നടനും മിമിക്രി താരവുമായ ടിനി ടോം അഭിനയിച്ച് റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. വിനയന്‍ സംവിധാനം ചെയ്ത് സിജു വില്‍സണ്‍ നായകനായ പത്തൊമ്പതാം നൂറ്റാണ്ട് നിര്‍മിച്ചത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്.
ഇത്രയും ബഡ്ജറ്റുള്ള ഒരു ചരിത്ര സിനിമ ഗോകുലം ഗോപാലന്‍ നിര്‍മിച്ചതിനെ കുറിച്ചും കലാസൃഷ്ടികളെ അദ്ദേഹം പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചും പറയുകയാണ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ പ്രൊമോഷന്റെ ഭാഗമായി കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ടിനി ടോം
”ഗോകുലം ഗോപാലന്‍ സാര്‍ ചെയ്യുന്ന പടം എന്നൊക്കെ പറഞ്ഞാല്‍, പഴശ്ശിരാജ പോലൊരു പടം വരണമെങ്കില്‍ അത്രയും ഇന്‍വെസ്റ്റ് ചെയ്യാന്‍ തയാറാകണം. അത് ലാഭവും നഷ്ടവും നോക്കിയല്ല. ഒരു കലാസൃഷ്ടി വരണം എന്ന ചിന്തയാണ്.
ഇപ്പോഴും പുള്ളി പഴയ ആള് തന്നെയാണ്. ചിട്ടിയില്‍ ചേരാനാണ് എന്റടുത്ത് പറയുന്നത്. കോടീശ്വരനായതൊന്നും പുള്ളി ഇപ്പോഴും അറിഞ്ഞിട്ടില്ല, 116 ബിസിനസ് ചെയ്യുന്നുണ്ട്.
ടിനി ഗോകുലം ചിട്ടിയിലുണ്ടോ, എന്നാണ് അടുത്തിരിക്കുമ്പോള്‍ ചോദിക്കുക. ഓരോ ചെക്കും പുള്ളി നേരിട്ടാണ് സൈന്‍ ചെയ്യുന്നത്. ഇവരുടെയൊക്കെ വിജയത്തിന് കാരണമിതാണ്.
കലാകാരനായ ഒരു കോടീശ്വരനാണ്. അതുകൊണ്ടാണ് ഈ കലാസൃഷ്ടിക്ക് വേണ്ടി, അതിന്റെ ക്വാളിറ്റിക്ക് വേണ്ടി ഇന്‍വെസ്റ്റ് ചെയ്യുന്നത്. ഈ 45 കോടി മുടക്കാന്‍ കേരളത്തില്‍ ഒരാളുണ്ടാകുക എന്ന് പറഞ്ഞാല്‍… അതിന്റെ വരുംവരായ്കയൊന്നും നോക്കാതെ ചെയ്തതാണ്.
പാപ്പന്‍ എന്ന സിനിമയും ഇദ്ദേഹത്തിന്റെ പ്രൊഡക്ഷനാണ്. ഇദ്ദേഹത്തിന്റെ കാശ് കൊണ്ടാണ് ഇപ്പൊ രണ്ടുമൂന്ന് വര്‍ഷമായി ഞാന്‍ ജീവിക്കുന്നത്.
അദ്ദേഹത്തിന്റെ ചാനലിലാണ് ഞാന്‍ വര്‍ക്ക് ചെയ്യുന്നത്. ഈ കൊറോണ സമയത്തൊക്കെ എന്റെ വീട്ടില്‍ കാര്യങ്ങള്‍ നടന്നുപോയത് ഗോകുലം ഗോപാലന്റെ കാശ് കൊണ്ടാണ്,” ടിനി ടോം പറഞ്ഞു.
ചെമ്പന്‍ വിനോദ് ജോസ്, ഹണി റോസ്, അനൂപ് മേനോന്‍, സുരേഷ് കൃഷ്ണ, ദീപ്തി സതി, സെന്തില്‍ കൃഷ്ണ, പൂനം ബജ്‌വ, സുദേവ് നായര്‍ എന്നിവരാണ് പത്തൊമ്പതാം നൂറ്റാണ്ടില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തിയത്. നിര്‍മാതാവായ ഗോകുലം ഗോപാലനും ചിത്രത്തില്‍ ഒരു വേഷത്തിലെത്തുന്നുണ്ട്.
Content Highlight: Actor Tini Tom about the support of producer Gokulam Gopalan