മഹാഭാരതത്തില്‍ അഭിനയിക്കാന്‍ കളരി പഠിക്കുന്നുണ്ട്, പാരമ്പര്യകലാരൂപമായിട്ടും കേരളത്തിലുള്ളവര്‍ കളരിയെ സ്വീകരിച്ചിട്ടില്ല: ടിനി ടോം
Entertainment news
മഹാഭാരതത്തില്‍ അഭിനയിക്കാന്‍ കളരി പഠിക്കുന്നുണ്ട്, പാരമ്പര്യകലാരൂപമായിട്ടും കേരളത്തിലുള്ളവര്‍ കളരിയെ സ്വീകരിച്ചിട്ടില്ല: ടിനി ടോം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 25th November 2022, 7:51 pm

മഹാഭാരതം സിനിമയാക്കുമ്പോള്‍ അതില്‍ അഭിനയിക്കാനായി കളരി പഠിക്കാന്‍ തുടങ്ങിയെന്ന് ടിനി ടോം. കളരി പഠിച്ചാലുള്ള ഗുണത്തേക്കുറിച്ച് വാചാലനായ ടിനി പാരമ്പര്യ കലാരൂപമായ കളരിയെ കേരളിയര്‍ അവഗണിക്കുകയാണെന്നും പറഞ്ഞു.

കളരി പഠിക്കുന്നത് കൊണ്ട് എന്ത് ഗുണമാണ് ഉണ്ടാവുകയെന്ന് തന്റെ മകന്‍ ചോദിക്കാറുണ്ടെന്നും എന്നാല്‍ തനിക്ക് ഉത്തരം പറയാന്‍ കഴിയാറില്ലെന്നും ടിനി പറഞ്ഞു. മാറ്റിനി ലൈവിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം കളരിയേക്കുറിച്ച് സംസാരിച്ചത്.

”പാപ്പനില്‍ ഞാന്‍ വളരെ ലൈറ്റ് ഹ്യൂമറാണ് ചെയ്തത്. അതില്‍ നിന്ന് മാറിയുള്ള പ്രകടനമാണ് പത്തൊമ്പതാം നൂറ്റാണ്ടില്‍. തെക്കന്‍ പാട്ടുകള്‍ വടക്കന്‍ പാട്ടുകള്‍ എന്ന് പറയുന്നത് എപ്പോഴും കിട്ടില്ല. പത്തോപതിനഞ്ചോ വര്‍ഷം കൂടുമ്പോഴാണ് അത്തരമൊരു റോള്‍കിട്ടുക. അതിന്റെ ഡയലോഗില്‍ വലിയ മാറ്റമുണ്ട്. ഡയലോഗെല്ലാം പറയുമ്പോള്‍ നാടകീയത വേണം.

എം.ടിയുടെ അത്തരം സ്‌ക്രിപ്റ്റുകള്‍ നമുക്ക് കിട്ടുന്നതും അതില്‍ കഴിവ് തെളിയിക്കാന്‍ കഴിയുക എന്ന് പറയുന്നതുമൊക്കെ ഭയങ്കര കാര്യമാണ്. സാറിന്റെ അടുത്ത സിനിമ മഹാഭാരതം വെച്ചിട്ടുള്ളതാണ്. ചെറിയ പടങ്ങള്‍ ഒക്കെ കുറേ ചെയ്തതല്ലെ വലിയ പടങ്ങള്‍ ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു.

പാന്‍ ഇന്ത്യന്‍ ലെവലില്‍ മഹാഭാരതം പോലെ ഒരു സിനിമ മലയാളത്തില്‍ വരുകയെന്ന് പറഞ്ഞാല്‍ അത് വലിയ കാര്യമല്ലേ. അതിനൊക്കെ യോഗ്യനാവണമെങ്കില്‍ അതിന് അനുസരിച്ചുള്ള ആയോധനകലകള്‍ എനിക്ക് ഉണ്ടാവണം. കളരി ഇപ്പോള്‍ ഞാന്‍ ചെയ്യുന്നുണ്ട്. അത് പഠിക്കുന്നത് യുദ്ധത്തിന് പോവാനും ചേകവരാവാനും വേണ്ടി മാത്രമല്ല കുനിഞ്ഞ് പേഴ്‌സ് എടുക്കാന്‍ കൂടിയാണ്.

കളരിയില്‍ ആദ്യം ചെയ്യുക നമസ്‌കാരം ആണ്. കളരി തുടങ്ങി കഴിഞ്ഞാല്‍ അറിയാന്‍ പറ്റും നമ്മുടെ ശരീരത്തിന് എന്തെങ്കിലും കുഴപ്പമുണ്ടോയെന്ന്. കളരിയില്‍ ഇപ്പോള്‍ ഒരു 8,9 ചുവട് വരെ ഞാന്‍ എത്തി. ദിവസവും ചെയ്യാന്‍ കുറേ തിരക്കും കാര്യങ്ങളും ഉള്ളത് കൊണ്ട് പറ്റാറില്ല. ആഴ്ചയില്‍ മൂന്ന് ദിവസം ചെയ്യുമ്പോഴേക്കും ശരീരത്തിന്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ പെട്ടെന്ന് മനസിലാവും.

കേരളത്തിലെ ആളുകള്‍ കളരിയെ സ്വീകരിച്ചിട്ടില്ല. എന്റെ മകന്‍ എന്നോട് ചോദിക്കാറുണ്ട് കളരി ഒക്കെ പഠിച്ചിട്ട് എന്താണ് ഗുണം എന്ന്. നമ്മുടെ പാരമ്പര്യം അറിയാന്‍ എന്നാണ് ഞാന്‍ പറഞ്ഞത്. പക്ഷേ അതുകൊണ്ട് എന്ത് ഗുണം ഉണ്ടാവും എന്നാണ് അവന് അറിയേണ്ടത്. അതിന് എന്റെ കയ്യില്‍ ഉത്തരമില്ലായിരുന്നു. അത്തരം ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ കഴിയില്ല,” ടിനി ടോം പറഞ്ഞു.

content highlight: actor tini tom about kerala and kalari