Advertisement
Entertainment news
പൃഥ്വിരാജിന്റെ ലംബോര്‍ഗിനിയില്‍ കിടക്കണമെന്ന അവസ്ഥയാണ്, ചിട്ടിപിടിച്ചാണ് ഞാന്‍ ഒരു കാര്‍ വാങ്ങിയത്: ടിനി ടോം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 16, 08:35 am
Thursday, 16th March 2023, 2:05 pm

താന്‍ കാറ് വാങ്ങിയപ്പോള്‍ ചിലര്‍ വേദനിപ്പിക്കണമെന്ന് ആഗ്രഹിച്ചുകൊണ്ട് തന്റെ പോസ്റ്റുകളില്‍ കമന്റ് ചെയ്തിട്ടുണ്ടെന്ന് നടന്‍ ടിനി ടോം. ചിട്ടി പിടിച്ചാണ് താന്‍ കാറ് വാങ്ങിയതെന്നും ഭാര്യക്ക് താല്‍പര്യമില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സ്‌പോര്‍ട്‌സ് കാര്‍ വാങ്ങണമെന്നാണ് തന്റെ ആഗ്രഹമെന്നും പൃഥ്വിരാജിന്റെ ലംബോര്‍ഗിനിയില്‍ കയറി ഇരുന്നെങ്കിലും തനിക്ക് അനുയോജ്യമായി തോന്നിയില്ലെന്നും ടിനി ടോം പറഞ്ഞു. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഞാന്‍ കാറെടുത്തപ്പോള്‍ ചിലര്‍ വേദനിപ്പിക്കണം എന്നാഗ്രഹിച്ച് ചെയ്ത ചില കമന്റുകളുണ്ട്. ഇന്‍കം ടാക്‌സ് റെയ്ഡ് നടത്തണം എന്നെല്ലാം കമന്റ് ചെയ്തു. എനിക്കിതൊന്നും കണ്ടാല്‍ വേദനിക്കില്ല. ഞാന്‍ ചിട്ടിയെല്ലാം പിടിച്ചാണ് ഒരു വണ്ടി എടുത്തത്.

 

എന്റെ ഭാര്യ പറയും കാര്‍ വാങ്ങിച്ച നേരം ഒരു ഫ്‌ളാറ്റോ സ്ഥലമോ വാങ്ങിച്ചിരുന്നെങ്കില്‍ ഭാവിയിലേയ്ക്ക് ഗുണം ചെയ്‌തേനെയെന്ന്. പക്ഷെ നമ്മള്‍ ആഗ്രഹിക്കുക എന്നതാണ് പ്രധാനം.

ഞാന്‍ സീറോ ബാലന്‍സില്‍ നിന്നും ജീവിതം തുടങ്ങിയ ആളാണ്. എന്റെ വീട്ടില്‍ കാശില്ലാഞ്ഞിട്ടല്ല. ചില കാരണങ്ങള്‍ കൊണ്ട് ഒരു ഒറ്റമുറി വാടക വീട്ടിലേയ്ക്ക് താമസം മാറി ജീവിക്കേണ്ടി വന്നൊരാളാണ് ഞാന്‍.

യാതൊരു സിനിമാ പാരമ്പര്യവുമില്ലാത്ത എന്നെ ഈ നിലയിലെത്തിച്ചത് ആഗ്രഹമാണ്, കഴിവല്ല. ഈ വണ്ടി പോലും എന്നെ ഇങ്ങോട്ട് തേടി വന്നതാണ്. ഒരു പ്രായമുള്ള പുള്ളിക്ക് മകന്‍ സമ്മാനിച്ച വണ്ടി അദ്ദേഹത്തിനുപയോഗിക്കാന്‍ പറ്റാതെ വന്നപ്പോള്‍ എന്റെയൊരു സുഹൃത്ത് എന്നോട് വാങ്ങിക്കാന്‍ പറഞ്ഞു.

എനിക്കൊരു സ്‌പോര്‍ട്‌സ് കാര്‍ വേണം എന്നായിരുന്നു ആഗ്രഹം. പക്ഷെ കുറച്ച് നാള്‍ മുമ്പ് പൃഥ്വി വില്പനയ്ക്ക് വെച്ചിരുന്ന ലംബോര്‍ഗിനിയില്‍ കയറി ഇരുന്നു. എന്റെ വലിപ്പമുള്ള ഒരാള്‍ കിടക്കണം എന്ന അവസ്ഥയാണ് ആ കാറില്‍.

എന്നെപ്പോലെ അത്യാവശ്യം ശരീരമുള്ള ഒരാള്‍ക്ക് പറ്റുന്ന കാര്‍ മസ്താങാണ്. പക്ഷെ ഈ കാര്‍ സ്റ്റാര്‍ട്ട് ചെയ്താല്‍ വീട്ടിലെ പൂച്ചയ്ക്ക് പേടിയാണ്. അത് ഓടിപ്പോകും’ ടിനി ടോം പറഞ്ഞു.

content highlight: actor tini tom about his car