| Wednesday, 14th September 2022, 3:44 pm

തനിക്ക് ഈ ചാനലില്‍ സ്വാധീനമുണ്ടോ എന്ന് മമ്മൂക്ക ചോദിച്ചു; ഞാന്‍ വിചാരിച്ചത് വല്ല സാറ്റലൈറ്റ് കാര്യമെന്തോ ആണെന്നാണ്, പക്ഷെ ആവശ്യം ഇതായിരുന്നു: ടിനി ടോം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിമിക്രി താരമായി വന്ന് പിന്നീട് നടനായി തിളങ്ങിയ താരമാണ് ടിനി ടോം. മമ്മൂട്ടി നായകനായ പട്ടാളം, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റ് എന്നീ ചിത്രങ്ങളിലൂടെയാണ് ടിനി ടോം ശ്രദ്ധിക്കപ്പെടുന്നത്.

നടന്‍ മമ്മൂട്ടിയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ടിനി ടോം.

”കഴിഞ്ഞ ദിവസവും ഞാന്‍ മെസേജ് അയച്ചിരുന്നു. അപ്പൊ ശ്രീലങ്കയിലാണ്. എപ്പോഴും ഞാന്‍ ശല്യം ചെയ്യാറൊന്നുമില്ല. ചിലപ്പൊ ഒരു മാസം അല്ലെങ്കില്‍ രണ്ട് മാസമൊക്കെ കഴിഞ്ഞായിരിക്കും ബന്ധപ്പെടുക.

അമ്മയുടെ പരിപാടിയുടെ റിഹേഴ്‌സല്‍ നടന്ന സമയത്ത് എന്നോട് ചോദിച്ചു, ‘തനിക്ക് ഈ ചാനലില്‍ സ്വാധീനമുണ്ടോ’, എന്ന്. ഞാന്‍ വിചാരിച്ചു സാറ്റലൈറ്റ് റേറ്റുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യത്തിനായിരിക്കും എന്ന്.

അപ്പൊ എന്നോട് പറഞ്ഞു, ‘ഒരു കട്ടന്‍ചായ വേണമായിരുന്നു’ എന്ന്. എനിക്ക് ഭയങ്കര സന്തോഷമായി, ഇത്രയും പേരുണ്ടായിട്ടും എന്റെടുത്താണല്ലോ ചോദിച്ചത്.

അങ്ങനെ ഞാന്‍ തന്നെ പോയി ചായയുണ്ടാക്കി എന്റെ കൈ കൊണ്ട് തന്നെ കൊണ്ട് കൊടുത്തപ്പോള്‍, ‘എടോ തന്റടുത്ത് കൊണ്ടുവരാനല്ല പറഞ്ഞത്, ആരോടെങ്കിലും പറഞ്ഞാല്‍ പോരായിരുന്നോ’ എന്ന് പറഞ്ഞു.

അതെനിക്ക് ഏറ്റവും വലിയ അവാര്‍ഡായാണ് തോന്നുന്നത്. എന്നോടുള്ള വിശ്വാസം കൊണ്ടാണല്ലോ അത് ചോദിച്ചത്. ചാനലില്‍ സ്വാധീനമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ വിചാരിച്ചത് വലിയ എന്തോ സംഭവമാണെന്നാണ്.

ഭയങ്കര ഇഷ്ടം കൊണ്ടാണ്. അത് കഴിഞ്ഞും മമ്മൂക്ക എന്നെ അന്വേഷിച്ചിരുന്നു എന്ന് കേട്ടു,” ടിനി ടോം പറഞ്ഞു.

അതേസമയം, സിജു വില്‍സണെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ടാണ് ടിനി ടോമിന്റെ ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ചിത്രം. കുഞ്ഞുപിള്ള എന്ന കഥാപാത്രമായാണ് ടിനി ചിത്രത്തിലെത്തുന്നത്.

തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ചിത്രത്തില്‍ ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന ചരിത്ര കഥാപാത്രമായാണ് സിജു വില്‍സണ്‍ എത്തുന്നത്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിച്ചത്. ചെമ്പന്‍ വിനോദ് ജോസ്, ഹണി റോസ്, അനൂപ് മേനോന്‍, സുരേഷ് കൃഷ്ണ, ദീപ്തി സതി, സെന്തില്‍ കൃഷ്ണ, പൂനം ബജ്വ, സുദേവ് നായര്‍ എന്നിവരാണ് പത്തൊമ്പതാം നൂറ്റാണ്ടില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തിയത്.

Content Highlight: Actor Tini Tom shares a funny experience with Mammootty

We use cookies to give you the best possible experience. Learn more