ഏയ് അയാള്‍ക്ക് വയറ് കൂടുതലാണെന്നായി മമ്മൂക്ക.

വേറൊരാളെ പറഞ്ഞപ്പോള്‍ അയാള്‍ക്ക് ഷോള്‍ഡര്‍ അത്ര ഇല്ല എന്ന് പറഞ്ഞു. സംഭവം എന്നെയാണ് ഉദ്ദേശിച്ചത്. പക്ഷേ എന്നെ സെലക്ട് ചെയ്യുമോ എന്ന് എനിക്കറിയില്ലല്ലോ. അങ്ങനെ ഓരോരുത്തരേയും ആലോചിച്ചുകൊണ്ടിരിക്കെ തനിക്ക് വരാന്‍ പറ്റുമോ എന്ന് മമ്മൂക്ക ചോദിച്ചു. അതിനെന്താ ഞാന്‍ വരാമല്ലോ എന്ന് പറഞ്ഞു.

അങ്ങനെ ആദ്യത്തെ പടത്തില്‍ പോയി. പിന്നെ ഒന്നായി രണ്ടായി മൂന്നായി. പിന്നെ എനിക്ക് തോന്നി ഞാന്‍ ഒളിവില്‍ പോയി താമസിക്കേണ്ടി വരുമെന്ന്. കാരണം പാലേരി മാണിക്യത്തിലൊക്കെ മൂന്ന് റോളാണ്. അപ്പോഴാണ് ഞാന്‍ പറഞ്ഞത് ശരീരം വിറ്റ് മതിയായി ഇനി മുഖം കാണിക്കണം ഇക്കാ എന്ന്, ടിനി ടോം പറഞ്ഞു.

പട്ടണത്തില്‍ ഭൂതം ചെയ്യുന്ന സമയത്ത് കൊച്ചിയില്‍ ഷൂട്ട് നടക്കുകയാണ്. ഞാന്‍ ഇങ്ങനെ മമ്മൂക്കയുടെ അതേ വേഷം ഇട്ട് വണ്ടിയില്‍ വന്നിറങ്ങി. അപ്പോള്‍ കംപ്ലീറ്റ് ആള്‍ക്കാര്‍ എന്റെ ചുറ്റും കൂടി. ഞാനാണ് നായകന്‍ എന്ന് കരുതി. അവിടെ സുരാജൊക്കെയുണ്ട് അവനോടൊക്കെ മാറി നില്‍ക്കാന്‍ പറഞ്ഞിട്ടാണ് എന്റെ ചുറ്റും കൂടിയത്.

അതേ അതേ ഇവനല്ല ഒറിജിനല്‍ എന്ന് അവിടുന്ന് ആരോ പറഞ്ഞു. ഇവര്‍ കരുതിയത് ഞാനും മമ്മൂക്കയും തുല്യവേഷം ചെയ്യുന്നു എന്നൊക്കെയാണ്. അങ്ങനെയല്ല എന്ന് അറിഞ്ഞതോടെ പിന്നെ എന്റെ അടുത്ത് നിന്നും ഇവര്‍ മറ്റൊരു ഭാഗത്തേക്ക് ഓടി. ഞാന്‍ നോക്കുമ്പോള്‍ ക്യാമറയുടെ കാല് മാത്രമേ പിന്നെ എന്റെ ചുറ്റുമുള്ളൂ. ഒരു ഈച്ച പോലുമില്ല.

സിനിമ അതാണെന്ന് അപ്പോള്‍ മനസിലായി. നമുക്ക് എപ്പോഴാണോ വാല്യു അപ്പോള്‍ മാത്രമേ ക്യാമറ ചുറ്റുമുണ്ടാകുള്ളൂ. അടുത്തിടെ സിനിമയിലെ വലിയൊരു വ്യക്തി മരിച്ചു. ബോഡി അവിടെ കിടക്കുകയാണ് ചുറ്റും ക്യാമറകളൊക്കെയുണ്ട്. ഇവര്‍ ഷൂട്ട് ചെയ്യുന്നുണ്ട്. പെട്ടെന്ന് അവിടേക്ക് ഒരു സൂപ്പര്‍സ്റ്റാര്‍ വന്നപ്പോള്‍ ഇവര്‍ അതിട്ട് അവിടേക്ക് പോയി. ഞാന്‍ നോക്കുമ്പോള്‍ ഈ ബോഡിയ്ക്ക് ചുറ്റും ക്യാമറയുടെ കാലുകള്‍ മാത്രമേയുള്ളൂ. സിനിമ അതാണ്.

സിനിമയില്‍ എത്തിയില്ലായിരുന്നെങ്കില്‍ ഒരു അധ്യാപകനാകാണ് താന്‍ ആഗ്രഹിച്ചതെന്നും ഉപദേശം കേട്ട് മതിയായപ്പോഴാണ് ആളുകളെ പഠിപ്പിച്ചാല്‍ മതിയെന്ന് തോന്നിയതെന്നും ടിനി ടോം പറഞ്ഞു.

Content Highlight: Actor Tiny To, About Why He stop Mammoottys Dupe Role

We use cookies to give you the best possible experience. Learn more