| Tuesday, 21st March 2023, 8:12 am

മോളി കണ്ണമാലിയെ അമ്മ സംഘടന സഹായിക്കാത്തതിന് കാരണമുണ്ട്, അതൊന്നും പുറത്തു പറയാറില്ലായിരുന്നു: ടിനി ടോം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടി മോളി കണ്ണമാലി അടുത്തിടെ രോഗം വര്‍ധിച്ച് ആശുപത്രിയിലായിരുന്നു. സാമൂഹിക രംഗത്തുള്ളവരും സിനിമാ പ്രവര്‍ത്തകരും നടിക്ക് സഹായമെത്തിച്ചെങ്കിലും സിനിമാ സംഘടനയായ അമ്മയുടെ ഭാഗത്ത് നിന്ന് സഹായമൊന്നും ലഭിച്ചിട്ടില്ലായിരുന്നു. ഇതിനെ തുടര്‍ന്ന് നിരവധി വിമര്‍ശനങ്ങള്‍ സംഘടനക്ക് എതിരെ ഉയര്‍ന്നിരുന്നു.

ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ ടിനി ടോം. മോളി കണ്ണമാലിയെ സഹായിക്കാന്‍ സംഘടനാ ചട്ടപ്രകാരം കഴിയില്ലെന്ന് ടിനി ടോം പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”അവര്‍ക്കാദ്യം വീട് വെച്ച് കൊടുക്കാന്‍ നേരത്തെ മമ്മൂക്കയാണ് ഏറ്റവും കൂടുതല്‍ സഹായിച്ചത്. അല്ലാതെയും പേഴ്‌സണലായി സഹായിച്ചവരുണ്ട്. അമ്മ സംഘടനയുടെ ഹെല്‍പ്പ് കിട്ടിയില്ലെന്നേയുള്ളൂ. അമ്മയുടെ അംഗങ്ങളില്‍ നിന്നും ഒരുപാട് ഹെല്‍പ്പ് കിട്ടിയിട്ടുണ്ട്.

സംഘടനയുടെ അജണ്ടയ്ക്കനുസരിച്ചേ ചെയ്യാന്‍ പറ്റൂ. അമ്മയിലെ അംഗങ്ങള്‍ ചെയ്യുന്നത് പുറത്താരോടും പറയാറില്ല. ഓവര്‍ പെയ്ഡായവര്‍ സുഖ സൗകര്യങ്ങള്‍ ആസ്വദിക്കുന്നു എന്നാണ് പുറത്തുള്ളവര്‍ക്ക് തോന്നുക.

അമ്മ ഒരു ആര്‍ഭാട സംഘടനയായി പുറത്ത് നിന്നുള്ളവര്‍ക്ക് തോന്നും. പക്ഷെ അതില്‍ നൂറോളം പേര്‍ മാത്രമാണ് സുഖ സൗകര്യങ്ങളില്‍ ജീവിക്കുന്നവര്‍.

ബാക്കി എല്ലാവരും പുറന്തള്ളപ്പെട്ട് പോയവരാണ്. കാലത്തിന്റെ ഓട്ടത്തിനിടയ്ക്ക് സിനിമയില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നവരാണ്. മാസം 5000 രൂപ വെച്ച് കൈനീട്ടം എന്ന പരിപാടി 250 ഓളം പേര്‍ക്ക് കൊടുക്കുന്നുണ്ട്. അവരുടെ കുടുംബങ്ങളില്‍ മരുന്ന് മേടിക്കുന്നു.

പക്ഷെ ഇത്രയും ചെയ്യുന്നത് പുറത്ത് പറയാറില്ല. പക്ഷെ കാണുമ്പോള്‍ എല്ലാവരും വണ്ടിയില്‍ നിന്ന് വന്നിറങ്ങുന്നു. അതിന്റെ പിന്നിലുണ്ടായ അധ്വാനം അറിയില്ല.

കാശ് കിട്ടുമെങ്കിലും രാവിലെ മുതല്‍ രാത്രി വരെ ഉറക്കമൊഴിച്ച് പണിയെടുത്താണ് പലരും സമ്പാദിച്ചത്. അവര്‍ പേഴ്‌സണലായി എന്‍ജോയ് ചെയ്യുന്നത് വളരെ കുറവാണ്.

അധ്വാനം കൂടുതലാണ് സിനിമയില്‍. ആയുസ് കളഞ്ഞുള്ള ചരടിന്‍മേല്‍ കളി തന്നെയാണ് സിനിമ. വെള്ളപ്പൊക്കം വന്ന സമയത്ത് ഷോ ചെയ്ത് അഞ്ച് കോടി രൂപ സര്‍ക്കാരിന് കൊടുത്തു.

അമ്മ സംഘടനയ്ക്ക് പലപ്പോഴും നിരവധി വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വരാറുണ്ട്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവാദങ്ങളോടെയാണ് അമ്മ എന്ന സംഘടന വ്യാപക വിമര്‍ശനങ്ങള്‍ക്കിരയായി തുടങ്ങിയത്. സംഘടനയോട് മുഖം തിരിഞ്ഞ് നില്‍ക്കുന്ന താരങ്ങളും ഇന്ന് സിനിമാ രംഗത്തുണ്ട്,” ടിനി ടോം പറഞ്ഞു.

content highlight: actor tini tom explains why amma can’t help moli kannamali

We use cookies to give you the best possible experience. Learn more