എല്ലാ കാര്യങ്ങളും ഭാര്യയോട് തുറന്ന് പറയുന്നത് പോലെ ഇപ്പോള്‍ പറയാറില്ലെന്ന് നടന് ടിനി ടോം. തന്റെ സുഹൃത്താണ് ഭാര്യയെന്നും പക്ഷെ കുടുംബം തകരാന്‍ ചിലപ്പോള്‍ ഒരു മെസേജ് മതിയെന്നും ടിനി പറഞ്ഞു.
ആരെങ്കിലും വിളിക്കുമ്പോഴോ മെസേജ് അയക്കുമ്പോഴോ തെറ്റിദ്ധാരണയുണ്ടാകാമെന്നും ടിനി പറഞ്ഞു. എല്ലാകാര്യങ്ങളും ഭാര്യയോട് പറയാതിരിക്കുന്നതാണ് നല്ലതെന്ന് 2023ലാണ് താന്‍ മനസിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. സിനിമാ ഡാഡിക്ക് നല്കിയ അഭിമുഖത്തിലാണ് ടിനി ടോം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”80 ശതമാനവും എന്റെ ലൈഫ് എന്റെ ഭാര്യയാണ്. ബാക്കി 20 ശതമാനവും അവള് തന്നെയാണ്. അവളുടെ അടുത്താണ് ഞാന്‍ എല്ലാം ഡിസ്കസ് ചെയ്യാറുള്ളത്. എനിക്ക് ഒരു സുഹൃത്തിനെ പോലെയാണ് ഭാര്യ. പക്ഷെ കുടുംബം തകരാന്‍ ഒരു മെസേജ് വന്നാല്‍ മതി.
കുടുംബം എന്ന് പറഞ്ഞാല്‍ ഭയങ്കര സെറ്റപ്പാണ്. അതാണ് ഞാന്‍ ഇരുപത് ശതമാനം ബാക്കിവെച്ചത്. ചില ചീഞ്ഞ കാര്യങ്ങള്‍ പറയാന്‍ പറ്റില്ല. പണ്ട് ഞാന്‍ എല്ലാം എന്റെ ഭാര്യയോട് തുറന്ന് പറയുമായിരുന്നു. അത് പിന്നീട് പ്രശ്നമായി തുടങ്ങി. അതുകൊണ്ട് ചിലകാര്യങ്ങള്‍ കുഴിച്ചിടുന്നതാണ് നല്ലത്. 2023ല്‍ ഞാന്‍ മനസിലാക്കിയ കാര്യമാണിത്.
എന്റെ ഫോണിന് ലോക്ക് ഒന്നും വെച്ചിട്ടില്ല. ചിലപ്പോള്‍ ആരെങ്കിലും വിളിക്കുമ്പോള്‍ തെറ്റിദ്ധാരണയുണ്ടാക്കാം. വെറും ഒരു ലവ് ചിഹ്നം വന്നാല്‍ മതി. അത് ആണ് അയച്ചതാണോ പെണ്ണ് അയച്ചതാണോയെന്നൊന്നും മനസിലാവില്ലാല്ലോ.
ഒരു ദിവസം എന്റെ വണ്ടിയില്‍ നോക്കിയപ്പോള്‍ വലിയൊരു ചെമ്പന്‍ മുടി. അതായത് എന്റെ ഭാര്യ ഇരിക്കുന്ന സീറ്റിലാണ് മുടി കാണുന്നത്. എനിക്ക് പെട്ടെന്ന് ഒന്നും പറയാന്‍ കിട്ടിയില്ല.
എന്റെ അസിസ്റ്റന്റ് ജാസിമിന്റെ മുടിയാണെന്ന് അപ്പോഴാണ് മനസിലായത്. അവന് മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്. അതിന് ശേഷം ഞാന്‍ അവനോട് മുടി വെട്ടിക്കോയെന്ന് പറഞ്ഞു. ഇത് ജാസിമിന്റെ ആകും അല്ലെയെന്ന് എന്റെ ഭാര്യ തന്നെ പറഞ്ഞു. അതുകൊണ്ട് കുഴപ്പമുണ്ടായില്ല,” ടിനി ടോം പറഞ്ഞു.