| Tuesday, 23rd May 2023, 1:49 pm

മമ്മൂക്കയുടെ ഇപ്പോള്‍ ഇറങ്ങുന്ന സിനിമകളില്‍ അദ്ദേഹം സിഗരറ്റ് വലിക്കുകയോ മദ്യപിക്കുകയോ ചെയ്യുന്ന സീനുകള്‍ കാണില്ല: ടിനി ടോം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടന്‍ ടിനി ടോം നടത്തിയ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ലഹരി ഉപയോഗം കാരണം മലയാളത്തിലെ ഒരു നടന്റെ പല്ല് പൊടിഞ്ഞുപോയെന്നായിരുന്നു ടിനി ടോം പറഞ്ഞത്.

തന്റെ മകന് സിനിമയില്‍ അവസരം വന്നെങ്കിലും അവനെ വിടാന്‍ താനോ കുടുംബമോ തയ്യാറായില്ലെന്നും സിനിമയിലെ ലഹരി ഉപയോഗമാണ് അതിന് കാരണമെന്നുമായിരുന്നു ടിനി ടോം പറഞ്ഞത്. ടിനി ടോമിന്റെ ഈ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചുമൊക്കെയുള്ള വലിയ ചര്‍ച്ചകളും പിന്നീട് നടന്നു.

അന്നത്തെ തന്റെ പ്രസ്താവനയെ കുറിച്ചും താന്‍ റോള്‍ മോഡലായി കാണുന്ന മലയാളത്തിലെ സിനിമാ താരങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുയാണ് ടിനി ടോം.

മമ്മൂക്കയേയും ലാലേട്ടനേയും പോലുള്ളവരെയായിരുന്നു തന്റെ കാലത്തുള്ളവര്‍ റോള്‍ മോഡല്‍ ആക്കിയിരുന്നതെന്നും എന്നാല്‍ ഇന്നത്തെ കുട്ടികള്‍ ഇപ്പോഴത്തെ ചില താരങ്ങളെയാണ് റോള്‍ മോഡലാക്കുന്നതെന്നും അത് അവരെ വഴി തെറ്റിക്കുമെന്നുമാണ് ടിനി ടോം കൗമുദി മൂവീസിന്റെ ‘ടിനി കഥകള്‍’ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞത്.

മമ്മൂക്കയേയും ലാലേട്ടനേയും സുരേഷേട്ടനേയുമൊക്കെയാണ് ഞാന്‍ റോള്‍ മോഡല്‍ ആക്കിയിരുന്നത്. കുടുംബത്തിനാണ് നമ്മള്‍ ആദ്യം പ്രാധാന്യം കൊടുക്കേണ്ടതെന്ന കാര്യം എന്റെ മനസിലേക്ക് ആദ്യം കടത്തിവിട്ടത് മമ്മൂക്കയാണ്.

മമ്മൂക്കയുടെ ഈ അടുത്ത കാലത്തെ ചില സിനിമകള്‍ കണ്ടാല്‍ അറിയാം. അദ്ദേഹം മദ്യപിക്കുന്നതോ സിഗരറ്റ് വലിക്കുന്നതോ ആയ സീനുകള്‍ ചെയ്യാറില്ല. അത് അദ്ദേഹത്തിന്റെ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയാണ്. പക്ഷേ എനിക്ക് അങ്ങനെ ഒരു സിനിമയില്‍, ഞാന്‍ കള്ളു കുടിക്കില്ല, സിഗരറ്റ് വലിക്കില്ല എന്ന് പറയാന്‍ പറ്റില്ല.

അതുപോലെ ലാലേട്ടനെ കുറിച്ചു പറഞ്ഞാല്‍ അദ്ദേഹത്തിന്റെ ഡെഡിക്കേഷന്‍. ഏഴ് മണിക്ക് ഷൂട്ട് എന്ന് പറഞ്ഞാല്‍ ആറര മണിക്ക് അദ്ദേഹം എത്തും. നമ്മള്‍ ഇപ്പോള്‍ പലരേയും കാണുന്നുണ്ട്. ഏഴ് മണിക്ക് ഷൂട്ട് വെച്ചാല്‍ ഉച്ചയ്ക്ക് 12 മണിക്ക് എത്തുന്നവരെ.

അതുപോലെ സുരേഷേട്ടന്‍. അദ്ദേഹത്തിന്റെ മനുഷ്യസ്‌നേഹം. കയ്യില്‍ കിട്ടുന്നത് മറ്റുള്ളവര്‍ക്ക് കൂടി പകുത്തു നല്‍കുന്ന ആളാണ് അദ്ദേഹം. ഒരു വാര്‍ഡിന്റേയോ ഒരു പഞ്ചായത്തിന്റേയോ ഒരു സംസ്ഥാനത്തിന്റേയോ കാശല്ല. അദ്ദേഹത്തിന്റെ വിയര്‍പ്പുള്ള കാശാണ് കൊടുക്കുന്നത്. ഇവരൊക്കെയാണ് നമ്മുടെ റോള്‍ മോഡല്‍സ്.

ഇവരിലൊക്കെയുള്ള നല്ല കാര്യങ്ങളാണ് നമ്മള്‍ പകര്‍ത്താന്‍ ശ്രമിച്ചിട്ടുള്ളത്. നമ്മള്‍ സൂപ്പര്‍സ്റ്റാറൊന്നുമല്ല. സാധാരണ മനുഷ്യനാണെങ്കില്‍ പോലും അത് പകര്‍ത്തുന്നത് നന്മയ്ക്ക് വേണ്ടിയാണ്. ഇപ്പോഴത്തെ കുട്ടികള്‍ ഇപ്പോഴത്തെ താരങ്ങളെയാണ് റോള്‍ മോഡലാക്കുന്നത്. അത് അവരെ വഴിതെറ്റിക്കുന്നുണ്ട്. മൂന്നാ നാലോ പേരുടെ പ്രശ്‌നങ്ങളൊക്കെയാണ്. അവരെ റോള്‍ മോഡലാക്കും. ഞാന്‍ അവരുടെ പേര് ഇവിടെ പറഞ്ഞ് മോശമാക്കുന്നില്ല.

അന്ന് ആ വേദിയില്‍ എന്റെ സിനിമാ കുടുംബത്തിലുള്ള ആരേയും മോശമാക്കാന്‍ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും ധ്യാനൊന്നും തന്നെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും ടിനി ടോം അഭിമുഖത്തില്‍ പറഞ്ഞു. കയ്യടി കിട്ടാന്‍ വേണ്ടി വിവാദമുണ്ടാക്കുന്ന ആളല്ല താനെന്നും ഉള്ളത് ഉള്ളതുപോലെ തുറന്നു പറയുക മാത്രമാണ് ചെയ്തതെന്നും ടിനി ടോം അഭിമുഖത്തില്‍ പറഞ്ഞു.

Content Highlight: Actor Tini Tom About Mammootty and Mohanlal and Young stars

Latest Stories

We use cookies to give you the best possible experience. Learn more