| Sunday, 18th June 2023, 7:02 pm

മുസ്‌ലിം സമുദായമാണെങ്കില്‍ അമേരിക്കന്‍ എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥര്‍ ഒന്ന് സൂക്ഷിക്കും; ക്രിസ്ത്യാനിയാണെന്ന് പറഞ്ഞ് കുരിശ് കാണിച്ചു: ടിനി ടോം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അമേരിക്കന്‍ എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥര്‍ മുസ്‌ലിം സമുദായക്കാര്‍ വരുമ്പോള്‍ സൂക്ഷിച്ചാണ് കടത്തിവിടുന്നതെന്ന് നടന്‍ ടിനി ടോം. താന്‍ ഒരിക്കല്‍ എയര്‍പോര്‍ട്ടില്‍ പോയപ്പോള്‍ ബാഗിലെ സാധനങ്ങളും തന്റെ അഫ്ഗാന്‍ ലുക്കും നിറവും കണ്ട് തീവ്രവാദിയാണെന്ന് തെറ്റിദ്ധരിച്ച് പിടിച്ചുവെച്ചുവെന്നും കൗമുദി മൂവിസിലെ പരിപാടിയില്‍ ടിനി പറഞ്ഞു.

‘അമേരിക്കയില്‍ ഒരു ഷോ കഴിഞ്ഞ് ഞങ്ങള്‍ തിരികെ വരികയാണ്. അപ്പോള്‍ ഒരു വലിയ അപകടം സംഭവിച്ചു. അവിടുന്ന് പോകുന്നതിന് മുമ്പ് എന്റെ ഒരു സുഹൃത്ത് എന്റെ അമ്മക്ക് ഗിഫ്റ്റ് ഉണ്ട്, അത് കൊടുക്കണമെന്ന് പറഞ്ഞു. ഒരു പൊതി എന്റെ കയ്യില്‍ തന്നു.

യൂസഫ്, നവാസ്, സമദ്, നാദിര്‍ഷ എന്നിവരാണ് എന്റെ കൂടെ ഉള്ളത്. ആ പേരുകള്‍ ഒന്ന് ശ്രദ്ധിക്കണം. അമേരിക്കന്‍ എയര്‍പോര്‍ട്ടുകളില്‍ ഉള്ള ഒരു പ്രശ്‌നം എന്താണെന്ന് വെച്ചാല്‍ മുസ്‌ലിം സമുദായമാണെങ്കില്‍ അവര്‍ ഒന്ന് സൂക്ഷിക്കും. ഞാനാണെങ്കില്‍ അഫ്ഗാനികളുടേത് പോലെ മീശ പിരിച്ച് താടി നീട്ടി വേറെ ഒരു ലുക്കിലാണ്. എന്റെ കയ്യിലും വലിയ ബാഗും അവിടെ നിന്നുള്ളവര്‍ തന്നുവിട്ട പൊതികളുമുണ്ട്, അതൊക്കെ നാട്ടില്‍ ഓരോരുത്തര്‍ക്ക് കൊടുക്കാനുള്ളതാണ്.

എയര്‍പോര്‍ട്ടില്‍ ബാഗ് സ്‌ക്രീന്‍ ചെയ്യുന്ന സ്ഥലത്ത് എന്റെ ബാഗ് രണ്ട് പ്രാവശ്യം സ്‌ക്രീന്‍ ചെയ്തു. അപ്പോള്‍ എനിക്ക് ചെറുതായി പേടി തോന്നി. പരിശോധിക്കാനായി എന്റെ ബാഗ് അവര്‍ കൊണ്ടുപോയി. ഇതില്‍ എന്താണെന്ന് ചോദിച്ചപ്പോള്‍ സുഹൃത്തിന്റെ ബാഗാണെന്ന് പറഞ്ഞു.

ബാഗ് തുറന്നപ്പോള്‍ കാണുന്നത് വലിയ രണ്ട് കത്തിയാണ്. അമ്മക്ക് മീന്‍ മുറിക്കാന്‍ വേണ്ടി തന്നുവിട്ട കത്തിയാണ്. അപ്പോള്‍ തന്നെ ഞാന്‍ ടെററിസ്റ്റായി. എന്റെ ബ്രൗണ്‍ കളര്‍ തന്നെ അവര്‍ക്ക് പ്രശ്‌നമാണ്. അഫ്ഗാന്‍ സ്ഥലത്തുള്ള ആളുകളെ അവര്‍ക്ക് ഭയമാണ്. ടെററിസ്റ്റുകളുടെ ഒരു നിറമാണ്. സാര്‍ ഞാന്‍ ക്രിസ്റ്റ്യനാണെന്ന് പറഞ്ഞ് കയ്യിലെ പാസ്‌പോര്‍ട്ടും കഴുത്തില്‍ കിടക്കുന്ന കുരിശും എടുത്ത് കാണിച്ചു. പിന്നെ ആര്‍ യു ടെററിസ്റ്റ് എന്ന് ചോദിച്ചു. ഞാന്‍ കേട്ടത് ടൂറിസ്റ്റ് എന്നാണ്. യെസ് എന്ന് പറഞ്ഞു. ആദ്യമായിട്ടാണ് ഒരാള്‍ ചോദിക്കുമ്പോള്‍ തന്നെ ഉത്തരം പറയുന്നത്.

പിന്നെ ഞാന്‍ അവരുടെ കയ്യും കാലും പിടിച്ച് കരയുകയാണ്. എന്നെ പിടിച്ചുകൊണ്ട് പോകാന്‍ വണ്ടി വന്നിരിക്കുകയാണ്. ഞങ്ങള്‍ വിമാനത്തില്‍ ബോംബ് വെക്കാന്‍ വന്നവരാണെന്നോ തട്ടിക്കൊണ്ടുപോകാന്‍ വന്നവരാണെന്നൊക്കെയാണ് ഇവര്‍ വിചാരിച്ചിരിക്കുന്നത്. പിന്നെ ആര്‍ടിസ്റ്റാണ്, സ്റ്റാന്‍ഡ് അപ്പ് കോമഡി ആണ് ചെയ്യുന്നതെന്നൊക്കെ പറഞ്ഞപ്പോള്‍ അവര്‍ക്ക് കാര്യം മനസിലായി. മുന്നിലെ സീറ്റില്‍ ഇരിക്കണം, ഇന്ത്യ എത്തുന്നത് വരെ അനങ്ങരുത് എന്ന് പറഞ്ഞു. ഒടുവില്‍ രക്ഷപ്പെട്ടു, ഇന്ത്യയില്‍ വന്നിറങ്ങിയപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്,’ടിനി ടോം പറഞ്ഞു.

Content Highlight: Actor Tini Tom said that the officials at the US airport are careful when the Muslims arrives

We use cookies to give you the best possible experience. Learn more