| Wednesday, 15th March 2023, 4:58 pm

സിനിമയില്‍ മയക്കുമരുന്നില്ലെന്ന് പറയുന്നത് വലിയ നുണ, ലാലേട്ടന്റെ വലം കയ്യായ ആന്റണി പെരുമ്പാവൂരിന്റെ കയ്യില്‍ ലിസ്റ്റുണ്ട്: ടിനി ടോം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമ മേഖലയില്‍ മയക്കുമരുന്നില്ലെന്ന് പറയുന്നത് വലിയ നുണയാണെന്ന് നടന്‍ ടിനി ടോം. പൊലീസിന്റെ കയ്യില്‍ ലഹരി ഉപയോഗിക്കുന്നവരുടെ മുഴുവന്‍ ലിസ്റ്റ് ഉണ്ടെന്നും ഒരാളെ പിടിച്ചാല്‍ മുഴുവന്‍ ആളുകളുടെയും ലിസ്റ്റ് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.

അങ്ങനെ നോക്കുകയാണെങ്കില്‍ ലൊക്കേഷനില്‍ ഫുള്‍ റെയ്ഡും ബഹളവുമായിരിക്കുമെന്നും സ്വസ്ഥമായി ഇരിക്കാന്‍ പോലും പറ്റില്ലെന്നും ടിനി ടോം പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”സിനിമയില്‍ മാത്രമല്ല എല്ലായിടത്തും ലഹരിയുണ്ട്. ഈ പോലീസുകാര്‍ മണ്ടന്മാരൊന്നുമല്ല. അവരുടെ കയ്യില്‍ ഫുള്‍ ലിസ്റ്റുണ്ട്. ലാലേട്ടന്റെ വലം കയ്യായ ആന്റണി പെരുമ്പാവൂരിന്റെ കയ്യില്‍ പൊലീസ് കൊടുത്ത ഫുള്‍ ലിസ്റ്റ് ഉണ്ട്. പൊലീസ് കൊടുത്ത വിവരങ്ങളുണ്ട്.

ഏത് സമയവും സൂക്ഷിച്ചില്ലെങ്കില്‍ പ്രശ്‌നമായിരിക്കും. ആരൊക്കെ എന്തൊക്കെയാണെന്ന ഫുള്‍ ലിസ്റ്റ് അവരുടെ കയ്യിലുണ്ട്. ഒരാളെ പിടിച്ചാല്‍ കംപ്ലീറ്റ് ആളുകളുടെ ലിസ്റ്റ് കിട്ടും. പക്ഷെ കലാകാരന്മാരോടുള്ള ഇഷ്ടവും നമ്മുടെ സ്വാതന്ത്ര്യവും കൊണ്ട് മാത്രമാണ് ഈ ലിസ്റ്റുമായിട്ട് മുന്നോട്ട് പോകാത്തത്. അല്ലെങ്കില്‍ പിന്നെ ലൊക്കേഷനില്‍ ഫുള്‍ റെയ്ഡും ബഹളവുമായിരിക്കും. നമുക്ക് ഒന്നും സ്വസ്ഥമായിട്ട് ഇരിക്കാന്‍ പറ്റില്ല.

അപ്പോള്‍ സിനിമ മേഖലയില്‍ മയക്കുമരുന്നില്ല എന്ന് പറയുന്നുണ്ടെങ്കില്‍ ഞാന്‍ പറയും അത് ഏറ്റവും വലിയ നുണയായിരിക്കുമെന്ന്. സിനിമാ മേഖലയില്‍ മാത്രമല്ല, നമ്മള്‍ പോകുന്ന പല മേഖലകളിലും നമ്മള്‍ ഇതാണ് കാണുന്നത്.

പൊലീസിന്റെ സ്‌ക്വാഡായ യോദ്ധാവ് എന്ന് പറയുന്നതിന്റെ അമ്പാസിഡറായിട്ട് വര്‍ക്ക് ചെയ്യുന്ന ഒരാളാണ് ഞാന്‍. അവരെനിക്ക് കൃത്യമായ ഇന്‍ഫര്‍മേഷന്‍ തന്നിട്ടുണ്ട്.

പൊലീസുകാര്‍ പെട്ടെന്ന് ഒരു നടപടിയെടുത്താല്‍ എല്ലാവരും കുടുങ്ങും. കുടുങ്ങലല്ല ഇവിടത്തെ പ്രശ്‌നം നമ്മുടെ ജീവിതമാണ് കയ്യില്‍ നിന്ന് പോകുക. അപ്പനെയും അമ്മയേയും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയായിരിക്കും. കെമിക്കല്‍ ഉപയോഗിക്കുമ്പോള്‍ പല്ലൊക്കെ കൊഴിഞ്ഞ് തുടങ്ങുമെന്നാണ് അറിയുന്നത്,” ടിനി ടോം പറഞ്ഞു.

content highlight: actor tini tom about film industry

We use cookies to give you the best possible experience. Learn more